Kerala

ഹൃദയം മാറ്റിവെച്ച് ജീവിതം തിരികെ പിടിച്ച് ഗിരീഷ്; അഞ്ചാം വാര്‍ഷികം ആഘോഷമാക്കി ആശുപത്രി അധികൃതര്‍

ഐ ടി വിദഗ്ധനായ പാലക്കാട് സ്വദേശി ഗിരീഷ് കുമാര്‍ മുപ്പത്തിയെട്ടാം വയസിലാണ് ആദ്യ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നത്. ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ് കാര്‍ഡിയോ മയോപതി ആയിരുന്നു അസുഖം. ക്രോണിക് ആങ്കിലോസിങ്ങ് സ്പോണ്ടിലോസിസ് എന്ന അസുഖം കൂടി ഉണ്ടായിരുന്ന ഗിരീഷ് കുറച്ചു മാസങ്ങള്‍ക്കുശേഷം എടുപ്പെല്ല് (ഹിപ്പ്) മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായി. സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുമ്പോഴാണ് ഹൃദയവാല്‍വിന് അണുബാധയുണ്ടായതിനെ തുടര്‍ന്ന് ലിസി ആശുപത്രിയില്‍ പ്രവേശിപ്പിക്കപെടുന്നത്.

ഹൃദയം മാറ്റിവെച്ച് ജീവിതം തിരികെ പിടിച്ച് ഗിരീഷ്; അഞ്ചാം വാര്‍ഷികം  ആഘോഷമാക്കി ആശുപത്രി അധികൃതര്‍
X
എറണാകുളം ലിസി ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ഗീരീഷ് കുമാറിന്റെ നെഞ്ചില്‍ ചെവിചേര്‍ത്ത് ഹൃദയമിടിപ്പ് കേള്‍ക്കുന്ന നടന്‍ ജയസൂര്യ

കൊച്ചി: ' അനുയോജ്യമായ ഹൃദയം ലഭിക്കുകയാണെങ്കില്‍ രണ്ടാമതും ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുവാന്‍ ഞാന്‍ തയ്യാറാണ്.' അഞ്ചുവര്‍ഷം മുന്‍പ് ലിസി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍വച്ച് ഗിരീഷ് കുമാര്‍ പറഞ്ഞ ഈ വാക്കുകള്‍ ഇന്നലെയെന്നപോലെ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ കാതുകളില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ട്. ഗിരീഷിന്റെ വാക്കുകള്‍ കേട്ടശേഷം കണ്‍സള്‍ട്ടിംഗ് റൂമിലെത്തിയ ഡോക്ടര്‍ ഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണം എന്ന ചിന്തയിലായിരുന്നു.

ഐ ടി വിദഗ്ധനായ പാലക്കാട് സ്വദേശി ഗിരീഷ് കുമാര്‍ മുപ്പത്തിയെട്ടാം വയസിലാണ് ആദ്യ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നത്. ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ് കാര്‍ഡിയോ മയോപതി ആയിരുന്നു അസുഖം. ക്രോണിക് ആങ്കിലോസിങ്ങ് സ്പോണ്ടിലോസിസ് എന്ന അസുഖം കൂടി ഉണ്ടായിരുന്ന ഗിരീഷ് കുറച്ചു മാസങ്ങള്‍ക്കുശേഷം എടുപ്പെല്ല് (ഹിപ്പ്) മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായി. സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുമ്പോഴാണ് ഹൃദയവാല്‍വിന് അണുബാധയുണ്ടായതിനെ തുടര്‍ന്ന് ലിസി ആശുപത്രിയില്‍ പ്രവേശിപ്പിക്കപെടുന്നത്. ആശുപത്രിയിലായിരിക്കെ ഹൃദയസ്തംഭനം ഉണ്ടായെങ്കിലും ഡോക്ടര്‍മാരുടെ സമയോചിതമായ ഇടപെടല്‍ മൂലം ഗിരീഷ് ജീവിതത്തിലേക്ക് മടങ്ങിയെത്തി. തുടര്‍ന്ന് ഗിരീഷിനോടും ബന്ധുക്കളോടും വിശദമായി സംസാരിച്ച ഡോക്ടര്‍ വസ്തുതകള്‍ അവരെ ബോധ്യപ്പെടുത്തി. ഒന്നുകില്‍ വാല്‍വ് മാറ്റിവയ്ക്കുക അല്ലെങ്കില്‍ ഹൃദയം മാറ്റിവയ്ക്കുക. വാല്‍വ് മാറ്റിവെച്ചാല്‍ വീണ്ടും അണുബാധയുണ്ടാകുവാന്‍ സാധ്യത ഏറെയാണ്. മാറ്റിവയ്ക്കുവാന്‍ വേഗത്തില്‍ ഒരു ഹൃദയം ലഭിക്കുവാനുള്ള സാധ്യതയെക്കുറിച്ച് ഒന്നും പറയുവാന്‍ സാധിക്കില്ലെന്നും ഡോക്ടര്‍ പറഞ്ഞു.തുടര്‍ന്നാണ് താന്‍ രണ്ടാമതും ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുവാന്‍ തയാറാണെന്ന് ഗിരീഷ് കുമാര്‍ പറഞ്ഞത്.ഈ തീരുമാനം പറഞ്ഞതിനുശേഷം വീണ്ടും ഹൃദയസ്തംഭനം ഉണ്ടാകുകയും ഗിരീഷിനെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു.

ഗിരീഷിനെ വെന്റിലേറ്ററിലേക്ക് മാറ്റിയശേഷം ഇനി എന്തുചെയ്യണമെന്നറിയാതെ വിഷണ്ണനായിരുന്ന സമയത്താണ് ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന് സംസ്ഥാന സര്‍ക്കാരിന്റെ കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിംഗ് (ഗചഛട)-ല്‍നിന്നും ആ സന്ദേശം എത്തിയത്. ലേക്ഷോര്‍ ആശുപത്രിയില്‍ മസ്തിഷ്‌ക്ക മരണം സംഭവിച്ച ആലപ്പുഴ സ്വദേശിയുടെ ബന്ധുക്കള്‍ അവയവദാനത്തിന് തയ്യാറാണെന്നതായിരുന്നു അത്. തുടര്‍ന്ന് ലിസി ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ സംഘം ലേക്ഷോറില്‍ എത്തി. ദാതാവിന്റെ ഹൃദയം വിശദമായി പരിശോധിച്ച് ഗിരീഷിന് അനുയോജ്യമാണെന്ന് കണ്ടെത്തുകയും ഹൃദയം മാറ്റിവയ്ക്കുന്നതിനുവേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു. പത്തുമണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഗിരീഷിനെ ജീവിതത്തിലേക്കു തിരികെയെത്തിച്ചത്.

ലോകത്തുതന്നെ വളരെ അപൂര്‍വ്വമായി മാത്രം ചെയ്തിട്ടുള്ള ഈ ശസ്ത്രക്രിയ സാങ്കേതികമായി വളരെ വിഷമം പിടിച്ചതായിരുന്നു. ഡോ. റോണി മാത്യു കടവില്‍, ഡോ. ജേക്കബ് എബ്രഹാം, ഡോ. ജോ ജോസഫ്, ഡോ. ഭാസ്‌ക്കര്‍ രംഗനാഥന്‍, ഡോ. ജീവേഷ് ജെ. തോമസ്, ഡോ. സൈമണ്‍ ഫിലിപ്പോസ്, ഡോ. ജോബ് വില്‍സണ്‍, ഡോ. ഗ്രേസ്മരിയ, ഡോ. ആന്റണി ജോര്‍ജ്ജ് എന്നിവര്‍ ശസ്ത്രക്രിയയിലും തുടര്‍ ചികില്‍സയിലും നിര്‍ണായകമായ പങ്കുവഹിച്ചു.

അടുത്തിടെ വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കും ഗിരീഷ് വിധേയനായിരുന്നു. അങ്ങനെ സാധാരണ മനുഷ്യന് സങ്കല്‍പ്പിക്കുവാന്‍ കഴിയാത്ത ശാരീരകമായ ബുദ്ധിമുട്ടുകള്‍ വന്നപ്പോഴെല്ലാം അതേക്കുറിച്ച് വളരെയധികം പഠനം നടത്തി മനസ്സിലാക്കുകയും അതിനനുസരിച്ച് തീരുമാനങ്ങള്‍ എടുത്ത് മുന്നോട്ടു പോയി പ്രതിസന്ധികളെ അതിജീവിക്കുകയും ചെയ്ത ജീവിത കഥയാണ് ഗിരീഷിന്റേത്. ഇതിനിടയില്‍ ഐ.ടി. വിദഗ്ധനെന്ന നിലയില്‍ ജോലി അര്‍പ്പണബോധത്തോടെ തുടരുകയും ചികിത്സയ്ക്കുള്ള സാമ്പത്തിക ചെലവുകള്‍ സ്വന്തമായി ഗിരീഷ് കണ്ടെത്തുകയും ചെയ്യുന്നുണ്ട്. ഗിരീഷിന്റെ പുതുജീവിതത്തിന്റെ അഞ്ചാം വാര്‍ഷികം ലിസി ആശുപത്രി ആഘോഷമാക്കി. ചടങ്ങില്‍ ചലച്ചിത്ര ജയസൂര്യയും എത്തി.അസി. ഡയറക്ടര്‍മാരായ ഫാ. അജോ മൂത്തേടന്‍, ഫാ. ജെറി ഞാളിയത്ത്, ഫാ. ആന്റോ ചാലിശ്ശേരി, ഫാ. ജോസഫ് മാക്കോതക്കാട്ട്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ബാബു ഫ്രാന്‍സിസ്, ചികില്‍സയ്ക്കു നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍, സ്റ്റാഫ് അംഗങ്ങള്‍ എന്നിവരും ചടങ്ങിനെത്തിയിരുന്നു.

Next Story

RELATED STORIES

Share it