Kerala

ദുരിതപ്പെയ്ത്ത് തുടരുന്നു; നാല് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്, രാജമലയില്‍ തിരച്ചില്‍ പുനരാരംഭിച്ചു

ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും.

ദുരിതപ്പെയ്ത്ത് തുടരുന്നു; നാല് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്, രാജമലയില്‍ തിരച്ചില്‍ പുനരാരംഭിച്ചു
X

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരന്തം വിതച്ച് കനത്ത മഴ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും നിരവധി ജീവനുകളാണ് പൊലിഞ്ഞത്. ഇന്നും നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും. അടുത്ത മൂന്നുമണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ചിലയിടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. നാളെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇത് ശക്തമാവാന്‍ സാധ്യതയില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. പല ജില്ലകളിലും പ്രളയസാഹചര്യമാണുള്ളത്. താഴ്ന്ന പ്രദേശങ്ങളെല്ലാം പൂര്‍ണമായും വെള്ളത്തിലായി. ദുരിതബാധിതരെ ക്യാംപുകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. കനത്ത മഴയില്‍ ഉരുള്‍ പൊട്ടിയതിനെത്തുടര്‍ന്ന് നദികളിലെ ജലനിരപ്പ് ഉയര്‍ന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. സംഭരണശേഷി കവിഞ്ഞതിനെത്തുടര്‍ന്ന് ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. ഇതും വെള്ളപ്പൊക്കത്തിനിടയാക്കിയിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് അപകരമാംവിധം ഉയരുകയാണ്. അണക്കെട്ടിലെ ജലനിരപ്പ് 132 അടിയിലെത്തിയതോടെ ആദ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. 136 അടിയിലെത്തിയാല്‍ രണ്ടാം നിര്‍ദേശം നല്‍കും. 142 അടിയാണ് അണക്കെട്ടിലെ അനുവദനീയമായ സംഭരണശേഷി. ഈ ഘട്ടത്തിലെത്തിയാല്‍ സ്പില്‍വെഷട്ടറുകളിലൂടെ വെള്ളം പുറത്തേക്ക് ഒഴുക്കും. പെരിയാറിന്റെ തീരത്തുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ്. ചപ്പാത്ത്, വള്ളക്കടവ്, ഉപ്പുതറ തുടങ്ങിയ മേഖലകളിലെ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു. മഴ കനത്തതോടെ രണ്ടുദിവസത്തിനിടെ പത്ത് അടിയോളം വെള്ളമാണ് അണക്കെട്ടില്‍ ഉയര്‍ന്നത്. സെക്കന്റില്‍ പതിനാലായിരം ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.

വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്യുന്നതാണ് ജലനിരപ്പ് ക്രമാതീതമായി ഉയരാനുള്ള കാരണം. കണ്ണൂരിലെ മലയോര മേഖലകളില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്. പേരാവൂരില്‍ ഉരുള്‍പൊട്ടിയതിനെത്തുടര്‍ന്ന് ശ്രീകണ്ഠാപുരം, ചെങ്ങളായി, പൊടിക്കളം തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളം കയറി. തളിപ്പറമ്പ ഇരിട്ടി സംസ്ഥാന പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. ശ്രീകണ്ഠാപുരം ടൗണിലെ വ്യാപാരസ്ഥാപനങ്ങള്‍ വെള്ളത്തിലായി. ചെങ്ങളായി മേഖലയില്‍ വീടുകള്‍ വെള്ളത്തിനടിയിലാണ്. നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കോഴിക്കോട് ജില്ലയിലെ കക്കയം വനമേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായി. ഒമ്പത് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കനത്ത മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടല്‍ പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചെങ്കിലും ആളപായമുണ്ടായില്ല.

കക്കയം ഒന്നാം പാലത്തിനടുത്തുള്ള ഒമ്പത് കുടുംബങ്ങളെയാണ് ബന്ധുവീടുകളിലേക്കു മാറ്റിപ്പാര്‍പ്പിച്ചത്. റാന്നി നഗരത്തില്‍ വെള്ളം കൂടി. ആറന്‍മുള കോഴഞ്ചേരി മേഖലകളിലും വെള്ളം കയറിത്തുടങ്ങി. പത്തനംതിടയില്‍ രാത്രി മുതല്‍ മഴ പെയ്യുന്നുണ്ട്. നദികളില്‍ ജലനിരപ്പ് ഉയരുകയാണ്. കിഴക്കന്‍ മേഖലയില്‍ നദിയില്‍ ജലനിരപ്പ് താഴ്ന്നു. ജില്ലയില്‍ 17 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. മണിയാര്‍, മൂഴിയാര്‍ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നിരിക്കുകയാണ്. ചെങ്ങന്നൂര്‍ പുത്തന്‍കാവ് ഭാഗത്ത് പമ്പയാര്‍ കരകവിഞ്ഞു.

റോഡിലും വീടുകളിലും വെള്ളം കയറി. ചെങ്ങന്നൂര്‍ കോഴഞ്ചേരി പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. വീടുകളില്‍നിന്ന് ആളുകള്‍ മറ്റിടങ്ങളിലേക്ക് മാറി. അപ്പര്‍കുട്ടനാട് മേഖലയിലും രൂക്ഷമായ വെള്ളക്കെട്ടാണ്. തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയില്‍ ഇരുന്നൂറിലേറെ വീടുകള്‍ക്ക് കേടുപാടുണ്ടായി. 37 വീടുകള്‍ പൂര്‍ണമായും 182 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഏഴ് ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിച്ചിട്ടുണ്ട്. 154 കുടുംബങ്ങള്‍ ഉള്‍പ്പടെ 582 പേരെ ദുരിതാശ്വാസ ക്യാംപുകളില്‍ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ശംഖുമുഖത്ത് ഇന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ രണ്ടു വീടുകള്‍ ഭാഗികമായി തകര്‍ന്നു.

മഴക്കെടുതിയില്‍ 5,348 ഹെക്ടര്‍ കൃഷിനാശം സംഭവിച്ചതായും ജില്ലാഭരണകൂടം അറിയിച്ചു. അതേസമയം, 18 പേര്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ച പെട്ടിമുടി രാജമല ദുരന്തഭൂമിയില്‍ രണ്ടാം ദിവസത്തെ തിരച്ചില്‍ തുടങ്ങി. അരക്കോണത്തുനിന്നുള്ള 58 അംഗ എന്‍ഡിആര്‍എഫ് സംഘമാണ് തിരച്ചിലിന് നേതൃത്വം കൊടുക്കുന്നത്. മന്ത്രി എം എം മണി ഉടന്‍ മൂന്നാറിലെത്തും.

Next Story

RELATED STORIES

Share it