Kerala

സംസ്ഥാനത്ത് റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സ്വീകരിച്ചിട്ടുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ സംബന്ധിച്ചു വിശദീകരണം നല്‍കണം; സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം

സംസ്ഥാനത്ത് റോഡ് പണി നടക്കുന്ന സ്ഥലങ്ങളിലെ അപകടങ്ങള്‍ സര്‍വ്വസാധാരണമായിരിക്കുകയാണെന്നു കോടതി വ്യക്തമാക്കി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ ആവശ്യത്തിനുള്ള ലൈറ്റ് സംവിധാനങ്ങളും മുന്നറിയിപ്പ് അടയങ്ങളങ്ങളുമില്ലാത്തതാണ് അപകടങ്ങള്‍ക്ക് കാരണമെന്നു കോടതി വ്യക്തമാക്കി

സംസ്ഥാനത്ത് റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സ്വീകരിച്ചിട്ടുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ സംബന്ധിച്ചു വിശദീകരണം നല്‍കണം; സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം
X

കൊച്ചി: സംസ്ഥാനത്ത് നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സ്വീകരിച്ചിട്ടുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ സംബന്ധിച്ചു വിശദീകരണം നല്‍കണമെന്നു ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കി. നിര്‍മ്മാണ സ്ഥലങ്ങളില്‍ സ്വീകരിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്നു കൃത്യമായി ബോധിപ്പിക്കണമെന്നു സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. സംസ്ഥാനത്ത് റോഡ് പണി നടക്കുന്ന സ്ഥലങ്ങളിലെ അപകടങ്ങള്‍ സര്‍വ്വസാധാരണമായിരിക്കുകയാണെന്നു കോടതി വ്യക്തമാക്കി.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ ആവശ്യത്തിനുള്ള ലൈറ്റ് സംവിധാനങ്ങളും മുന്നറിയിപ്പ് അടയങ്ങളങ്ങളുമില്ലാത്തതാണ് അപകടങ്ങള്‍ക്ക് കാരണമെന്നു കോടതി വ്യക്തമാക്കി. പിഡബ്യുഡി ഉള്‍പ്പെടെയുള്ള റോഡ് നിര്‍മാണ വിഭാഗങ്ങള്‍ എത്രയും പെട്ടെന്നു അപകടങ്ങള്‍ ഒഴിവാക്കുന്ന രീതിയില്‍ ഇടപെടല്‍ നടത്തണമെന്നു കോടതി നിര്‍ദ്ദേശിച്ചു. റോഡ് നിര്‍മാണ സ്ഥലത്തുണ്ടായ അപകടത്തിനു കാരണം മുന്നറിയിപ്പ് അടയാളങ്ങള്‍ ഇല്ലാത്തതാണെന്ന അഡ്വ. ജോമി ജോര്‍ജിന്റെ വാദത്തെ തുടര്‍ന്നാണ് കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയത്.

അഡ്വ. എസ് കൃഷ്ണയെ കേസുമായി ബന്ധപ്പെട്ടു അമിക്കസ് ക്യുറിയായി നിയമിച്ചിരുന്നു. കരാര്‍കാര്‍ ഉള്‍പ്പെടെയുള്ളവരോട് വിവിധ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നു നിര്‍ദ്ദേശിച്ചുകൊണ്ടു വിവിധ നടപടികള്‍ ആവിഷ്‌കരിച്ചുവരുകയാണെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. അപകടങ്ങള്‍ ഒഴിവാക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാനാവുമോ അതൊക്കെ എത്രയും പെട്ടെന്നു ചെയ്യണമെന്നു കോടതി വ്യക്തമാക്കി. കേസ് ജൂണ്‍ 23 നു വീണ്ടും പരിഗണിക്കാന്‍ മാറ്റി.

Next Story

RELATED STORIES

Share it