Kerala

മനുഷ്യക്കടത്ത്: ബോട്ടിലുണ്ടായിരുന്നത് ശ്രീലങ്കയിലെ തമിഴ്‌വംശജരെന്ന് നിഗമനം; കൊണ്ടുപോയവരെ തിരിച്ചറിഞ്ഞെന്ന് ഐജി

43 അംഗ സംഘം തങ്ങിയ ചെറായി, ചോറ്റാനിക്കര എന്നിവിടങ്ങളിലെ റിസോട്ടുകളിലും ഹോട്ടലുകളിലും പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തി. ആസ്‌ത്രേലിയയിലേക്ക് കുടിയേറാനായാണ് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള സംഘം മുനമ്പത്ത് എത്തിയതെന്നാണ് രഹസ്യാന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

മനുഷ്യക്കടത്ത്: ബോട്ടിലുണ്ടായിരുന്നത് ശ്രീലങ്കയിലെ തമിഴ്‌വംശജരെന്ന് നിഗമനം; കൊണ്ടുപോയവരെ തിരിച്ചറിഞ്ഞെന്ന് ഐജി
X

കൊച്ചി: മുനമ്പത്തുനിന്ന് മല്‍സ്യബന്ധന ബോട്ടില്‍ കടന്നത് ശ്രീലങ്കയിലെ തമിഴ്‌വംശജരെന്ന്് പോലിസ് നിഗമനം. സംഘത്തിലുള്ളവരെക്കുറിച്ചും ഇവരെ കൊണ്ടുപോയവരെക്കുറിച്ചും വിവരം ലഭിച്ചതായി എറണാകൂളം റേഞ്ച് ഐജി വിജയ് സാഖറെ പറഞ്ഞു. വിവരം കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ഇവരെ കണ്ടെത്താന്‍ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. 43 അംഗ സംഘം തങ്ങിയ ചെറായി, ചോറ്റാനിക്കര എന്നിവിടങ്ങളിലെ റിസോട്ടുകളിലും ഹോട്ടലുകളിലും പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തി. ആസ്‌ത്രേലിയയിലേക്ക് കുടിയേറാനായാണ് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള സംഘം മുനമ്പത്ത് എത്തിയതെന്നാണ് രഹസ്യാന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഇവര്‍ മല്‍സ്യബന്ധന ബോട്ടില്‍ പുറംകടലിലെത്തിയിട്ടുണ്ടാവുമെന്നാണ് സൂചന.

സംഘത്തെ കണ്ടെത്താനായി തീരസംരക്ഷണ സേനയും നാവികസേനയും ഊര്‍ജിതമായി തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. സംഭവത്തെ കുറിച്ച് ദേശീയ, രാജ്യാന്തര അന്വേഷണ എജന്‍സികള്‍ പോലിസില്‍നിന്നും വിവരം ശേഖരിച്ചു. കൊടുങ്ങല്ലൂര്‍, മുനമ്പം, മാല്യങ്കര എന്നിവിടങ്ങളില്‍നിന്നും ലഭിച്ച 73 ബാഗുകള്‍ പോലിസ് പരിശോധിച്ചു. ഇതില്‍ ശ്രീലങ്കന്‍ സ്വദേശികളായ രണ്ടുപേരുടെ ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. സിംഹള ഭാഷയിലാണ് എഴുത്ത്. ചെറായിയിലെ റിസോട്ടില്‍ സംഘം നല്‍കിയ മേല്‍വിലാസം ഡല്‍ഹിയിലേതാണ്. സംഘം ശ്രീലങ്കയില്‍ നിന്നും ഡല്‍ഹിയിലെത്തിയശേഷം അവിടെ നിന്നും ചെന്നൈ വഴി കൊച്ചിയിലും തുടര്‍ന്ന് മുനമ്പത്തും എത്തിയെന്നാണ് പോലിസ് കരുതുന്നത്. സംഘം കടന്നുവെന്ന് സംശയിക്കുന്ന ബോട്ട് സൂക്ഷിച്ചിരുന്ന മുനമ്പത്തെ യാര്‍ഡിലും പോലിസ് പരിശോധന നടത്തി. വിനോദസഞ്ചാരികളെന്ന പേരില്‍ ചെറായിയിലെത്തിയ സംഘം ക്ഷേത്രദര്‍ശനത്തിനെന്ന പേരിലാണ് ചോറ്റാനിക്കരയിലെത്തിയത്.

മുനമ്പത്തുനിന്നും കണ്ടെത്തിയ ബാഗില്‍ ചെറിയ സ്വര്‍ണവളകള്‍ കണ്ടെത്തി. സംഘത്തിലുണ്ടായിരുന്ന ഡല്‍ഹി സ്വദേശി പൂജയെന്ന യുവതി ചോറ്റാനിക്കരയിലെ സ്വകാര്യാശുപത്രിയില്‍ പ്രസവിച്ചിരുന്നു. വളകള്‍ നവജാതശിശുവിന് സമ്മാനമായി നല്‍കിയതാവാമെന്ന് കരുതുന്നു. ഡിസംബര്‍ 28 നാണ് ചോറ്റാനിക്കരയില്‍ സംഘമെത്തിയത്. യുവതിയെ 31ന് ആശുപത്രിയില്‍ പ്രവേശിച്ചു. ഒന്നിന് പ്രസവിച്ചു. നാലിന് ഡിസ്ചാര്‍ജ് ആയി. തുടര്‍ന്ന് ചെറായിയിലെത്തി ഒരുമാസത്തെ മരുന്നുവാങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്നവര്‍ ഒരുമിച്ച് പിരിവെടുത്തായിരിക്കും മല്‍സ്യബന്ധന ബോട്ട് വാങ്ങിയതെന്നും പോലിസ് സംശയിക്കുന്നു. 1.20 കോടി രൂപയ്ക്കാണ് ബോട്ട് വാങ്ങിയത്. 12,000 ലിറ്റര്‍ ഡീസലും വാങ്ങി.സംഘം ബാഗുകള്‍ ഉപേക്ഷിച്ചുപോവാനുള്ള സാഹചര്യമെന്തെന്നാണ് പോലിസ് പരിശോധിക്കുന്നത്. ഒരുപക്ഷേ ബോട്ടില്‍ ആവശ്യത്തിലധികം ഭാരം കയറ്റുന്നത് കുറയ്ക്കാനായിരിക്കും അവ ഉപേക്ഷിച്ചതെന്നാണ് പോലിസ് കരുതുന്നത്.






Next Story

RELATED STORIES

Share it