Kerala

ചുഴലിക്കാറ്റ്: മുന്‍കരുതല്‍ ഇങ്ങനെ

അഭ്യൂഹങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം. അടിയന്തരസാഹചര്യത്തില്‍ സഹായത്തിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുമായി 1077 എന്ന നമ്പരിലും ചുവടെ കൊടുത്തിരിക്കുന്ന കണ്‍ട്രോള്‍ റൂം നമ്പരുകളിലും ബന്ധപ്പെടാം.

ചുഴലിക്കാറ്റ്: മുന്‍കരുതല്‍ ഇങ്ങനെ
X

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം മൂലം ശക്തമായ കാറ്റുണ്ടാവാന്‍ ഇടയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

അടിയന്തരസാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിന് ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുള്ള എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി സൂക്ഷിക്കണം. കുട്ടികള്‍, വയോധികര്‍, കിടപ്പുരോഗികള്‍ ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍, ഭിന്നശേഷിക്കാര്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുക.

വീടുകളുടെയും കെട്ടിടങ്ങളുടെയും ജനാലകളുടെ കൊളുത്ത് ഇടുക. വാതിലുകളും ഷട്ടറുകളും അടയ്ക്കുക. വീട്ടില്‍നിന്ന് മാറേണ്ട സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സര്‍ക്കാര്‍ തയ്യാറാക്കുന്ന ക്യാംപുകളിലേക്കോ ബന്ധുവീടുകളിലേക്കോ എമര്‍ജന്‍സി കിറ്റുമായി മാറുക.

മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ്, യുപിഎസ്, ഇന്‍വെര്‍ട്ടര്‍ എന്നിവ ചാര്‍ജ ചെയ്ത് സൂക്ഷിക്കണം. മലയോരം, വനമേഖല, വെള്ളച്ചാട്ടങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളിലൂടെയുള്ള വാഹനയാത്ര ഒഴിവാക്കണം.

അപകടകരമായ നിലയിലുള്ള വൃക്ഷങ്ങള്‍ മുറിച്ചുമാറ്റുകയും അപകട സാധ്യതയുള്ള ശിഖരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യുക. വളര്‍ത്തുമൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. അടിയന്തര സാഹചര്യങ്ങളില്‍ അവയെ കെട്ടിയിടുകയോ കൂട്ടില്‍ അടച്ചിടുകയോ ചെയ്യരുത്.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരുകാരണവശാലും നദികള്‍ മുറിച്ചുകടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടില്ല.

ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കയോ കൂട്ടംകൂടി നില്‍ക്കുകയോ ചെയ്യരുത്

അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം.

മലയോരമേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കുക.

ഔദ്യോഗിക അറിയിപ്പുകള്‍ ശ്രദ്ധിക്കുക. www.sdma.kerala.gov.in, www.imdtvm.gov.in എന്നീ വെബ്‌സൈറ്റുകളില്‍ അറിയിപ്പുകള്‍ ലഭ്യമാണ്. അതത് സമയത്തെ വിവരങ്ങള്‍ അറിയുന്നതിന് വാര്‍ത്താമാധ്യമങ്ങളും പരിശോധിക്കുക.

അഭ്യൂഹങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം. അടിയന്തരസാഹചര്യത്തില്‍ സഹായത്തിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുമായി 1077 എന്ന നമ്പരിലും ചുവടെ കൊടുത്തിരിക്കുന്ന കണ്‍ട്രോള്‍ റൂം നമ്പരുകളിലും ബന്ധപ്പെടാം.

കോട്ടയം കലക്ടറേറ്റ് കണ്‍ട്രോള്‍ റൂം -0481 2566300, 2565400, 2585500, 9446562236, കോട്ടയം താലൂക്ക് -0481 2568007, ചങ്ങനാശേരി -04812420037, മീനച്ചില്‍-048222 12325, വൈക്കം -04829231331, കാഞ്ഞിരപ്പള്ളി -04828 202331

Next Story

RELATED STORIES

Share it