Kerala

മതവികാരം വ്രണപ്പെടുത്തി': വഖഫ് ബോര്‍ഡിനെതിരായ പരാമര്‍ശത്തില്‍ സുരേഷ് ഗോപിക്കെതിരെ പരാതി

മതവികാരം വ്രണപ്പെടുത്തി: വഖഫ് ബോര്‍ഡിനെതിരായ പരാമര്‍ശത്തില്‍ സുരേഷ് ഗോപിക്കെതിരെ പരാതി
X

തിരുവനന്തപുരം: വഖഫ് ബോര്‍ഡിനെതിരെയുള്ള പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്. മതവികാരം വ്രണപ്പെടുത്തിയെന്നും കലാപാഹ്വാനം നടത്തിയെന്നും ചൂണ്ടിക്കാട്ടി കെപിസിസി മീഡിയ പാനലിസ്റ്റ് വി.ആര്‍.അനൂപാണ് വയനാട് കമ്പളക്കാട് പോലിസില്‍ പരാതി നല്‍കിയത്. വഖഫ് ബോര്‍ഡ് കിരാതമാണെന്നും അതിനെ പൂട്ടിക്കെട്ടുമെന്നുമാണ് വയനാട് ലോക്‌സഭ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുരേഷ് ഗോപി പറഞ്ഞത്.

സുരേഷ് ഗോപിയുടെ പരാമര്‍ശങ്ങള്‍ മതവികാരം വ്രണപ്പെടുത്തുന്നതും രണ്ട് മതവിഭാഗങ്ങളെ സംഘര്‍ഷത്തിലേക്ക് വലിച്ചിഴയ്ക്കുന്നതുമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സമൂഹത്തിലെ ഐക്യം തകര്‍ക്കുന്നതും കലാപാഹ്വാനം നടത്തുന്നതുമാണ് പരാമര്‍ശമെന്നും പരാതിയിലുണ്ട്.

നാലക്ഷര ബോര്‍ഡ് ഭീകരനെ പാര്‍ലമെന്റില്‍ തളയ്ക്കുമെന്നാണ് വഖഫ് ബോര്‍ഡിനെ മുന്‍നിര്‍ത്തി സുരേഷ് ഗോപി പറഞ്ഞത്. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ക്ക് അങ്കലാപ്പാണ്. അവരുടെയൊക്കെ രാഷ്ട്രീയ അസ്ഥിത്വത്തെ ചോദ്യം ചെയ്യുന്ന പ്രവര്‍ത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. അവര്‍ക്ക് എതിര്‍നീക്കം നടത്താന്‍ സാധിക്കാത്ത ഗതികെട്ട അവസ്ഥയാണ്.

കോടതിക്ക് പുറത്തുവച്ച് തീര്‍ക്കാമെന്നാണ് അവര്‍ മുനമ്പത്ത് ചെന്ന് പറഞ്ഞത്. വലിയ തട്ടിപ്പാണത്. ഏതു കോടതി എന്നാണ് അവര്‍ ഉദ്ദേശിച്ചത്. ആ ബോര്‍ഡിന്റെ കോടതിയോ ? അതിന് പുല്ലുവില നല്‍കില്ല. ഒരു കോടതിക്ക് പുറത്തുവച്ചും തീര്‍ക്കേണ്ട. ഞങ്ങള്‍ അത് ഇന്ത്യന്‍ പാര്‍ലമെന്റില്‍ വച്ച് തീര്‍ത്തോളാം. ബില്‍ പുല്ലുപോലെ പാസാക്കാമായിരുന്നു. എന്നാല്‍ രാഷ്ട്രീയ മര്യാദയുടെ പേരിലാണ് ജോയിന്റ് പാര്‍ലമെന്റ് കൗണ്‍സിലിന് വിട്ടത്. അടുത്ത സമ്മേളനത്തില്‍ ഇതിന് തീര്‍പ്പ് വരും. കിരാത വാഴ്ച മുളച്ചുവരാന്‍ പോലും അനുവദിക്കില്ലാ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.




Next Story

RELATED STORIES

Share it