Kerala

സിഎഎയ്‌ക്കെതിരായ സമരങ്ങളില്‍ നുഴഞ്ഞുകയറ്റം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഹിന്ദു വോട്ടുകള്‍ ലക്ഷ്യംവച്ചെന്ന് മുല്ലപ്പള്ളി

ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളിലും പോലിസിലെ ആയുധങ്ങള്‍ കാണാതായ സംഭവത്തിലും സിബിഐ അന്വേഷണം വേണം. അഴിമതി മൂടിവയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. സിഎജി റിപോര്‍ട്ടില്‍ ഡിജിപിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ അതീവഗൗരവതരമാണ്.

സിഎഎയ്‌ക്കെതിരായ സമരങ്ങളില്‍ നുഴഞ്ഞുകയറ്റം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഹിന്ദു വോട്ടുകള്‍ ലക്ഷ്യംവച്ചെന്ന് മുല്ലപ്പള്ളി
X

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ മഹല്ല് കമ്മിറ്റി പ്രതിഷേധങ്ങളില്‍ തീവ്രവാദസംഘടനകള്‍ നുഴഞ്ഞുകയറിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നരേന്ദ്രമോദിയെ സഹായിക്കാനാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഹിന്ദുവോട്ടുകള്‍ ലക്ഷ്യംവച്ചാണ് മുഖ്യമന്ത്രി വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രസ്താവനയോടെ അദ്ദേഹത്തിന് ബിജെപിയുമായുള്ള ബന്ധം വ്യക്തമായിരിക്കുകയാണ്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒഴികെ സംസ്ഥാനത്ത് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി എന്നീ സംഘടനകളുമായി രഹസ്യബന്ധം പുലര്‍ത്തിയിരുന്നയാളാണ് മുഖ്യമന്ത്രിയെന്നും മുല്ലപ്പള്ളി പരിഹസിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളിലും പോലിസിലെ ആയുധങ്ങള്‍ കാണാതായ സംഭവത്തിലും സിബിഐ അന്വേഷണം വേണം. അഴിമതി മൂടിവയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. സിഎജി റിപോര്‍ട്ടില്‍ ഡിജിപിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ അതീവഗൗരവതരമാണ്.

സിറ്റിങ് ജഡ്ജി അന്വേഷിക്കേണ്ട സംഭവമാണിത്. എന്നാല്‍, ജുഡീഷ്യല്‍ അന്വേഷണത്തിന് കാലതാമസമെടുക്കുമെന്നതിനാല്‍ അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെപിസിസി നേതൃത്വത്തില്‍ നേതാക്കള്‍ തമ്മില്‍ തര്‍ക്കമൊന്നുമില്ല. സിഎജി റിപോര്‍ട്ടില്‍ താന്‍ ജുഡീഷ്യല്‍ അന്വേഷണവും പ്രതിപക്ഷ നേതാവ് സിബിഐ അന്വേഷണവും ആവശ്യപ്പെട്ടത് കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ് മൂലമാണ്. ഗള്‍ഫിലായിരുന്ന പ്രതിപക്ഷ നേതാവുമായി തനിക്ക് സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും അതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്.

രാഷ്ട്രീയകാര്യസമിതിയില്‍ നേതൃത്വത്തിനെതിരേ വിമര്‍ശനമുയര്‍ന്നുവെന്ന വാര്‍ത്തകളും മുല്ലപ്പള്ളി നിഷേധിച്ചു. നേതാക്കളാരും ഒരു വിമര്‍ശനവും ഉയര്‍ത്തിയില്ല. കൂടുതല്‍ ജാഗ്രതയോടെ സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി ഭരണത്തിനെതിരേ സമരമുഖത്തിറങ്ങുമെന്നും വരുംനാളുകളില്‍ കേരളം സമരപരമ്പരകള്‍ക്ക് സാക്ഷ്യംവഹിക്കും. സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തികസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം കോണ്‍ഗ്രസ് പുറത്തിറക്കും. ഇത് തയ്യാറാക്കാനുള്ള കമ്മിറ്റിയെ രാഷ്ട്രീയകാര്യസമിതി നിശ്ചയിച്ചു. വി ഡി സതീശനാണ് കമ്മിറ്റിയുടെ ചെയര്‍മാന്‍. മാര്‍ച്ച് എട്ടിന് വീണ്ടും രാഷ്ട്രീയകാര്യസമിതി യോഗം ചേരുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it