Kerala

കിഫ്ബിയില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന; കരാറുകാരുടെ വിശദാംശങ്ങള്‍ ശേഖരിച്ചു

കിഫ്ബിയില്‍ ആദായനികുതി വകുപ്പിന്റെ പരിശോധന; കരാറുകാരുടെ വിശദാംശങ്ങള്‍ ശേഖരിച്ചു
X

തിരുവനന്തപുരം: കേരളത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് പദ്ധതികള്‍ നടപ്പാക്കാനായി ധനവകുപ്പിന് കീഴില്‍ രൂപീകരിച്ച കിഫ്ബിയില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തി. കിഫ്ബി വഴി പണം അനുവദിച്ച പദ്ധതികളുടെയും കരാറുകാരുടെയും വിശാദാംശങ്ങളാണ് ആദായനികുതി വകുപ്പ് ശേഖരിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ കിഫ്ബി രൂപീകരിച്ച ശേഷമുള്ള എല്ലാ പദ്ധതികളുടെയും വിവരങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. കിഫ്ബി വായ്പ വഴി പദ്ധതി നടപ്പാക്കുന്ന സ്ഥാപനങ്ങളില്‍നിന്നും ആദായ നികുതി വകുപ്പ് നേരത്തെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

കരാറുകാരുടെ നികുതി അടവുമായി ബന്ധപ്പെട്ട പരിശോധനയുടെ ഭാഗമായാണ് ആദായ നികുതി വകുപ്പ് വിവരങ്ങള്‍ ശേഖരിക്കുന്നത്. അസ്വാഭാവികത ഒന്നുമില്ലെന്നും സാധാരണ നിലയിലുള്ള പരിശോധനയാണെന്നും കിഫ്ബി അധികൃതര്‍ പറഞ്ഞു. കിഫ്ബി വന്നതിന് ശേഷമുള്ള പണമിടപാടും രേഖകളുമാണ് പരിശോധിച്ചതെന്ന് കിഫ്ബി അക്കൗണ്ട്‌സ് ഓഫിസര്‍ ചന്ദ്രബാബു പറഞ്ഞു. കിഫ്ബിയെ തകര്‍ക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ ശ്രമം നടത്തുന്നുവെന്ന ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് പരിശോധന.

കിഫ്ബിയെക്കുറിച്ച് അന്വേഷണം നടത്താനുള്ള ഇഡിയുടെ നീക്കത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോഴാണ് ഇഡിക്ക് പിന്നാലെ ആദായ നികുതി വകുപ്പിന്റെ സുപ്രധാന നടപടി. കിഫ്ബി വഴിയുള്ള വികസനം ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രധാന പ്രചാരണ മുദ്രാവാക്യമാണ്. ഇതിനിടെയാണ് കിഫ്ബി നടത്തിപ്പ് തന്നെ ചോദ്യം ചെയ്യുന്ന അന്വേഷണങ്ങളിലേക്ക് ഇഡിയും ആദായ നികുതി വകുപ്പും കടക്കുന്നത്.

Next Story

RELATED STORIES

Share it