Kerala

രാജ്യാന്തര ചലച്ചിത്രമേളക്ക് കൊച്ചിയില്‍ തിരി തെളിഞ്ഞു; മേളയില്‍ രാഷ്ട്രീയം കലര്‍ത്തിയിട്ടില്ലെന്ന് മന്ത്രി എ കെ ബാലന്‍

രാജ്യാന്തര ചലച്ചിത്ര മേള പിന്നിട്ട രണ്ടര പതിറ്റാണ്ടിന്റെ പ്രതീകമായി 25 ദീപനാളങ്ങള്‍ തെളിയിച്ചായിരുന്നു മേളയ്ക്ക് തുടക്കം കുറിച്ചത്. മുതിര്‍ന്ന സംവിധായകന്‍ കെ ജി ജോര്‍ജ് മലയാള സിനിമയിലെ 24 പ്രതിഭകള്‍ക്ക് ദീപം പകര്‍ന്നു നല്‍കി

രാജ്യാന്തര ചലച്ചിത്രമേളക്ക് കൊച്ചിയില്‍ തിരി തെളിഞ്ഞു; മേളയില്‍ രാഷ്ട്രീയം കലര്‍ത്തിയിട്ടില്ലെന്ന് മന്ത്രി എ കെ ബാലന്‍
X

കൊച്ചി: ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ കൊച്ചി പതിപ്പിന് തിരിതെളിഞ്ഞു . പ്രധാന വേദിയായ സരിത തീയേറ്ററില്‍നടന്ന ചടങ്ങില്‍ മന്ത്രി എ കെ ബാലന്‍ മേള ഉദ്ഘാടനം ചെയ്തു .രാജ്യാന്തര ചലച്ചിത്ര മേള പിന്നിട്ട രണ്ടര പതിറ്റാണ്ടിന്റെ പ്രതീകമായി 25 ദീപനാളങ്ങള്‍ തെളിയിച്ചായിരുന്നു മേളയ്ക്ക് തുടക്കം കുറിച്ചത്. മുതിര്‍ന്ന സംവിധായകന്‍ കെ ജി ജോര്‍ജ് മലയാള സിനിമയിലെ 24 പ്രതിഭകള്‍ക്ക് ദീപം പകര്‍ന്നു നല്‍കി.


മലയാള സിനിമയെ ലോക സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന പ്രതീക്ഷയുടെ പ്രതീകമായിട്ടാണ് ഈ ദീപങ്ങള്‍ തെളിയിച്ചത്. ചടങ്ങില്‍ ഗീതു മോഹന്‍ദാസ് ,സൂരജ് വെഞ്ഞാറമൂട് ,സുരഭി ലക്ഷ്മി ,ശ്യാം പുഷ്‌ക്കരന്‍ , ദിലീഷ് പോത്തന്‍ ,ലിസ്റ്റിന്‍ സ്റ്റീഫന്‍ ,ബിജിപാല്‍ ,ആഷിഖ് അബു ,റഫീഖ് അഹമ്മദ് ,വിധു വിന്‍സെന്റ് , വിനായകന്‍, റിമ കല്ലിങ്കല്‍ ,സുരേഷ് കൊല്ലം ,നിമിഷ സജയന്‍ ,ജോജു ജോര്‍ജ് ,സിത്താര കൃഷ്ണകുമാര്‍ ,സൗബിന്‍ ഷാഹിര്‍ ,സമീറ സനീഷ് ,വിജയ് ബാബു ,മണികണ്ഠന്‍ ആചാരി ,രഞ്ജിത് അമ്പാടി ,കിരണ്‍ ദാസ് ,മനീഷ് മാധവന്‍ ,അന്ന ബെന്‍ പങ്കെടുത്തു.


ചലച്ചിത്ര മേളയില്‍ രാഷ്ട്രീയം കലര്‍ത്തിയിട്ടില്ലെന്നു മന്ത്രി എ. കെ. ബാലന്‍ ചലച്ചിത്ര മേളയുടെ കൊച്ചി പതിപ്പ് ഉത്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചു നാലിടങ്ങളിലായി നടത്തുന്ന മേള വന്‍ വിജയമായി മാറിയിരിക്കുകയാണെന്നും നിര്‍ഭാഗ്യവശാല്‍ ഉണ്ടാവുന്ന വിവാദങ്ങള്‍ക്ക് അല്‍പയുസ്സാണെന്നും മേളയെപ്പറ്റി നടന്‍ സലിം കുമാര്‍ ഉയര്‍ത്തിയ വിവാദത്തെപ്പറ്റി പരാമര്‍ശിച്ച് മന്ത്രി പറഞ്ഞു.സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ 50 മുതല്‍ 60 കോടി രൂപ വരെ മുടക്കി നടത്തുന്ന തിയേറ്റര്‍ വികസന പദ്ധതികള്‍, ചലച്ചിത്ര മേഖലയിലെ മണ്‍മറഞ്ഞ കലാകാരന്‍മാരുടെ പേരില്‍ നിര്‍മിക്കുന്ന സ്മാരകങ്ങള്‍ എന്നിവയെപ്പറ്റി ചൂണ്ടിക്കാട്ടിയ മന്ത്രി പറവൂരിലെ തിയേറ്റര്‍ സമൂച്ചയത്തിന്റെ ഉത്ഘാടനവേളയില്‍ സലിം കുമാര്‍ മുഖ്യാതിഥി ആയിരുന്നു എന്നും കൂട്ടിച്ചേര്‍ത്തു.

കൊവിഡ് പ്രതിസന്ധിയില്‍ ആയ സിനിമ മേഖലയെ സാംസ്‌കാരിക വകുപ്പ് പല രീതിയില്‍ സഹായിച്ചിട്ടുണ്ടെന്നും രാജ്യാന്തര തലത്തില്‍ കേരളത്തിന്റെ യശസ് ഉയര്‍ത്തുന്നതില്‍ ഐ എഫ് എഫ് കെ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.മേയര്‍ എം അനില്‍കുമാര്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവല്‍ ബുള്ളറ്റിന്റെ പ്രകാശന കര്‍മ്മം ഫെഫ്ക പ്രസിഡന്റ് സിബി മലയിലിന് നല്‍കികൊണ്ട് എം. സ്വരാജ് എം എല്‍ എ നിര്‍വഹിച്ചു .ചലച്ചിത്ര മേളയുടെ ചരിത്രം അടങ്ങുന്ന വെബ്സൈറ്റിന്റെ ഉദ്ഘാടനം എം എല്‍ എ കെ. ജി മാക്സി നിര്‍വഹിച്ചു .മേളയുടെ രജത ജൂബലി സ്മരണാര്‍ഥം പുറത്തിറക്കിയ കപ്പ് ജോണ്‍ ഫെര്‍ണാണ്ടസ് എം എല്‍ എ അമ്മ ജനറല്‍ സെക്രട്ടറി ബാബുവിന് നല്‍കി പ്രകാശനം ചെയ്തു.


ചലച്ചിത്ര താരം മോഹന്‍ലാല്‍ വീഡിയോയിലൂടെ ചടങ്ങിന് ആശംസകള്‍ അറിയിച്ചു. ജയരാജ് ആല്‍വിന്‍ ആന്റണി,സിയ്യാദ് കോക്കര്‍ , എം ഗോപിനാഥ് അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബീന പോള്‍ ചടങ്ങില്‍ പങ്കെടുത്തു.അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രന്‍ സ്വാഗതവും സജിത മഠത്തില്‍ നന്ദിയും രേഖപ്പെടുത്തി.തുടര്‍ന്ന് ഉദ്ഘാടന ചിത്രമായി ജാസ്മില സബാനിക്ക് സംവിധാനം ചെയ്ത ബോസ്‌നിയന്‍ ചിത്രം ക്വോ വാഡിസ് ഐഡ? പ്രദര്‍ശിപ്പിച്ചു. ബോസ്‌നിയന്‍ വംശഹത്യയുടെ പിന്നാമ്പുറങ്ങള്‍ ആവിഷ്‌കരിക്കുന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി.

Next Story

RELATED STORIES

Share it