Kerala

നെടുംകുന്നം സഹകരണസംഘത്തിലെ 1.14 കോടിയുടെ ക്രമക്കേട്; പണം തിരിച്ചടയ്ക്കണമെന്ന് ഭരണസമിതിക്ക് നോട്ടീസ്

നെടുംകുന്നം സഹകരണസംഘത്തിലെ 1.14 കോടിയുടെ ക്രമക്കേട്; പണം തിരിച്ചടയ്ക്കണമെന്ന് ഭരണസമിതിക്ക് നോട്ടീസ്
X

കോട്ടയം: നെടുംകുന്നം റൂറല്‍ ഹൗസിങ് സഹകരണസംഘത്തില്‍ ഒരുകോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നതായി സഹകരണവകുപ്പിന്റെ കണ്ടെത്തല്‍. പണം തിരിച്ചടയ്ക്കണമെന്ന് കാട്ടി പ്രസിഡന്റിനും ഭരണസമിതി അംഗങ്ങള്‍ക്കും സഹകരണവകുപ്പ് നോട്ടീസ് അയച്ചു. യുഡിഎഫിന്റെ 12 അംഗ ഭരണസമിതിയാണ് കെ 100ാം നമ്പര്‍ സഹകരണ സംഘം നിയന്ത്രിക്കുന്നത്. സഹകരണ വകുപ്പിലെ സെക്ഷന്‍ 65 പ്രകാരം നടത്തിയ അന്വേഷണത്തിലാണ് 1,14,66,034 രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. മുന്‍ പ്രസിഡന്റ് പി സി മാത്യു, നിലവിലെ പ്രസിഡന്റ് ശ്യാമളാ ദേവി, സെക്രട്ടറി അജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തല്‍.

സംഘം സെക്രട്ടറി അജിത് മുതിരമലയാണ് ഏറ്റവുമധികം തുക അടക്കേണ്ടത്. 41,31,180 രൂപയാണ് ഇദ്ദേഹത്തില്‍നിന്ന് ഈടാക്കുക. സംഘം മുന്‍ പ്രസിഡന്റ് അഡ്വ. പി സി മാത്യു 10,43,554 രൂപ അടയ്ക്കണം. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം തുടര്‍നടപടിയുടെ ഭാഗമായി ഭരണസമിതി അംഗങ്ങള്‍ വ്യാഴാഴ്ച സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ ഓഫിസില്‍ ഹാജരായി. ചിട്ടി നല്‍കുന്നതിലും വായ്പ നല്‍കുന്നതിലും പണം തിരിമറി നടന്നുവെന്നാണ് സംശയിക്കുന്നത്.

നഷ്ടപ്പെട്ട പണം തിരിച്ചുനല്‍കാന്‍ ഓരോത്തരും അടയ്‌ക്കേണ്ട തുക കാണിച്ച് ഭരണസമിതി അംഗങ്ങള്‍ക്കാണ് സഹകരണ വകുപ്പ് നോട്ടീസ് അയച്ചത്. ഇക്കാര്യത്തില്‍ ഹിയറിങ് നടപടികള്‍ പുരോഗമിക്കുകയാണ്. ക്രമക്കേടില്‍ പ്രതിഷേധിച്ച് രാജിവച്ച അംഗത്തിനും പണം തിരിച്ചടക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സഹകരണ വകുപ്പ് 2018 നടത്തിയ അന്വേഷണത്തെയും കണ്ടെത്തലിനെയും ചോദ്യംചെയ്ത് സംഘം നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് സഹകരണ വകുപ്പിന്റെ നടപടി.

Next Story

RELATED STORIES

Share it