Kerala

രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുന്നത് അസത്യങ്ങള്‍ക്ക് കുട പിടിച്ച് നേട്ടം കൊയ്യാന്‍;ഇസ് ലാം -ക്രിസ്ത്യന്‍ സൗഹൃദം ശക്തിപ്പെടുത്തണമെന്ന് ഇസ് ലാം-ക്രിസ്ത്യന്‍ സൗഹൃദ സമിതി

സാക്ഷരരായ കേരളീയര്‍ വര്‍ഗ്ഗീയ വാദികളായ മത-രാഷ്ട്രീയ ജിഹ്വകളുടെ കുടില തന്ത്രം മനസിലാക്കാതെപോകരുത്.ക്രൈസ്തവരും മുസ്ലിംകളും സഹോദര സമൂഹങ്ങളില്‍ പെടുന്നവരാണ്.ഇരുസമൂഹങ്ങള്‍ക്കുമിടയില്‍ സ്പര്‍ധയുണ്ടാക്കുവാന്‍ ചില തല്‍പരകക്ഷികള്‍ ശ്രമിക്കുന്നു

രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുന്നത് അസത്യങ്ങള്‍ക്ക് കുട പിടിച്ച് നേട്ടം കൊയ്യാന്‍;ഇസ് ലാം -ക്രിസ്ത്യന്‍ സൗഹൃദം ശക്തിപ്പെടുത്തണമെന്ന് ഇസ് ലാം-ക്രിസ്ത്യന്‍ സൗഹൃദ സമിതി
X

കൊച്ചി: തിരഞ്ഞെടുപ്പ് ആസന്നമായ സമയത്ത് അസത്യങ്ങള്‍ക്കും അര്‍ധസത്യങ്ങള്‍ക്കും കുടപിടിച്ച് നേട്ടംകൊയ്യാനാണ് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കുന്നതെന്നും ഇസ് ലാം -ക്രിസ്ത്യന്‍ സൗഹൃദം ശക്തിപ്പെടുത്തണമെന്നും ഇസ് ലാം-ക്രിസ്ത്യന്‍ സൗഹൃദ സമിതി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.സാക്ഷരരായ കേരളീയര്‍ വര്‍ഗ്ഗീയ വാദികളായ മത-രാഷ്ട്രീയ ജിഹ്വകളുടെ കുടില തന്ത്രം മനസിലാക്കാതെപോകരുത്.

ക്രൈസ്തവരും മുസ്ലിംകളും സഹോദര സമൂഹങ്ങളില്‍ പെടുന്നവരാണ്.ഏകനും കരുണാര്‍ദ്രനും സര്‍വത്തിന്റെയും സൃഷ്ടാവുമായ ദൈവത്തില്‍ രണ്ടു മതസ്ഥരും വിശ്വസിക്കുന്നു.അബ്രഹാത്തിന്റെ പൈതൃകം പുലര്‍ത്തുന്ന രണ്ടു സമൂഹങ്ങളും ഒരുആത്മീയ കുടുംബത്തില്‍ ഉള്‍ച്ചേരുന്നവരാണ്.പ്രാര്‍ഥനയിലും കാരുണ്യപ്രവര്‍ത്തികളിലും നീതിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലും അവര്‍ സഹയാത്രികരാണ്.ഈ യാഥാര്‍ഥ്യം പാടെ അവഗണിച്ച് അടുത്തകാലത്തുണ്ടായ ചില പ്രശ്‌നങ്ങളുടെ വെളിച്ചത്തില്‍,സോഷ്യല്‍ മീഡിയയിലൂടെ ഇരുസമൂഹങ്ങള്‍ക്കുമിടയില്‍ സ്പര്‍ധയുണ്ടാക്കുവാന്‍ ചില തല്‍പരകക്ഷികള്‍ ശ്രമിക്കുന്നതായി കാണുന്നുവെന്ന് ഇസ് ലാം-ക്രിസ്ത്യന്‍ സൗഹൃദ സമിതിക്കുവേണ്ടി പുറത്തിറക്കിയ സംയുക്ത വാര്‍ത്താകുറിപ്പില്‍ഫാ.എസ് പൈനാടത്ത് എസ്‌ജെ, ഇമാം ഓണമ്പിള്ളി മുഹമ്മദ് ഫൈസി,ഫാ.തോമസ് തറയില്‍,ഇമാം എം പി ഫൈസല്‍ അസ്ഹരി,ഫാ. വിന്‍സന്റ് കുണ്ടുകുളം എന്നിവര്‍ വ്യക്തമാക്കി.

അതിന് അവലംബമായി ഇവര്‍ മുന്നോട്ടു വയ്ക്കുന്നത് ലൗജിഹാദ്, സംവരണാനുപാതം,മദ്രസഅധ്യാപകര്‍ക്കുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍തുടങ്ങിയ വിഷയങ്ങളാണ്.സമൂഹത്തില്‍ മേല്‍പറഞ്ഞ രീതിയിലുള്ള പ്രശ്‌നങ്ങള്‍ ഉടലെടുക്കുമ്പോള്‍ അവ പരിഹരിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്.വസ്തുനിഷ്ഠമായ കണക്കുകള്‍ ഉള്‍ക്കൊള്ളുന്ന ധവളപത്രം ഇറക്കിയും നിയമപരവും അച്ചടക്കപരവുമായ നടപടികള്‍ കൈകൊണ്ടും പ്രതിവിധി കണ്ടെത്താന്‍ ഗവണ്‍മെന്റിന് കഴിയേണ്ടതാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് ആസന്നമായ ഈ സമയത്ത് ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ അസത്യങ്ങള്‍ക്കും അര്‍ധസത്യങ്ങള്‍ക്കും കുടപിടിച്ച് നേട്ടംകൊയ്യാനാണ് ചിലരാഷ്ട്രീയപാര്‍ട്ടികള്‍ ശ്രമിക്കുന്നതെന്നും ഇവര്‍ ആരോപിച്ചു.

സര്‍ക്കാരിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉപരിയായി ജനാധിപത്യത്തിലും മാനവികതയിലും വിശ്വസിക്കുന്ന പൗരസമൂഹത്തിന് ഇത്തരംസന്ദര്‍ഭങ്ങളില്‍ കാര്യമാത്രപ്രസക്തമായ സംഭാവനകള്‍നല്‍കാനാകും. മേല്‍പറഞ്ഞ രീതിയിലുള്ള സങ്കീര്‍ണ്ണവും വൈകാരികവുമായ വിഷയങ്ങളെ സമീപിക്കേണ്ടത് വസ്തുനിഷ്ഠവും ബൗദ്ധികവും നിക്ഷ്പക്ഷവുമായ പഠനങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയുമാണ്.അതിനു പകരം അഭ്യൂഹങ്ങളെയും പരിമിതമായ സംഭവങ്ങളെയും പര്‍വ്വതീകരിച്ച് ജനങ്ങള്‍ക്കിടയില്‍ ആശങ്കയും അസഹിഷ്ണുതയും വര്‍ധിപ്പിക്കുന്നവരെ ഒറ്റപ്പെടുത്താന്‍ സുമനസുകളായ മലയാളികള്‍ മുന്നോട്ടു വരണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ വര്‍ധിച്ചു വരുന്ന വര്‍ഗ്ഗീയ അന്തരീക്ഷം കണ്ട് വിഷമിക്കുന്ന ലക്ഷക്കണക്കിന് മലയാളികളുണ്ട്.പക്ഷെ അവരുടെശബ്ദം കേള്‍ക്കപ്പെടാതെ പോകുന്നു.

സാംസ്‌കാരിക പൈതൃകത്തിനും മതസൗഹാര്‍ദ്ദത്തിനും പേരു കേട്ട കേരളത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്നത് സംഭാഷണത്തിന്റെ ഭാഷയാണ്.തീവ്രമായ ഭാഷയില്‍ സംസാരിക്കുന്നവര്‍ക്കു മാത്രം സ്വീകാര്യത കൈവരുന്ന ദുരവസ്ഥമാറേണ്ടതുണ്ട്.അതിനായി മിതവാദികളും സത്യാന്വേഷികളും സമാധാനപ്രിയരുമായ മലയാളികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടസമയമാണിത്.അതിന് ഇനിയും വൈകിയാല്‍ ലോകസംസ്‌കാരത്തിനു തന്നെ മാതൃകയാകും വിധം നാനാത്വത്തിലും സാര്‍വത്രികതയിലും അടിയുറച്ച നമ്മുടെ ജീവിതശൈലി വരുംതലമുറയ്ക്ക് അന്യാധീനമായിപോകും.

ഭാരതത്തിലെ ചില സംസ്ഥാനങ്ങളില്‍ കാണുന്നത് പോലെ അരക്ഷിതത്വവും അസഹിഷ്ണുതയും അരങ്ങു തകര്‍ക്കുന്ന ഒരു കേരളമായിരിക്കും ഭാവി തലമുറയ്ക്ക് നമ്മള്‍സമ്മാനിക്കുന്നത്.മൗലികവാദപ്രചാരണങ്ങള്‍ക്ക് തടയിടാനും ഇരുസമുദായങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളെ വസ്തുനിഷ്ഠമായിവിലയിരുത്താനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനും പ്രസ്തുത വിഭാഗങ്ങളിലെ മതനേതാക്കള്‍ ഒരുമിച്ചിരിക്കേണ്ടസമയം അതിക്രമിച്ചിരിക്കുന്നു.ഇരു സമുദായങ്ങള്‍ തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്താന്‍ ഉത്തരവാദിത്വപ്പെട്ട എല്ലാവരും തയ്യാറാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it