- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുഎപിഎ ഭേദഗതി ബില്ല് ജനാധിപത്യാവകാശങ്ങള്‍ക്ക് നേരെയുള്ള യുദ്ധ പ്രഖ്യാപനം: ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം
മാവോയിസത്തില്‍ വിശ്വസികുന്നത് ഒരു കുറ്റമല്ലെന്ന ശ്യാം ബാലകൃഷ്ണന്‍ കേസിലെ കേരള ഹൈകോടതിയുടെ നിരീക്ഷണത്തെയും ഭീകര സംഘടനയില്‍ അംഗമാകുന്നത് കൊണ്ട് മാത്രം ഒരാള്‍ കുറ്റവാളിയാകുന്നില്ല എന്ന സുപ്രീം കോടതിയുടെ വിധി ന്യായങ്ങളെയും അട്ടിമറിക്കുന്നതാണ് നിര്‍ദ്ദിഷ്ട നിയമ ഭേദഗതി.
കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ ലോകസഭയില്‍ അവതരിപ്പിച്ച നിര്‍ദിഷ്ട നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (നിരോധന) നിയമം (യുഎപിഎ) ഭേദഗതി ബില്ല് ഇന്ത്യന്‍ ജനതയുടെ മനുഷ്യാവകാശങ്ങള്‍ക്കും ജനാധിപത്യാവകാശങ്ങള്‍ക്കും നേരെയുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രസ്താവനയില്‍ പറഞ്ഞു. യുഎപിഎ തന്നെ തീര്‍ത്തും ജനാധിപത്യ വിരുദ്ധമായ ഒരു നിയമമാണെന്നും അത് നിരുപാധികം പിന്‍വലിക്കണമെന്നും രാജ്യത്തുടനീളം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നിരന്തരമായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുമ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ ഭേദഗതിയുമായി മുന്നോട്ടു വന്നിട്ടുള്ളത്. നിര്‍ദിഷ്ട ഭേദഗതി വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കുന്നതിന് സര്‍ക്കാരിന് അധികാരം നല്‍കുന്നു. ഇതനുസരിച്ച്- (a.) ഭീകര പ്രവര്‍ത്തനത്തില്‍ പങ്കാളികളാവുകയോ ഭീകരത പ്രവര്‍ത്തിക്കുകയോ, (b.) ഭീകരപ്രവര്‍ത്തനത്തിനു തയ്യാറെടുപ്പു നടത്തകയോ, (c.) ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയോ അനുകൂലിക്കുകയോ, (d.) മറ്റുവിധത്തില്‍ ഭീകരതയില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവരെ യുഎപിഎ നിയമത്തോടനുബന്ധിച്ചു നിര്‍ദിഷ്ട നാലാം പട്ടികയില്‍ ഉള്‍പ്പെടുത്തി ഭീകരരായി പ്രഖ്യാപിക്കുമെന്നും വ്യവസ്ഥ ചെയ്യുന്നു.
ഒരു വ്യക്തി കുറ്റം ചെയ്താലോ കുറ്റകൃത്യം ചെയ്യുന്നതിന് ശ്രമിച്ചാലോ ആണ് ക്രിമിനല്‍ നിയമതത്വങ്ങള്‍ അനുസരിച്ചു പ്രതിയാകുന്നത്. എന്നാല്‍ ഈ പൊതു തത്വത്തിനു വിരുദ്ധമായിട്ടാണ് മേല്‍പ്പറഞ്ഞ ഭേദഗതി നിര്‍ദ്ദേശം. അതനുസരിച്ചു ഒരു വ്യക്തി ഭീകരപ്രവര്‍ത്തനം നടത്തുകയോ അതില്‍ പങ്കാളിയാവുകയോ ചെയ്തില്ലെങ്കില്‍ പോലും കുറ്റവാളിയാക്കപ്പെടാം.
സാധാരണഗതിയില്‍ കുറ്റകൃത്യത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പ് നടത്തുന്ന ഘട്ടം ശിക്ഷാര്‍ഹമായ ഒന്നല്ല. തയ്യാറെടുപ്പ് ഘട്ടം കടന്നു കുറ്റകൃത്യം നടത്താന്‍ ശ്രമിക്കുമ്പോഴാണ് ശിക്ഷാര്‍ഹമായ ഒന്നായി കൃത്യം മാറുന്നത്. എന്നാല്‍ ഈ പൊതു തത്വത്തിനു വിരുദ്ധമായി ഇവിടെ നിര്‍ദിഷ്ട ഭേദഗതി ഭീകരപ്രവര്‍ത്തനത്തിനുള്ള തയ്യാറെടുപ്പു നടത്തുന്ന ഒരാളെ ഭീകരനായി പ്രഖ്യാപിക്കാന്‍ വ്യവസ്ഥ ചെയ്യുന്നു. സര്‍ക്കാരിന് അനഭിമതരായവരെയും വ്യവസ്ഥ വിരുദ്ധരെയും വിമതരെയും എല്ലാം ഭീകരരായി പ്രഖ്യാപിക്കാന്‍ ഇനി സര്‍ക്കാരിന് നിഷ്പ്രയാസം സാധിക്കും. അത്തരം പ്രഖ്യാപനങ്ങള്‍ക്കു ഇനി ഒരു നിയമകോടതി വിചാരണ നടത്തി ഒരാളെ ഭീകരപ്രവര്‍ത്തനത്തിനോ അനുബന്ധ കുറ്റങ്ങള്‍ക്കോ ശിക്ഷിക്കുക കൂടി വേണ്ടാ എന്ന സാഹചര്യം പൗരന്മാര്‍ക്ക് മേല്‍ കേന്ദ്ര സര്‍ക്കാരിന് അപരിമിതമായ അധികാരം ലഭിക്കുന്നു.
ചുരുക്കത്തില്‍ ഒരു വ്യക്തി ഭീകരനാണൊ എന്ന് തീരുമാനിക്കപ്പെടുന്നത് കേന്ദ്ര സര്‍ക്കാറിന്റെ ആത്മനിഷ്ഠമായ തീരുമാനത്തിലധിഷ്ടിതമായി മാറുന്നു. ഇതോടെ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനും ,ആശയപ്രചാരണത്തിനും മറ്റുമുള്ള അവകാശങ്ങള്‍ ഗണ്യമായ അളവില്‍ നിയന്ത്രിക്കപ്പെടുമെന്ന ഗുരുതരമായ സ്ഥിതി വിശേഷമാണ് നാം അഭിമുഖീകരിക്കുന്നത്. ഫലത്തില്‍ മാവോയിസത്തില്‍ വിശ്വസികുന്നത് ഒരു കുറ്റമല്ലെന്ന ശ്യാം ബാലകൃഷ്ണന്‍ കേസിലെ കേരള ഹൈകോടതിയുടെ നിരീക്ഷണത്തെയും ഭീകര സംഘടനയില്‍ അംഗമാകുന്നത് കൊണ്ട് മാത്രം ഒരാള്‍ കുറ്റവാളിയാകുന്നില്ല എന്ന സുപ്രീം കോടതിയുടെ വിധി ന്യായങ്ങളെയും അട്ടിമറിക്കുന്നതാണ് നിര്‍ദ്ദിഷ്ട നിയമ ഭേദഗതി.
പ്രസംഗമോ, സര്‍ക്കാരിനെ വിമര്‍ശിക്കുന്ന കലാപ്രകടനങ്ങളോ കണ്ടു കയ്യടിച്ചാല്‍ പോലും ഭീകരതയെ പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ചു ഭീകരരായി പ്രഖ്യാപിക്കപ്പെടാം. പാനായിക്കുളം കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട യുവാക്കളുടെ അനുഭവം ഇത്തരം ഒരു സാഹചര്യം വിദൂരമായ ഒരു സാധ്യതയല്ല ആസന്നമായ അപകടം തന്നെയാണെന്ന് കാണിച്ചു തരുന്നണ്ട്. ഇത്തരത്തില്‍ ഭീകരരായി പ്രഖ്യാപിക്കപ്പെടുന്നവരെ നിയമബാഹ്യമായ കൊലകളിലൂടെ ഇല്ലാതാക്കാനുള്ള സാധ്യതയും മുന്നില്‍ കാണേണ്ടതുണ്ട്. അങ്ങനെയെങ്കില്‍ യാതൊരു കേസിലും പ്രതിയാക്കപ്പെട്ടിട്ടില്ലെങ്കില്‍ പോലും ഭീകരനായി പ്രഖ്യാപിക്കപ്പെടാനും അങ്ങനെ പ്രഖ്യാപിക്കപ്പെട്ടത് കൊണ്ട് വ്യാജ ഏറ്റമുട്ടല്‍ കൊലകളിലൂടെ ഇല്ലാതാക്കപ്പെടാനും സാധ്യത ഏറെയാണ്. ഫലത്തില്‍ ഭീകരനായി പ്രഖ്യാപിക്കപ്പെട്ടാല്‍ പിന്നീട് ഒരു വക്തിയുടെ മനുഷ്യനെന്ന നിലക്കുള്ള നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടും വിധം അയാളുടെ നീതിക്കും തുല്യതക്കും സ്വാതന്ത്ര്യത്തിനുമുള്ള എല്ലാ അവകാശങ്ങളും റദ്ദുചെയ്യപ്പെടുകയും സമൂഹത്തില്‍ നിന്നും ബഹിഷ്‌കൃതനാവുകയും ചെയ്യപ്പെടും.
വിമര്‍ശകരെ വേട്ടയാടി ഇല്ലാതാക്കുന്നതില്‍ കുപ്രസിദ്ധമായ ഒരു സര്‍ക്കാരാണ് നിലവിലുള്ളതെന്നാണ് നമ്മുടെ അനുഭവം. പ്രധാനമന്ത്രിയെ സാമൂഹ്യമാധ്യമങ്ങളിലൂടെ നിരന്തരം വിമര്‍ശിച്ചിരുന്നു മുന്‍ ഗുജറാത്ത് ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് മുപ്പത് വര്‍ഷം മുന്‍പ് ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടതും, സുപ്രീം കോടതിയില്‍ സര്‍ക്കറിന്റെ ഭരണഘടനാ വിരുദ്ധ നടപടികളെ ചോദ്യം ചെയ്ത സീനിയര്‍ അഡ്വക്കേറ്റ് ഇന്ദിര ജയ്‌സിംഗിനും മറ്റുമെതിരെ അഞ്ചു വര്ഷം മുന്‍പുള്ള വിദേശ നാണ്യ വിനിമയ ചട്ട ലംഘനം ആരോപിച്ചു കെട്ടിച്ചമച്ച കേസ് വീണ്ടും പൊടി തട്ടിയെടുത്തതും ഭീകരവാദകേസുകളില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരാവുന്ന അഭിഭാഷകരെ ഭീകര പ്രവര്‍ത്തനം ആരോപിച്ചു തടവിലിട്ടതും സാമൂഹ്യ പ്രവര്‍ത്തകരെയും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരെയും കവികളെയും കലാകാരന്മാരെയും പത്രപ്രവര്‍ത്തകരെയും വിവരാവകാശ പ്രവര്‍ത്തകരെയും നിരന്തരം കേസ്സുകളില്‍ അകപ്പെടുത്തി വേട്ടയാടുന്നതും എല്ലാം കേന്ദ്ര സര്‍ക്കാരിന്റെ ഈ വേട്ടയാടല്‍ സമീപനത്തിന്റെ ഉദാഹരണങ്ങളാണ്. അത്തരം സമീപനം സ്വീകരിക്കുന്ന ഒരു സര്‍ക്കാരാണ് അമിതമായ അധികാരം കയ്യാളുന്ന വിധം തീര്‍ത്തും ജനാധിപത്യ വിരുദ്ധമായ ഒരു നിയമത്തെ കൂടുതല്‍ കര്‍ക്കശമാക്കുന്ന തരത്തില്‍ വീണ്ടും ജനാധിപത്യ വിരുദ്ധമായ ഭേദഗതികളുമായി രംഗത്ത് വരുന്നത് എന്നത് അത്യന്തം ആശങ്കാജനകമാണ്. പ്രത്യേക അന്വേഷണ ഏജന്‍സി ആയ ദേശീയ അന്വേഷണ ഏജന്‍സി ഭീകരപ്രവര്‍ത്തന കേസുകളുടെ അന്വേഷണത്തിലും വിചാരണയിലും നേരിടുന്ന ബുദ്ധിമുട്ടുകള്‍ മറികടക്കാനാണ് പുതിയ ഭേദഗതി എന്നാണു ബില്ലവതരണത്തിനുള്ള കാരണമായി പറഞ്ഞിട്ടുള്ളത്.എന്നാല്‍ എന്താണ് ഈ ബുദ്ധിമുട്ടുകള്‍ എന്ന് ഒരിടത്തും പ്രസ്താവിച്ചിട്ടുമില്ല.ഐക്യരാഷ്ട്ര സഭയുടെ വിവിധ പ്രമേയങ്ങളുമായി ബന്ധപ്പെട്ട അന്തര്‍ ദേശീയ ഉത്തരവാദിത്തങ്ങള്‍ക്കനുസരിച്ചു രാജ്യത്തെ നിയമങ്ങളെ ക്രമപ്പെടുത്തലാണ് മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കുന്നത്.നമ്മുടെ രാജ്യത്തിന്റെ സവിശേഷമായ സാഹചര്യങ്ങളെ പരിഗണിക്കാതെയുള്ള ഇത്തരം ക്രമപ്പെടുത്താല്‍ സമൂഹത്തില്‍ കൂടുതല്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കാനേ ഉതകൂ.
മത, ജാതി, വംശീയ, ലിംഗലൈംഗിക അടിസ്ഥാനത്തിലുള്ള ക്രിമിനല്‍ പ്രൊഫൈലിങ്ങിന്റെ ഒന്നര നൂറ്റാണ്ടിലധികം നീളുന്ന കുപ്രസിദ്ധമായ ചരിത്രമുള്ള ഒരു രാജ്യമാണ് നമ്മുടേത്.ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം അടിച്ചമര്‍ത്തപ്പെട്ടതിന് ശേഷം പരാജയപ്പെട്ട ഇന്ത്യന്‍ ഭരണാധികാരികയുടെ സൈനിക അര്‍ദ്ധ സൈനിക വിഭാഗങ്ങളെ മുഖ്യമായും, അടിസ്ഥാന ജനവിഭാഗങ്ങളെ പൊതുവിലും ലക്ഷ്യം വച്ച് കൊണ്ട് നടപ്പിലാക്കിയ ക്രിമിനല്‍ ഗോത്ര നിയമം 1950 കള്‍ വരെ നിലനിന്നിരുന്നു. പിന്നീട് ഈ നിയമം പിന്‍വലിച്ചെങ്കിലും 1952 ല്‍ നടപ്പിലാക്കിയ പതിവുകുറ്റവാളി നിയമം (വമയശൗേമഹ ീളളലിറലൃ െമര)േ വഴി ക്രിമിനല്‍ പ്രൊഫൈലിങ് വീണ്ടും തുടര്‍ന്നു വന്നു.ഇപ്പോള്‍ യു.എ.പി.എ നിയമത്തില്‍ വ്യക്തികളെ ഭീകരരായി പ്രഖ്യാപിച്ചു കൊണ്ടുള്ള നാലാം പട്ടിക കൂടി വരുമ്പോള്‍ നവഉദാരവാദ നയങ്ങള്‍ക്കനുസൃതമായിട്ടുള്ള മത ,ജാതി, വംശ, വര്‍ഗ്ഗ ലിംഗലൈംഗിക അടിസ്ഥാനത്തില്‍ പുതിയ തരത്തിലുള്ളതും കൂടുതല്‍ മാരകവും ജനാധിപത്യ വിരുദ്ധവമായ ക്രിമിനല്‍ പ്രൊഫൈലിങായിരിക്കും നടക്കുക.
സമൂഹത്തില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്നതും തീര്‍ത്തും ജനാധിപത്യ വിരുദ്ധവുമായ നിര്‍ദിഷ്ട ഭേദഗതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും, യു.എ.പി.എ. നിയമം തന്നെ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറകണമെന്നും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ആവശ്യപ്പെടുന്നു. യു.എ.പി.എ പിന്‍വലിക്കുക എന്ന ആവശ്യം ഉച്ചത്തില്‍ ഉയര്‍ത്തിക്കൊണ്ട് ശക്തമായ ജനകീയ പ്രതിരോധമുയര്‍ത്താന്‍ മുഴുവന്‍ പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളും വ്യക്തികളും മുന്നോട്ടുവരണമെന്നും ഈ അവസരത്തില്‍ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ആഹ്വാനം ചെയ്യുന്നു. ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രസ്താവനയില്‍ പറഞ്ഞു.
RELATED STORIES
ചാംപ്യന്‍സ്ട്രോഫി മത്സര ക്രമം പുറത്ത്; ഇന്ത്യ-പാക് മത്സരം ഫെബ്രുവരി...
24 Dec 2024 5:21 PM GMTതൃശൂര്‍ എക്സൈസ് ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്; മദ്യവും പണവും പിടിച്ചു
24 Dec 2024 5:14 PM GMTഅനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പോലിസുകാര്‍ പിടിയില്‍
24 Dec 2024 5:02 PM GMTരാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ കേരളാ ഗവര്‍ണര്‍; ആരിഫ് മുഹമ്മദ് ഖാന്...
24 Dec 2024 4:45 PM GMTവയോധികയെ തെരുവുനായ കടിച്ചുകൊന്നു
24 Dec 2024 1:27 PM GMTസംഘപരിവാര ക്രൈസ്തവ സ്നേഹത്തിന്റെ പൊള്ളത്തരം വെളിവാകുന്നു: പി കെ...
24 Dec 2024 1:13 PM GMT