- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെ എം ബഷീറിന്റെ മരണം; തെളിവു നശിപ്പിക്കാന്‍ ശ്രീറാം നടത്തിയ ശ്രമങ്ങള്‍ അക്കമിട്ട് നിരത്തി കുറ്റപത്രം
തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മൂന്നില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നൂറ് സാക്ഷിമൊഴികളാണുള്ളത്. 66 പേജുള്ള കുറ്റപത്രത്തില്‍ 84 രേഖകളും 72 തൊണ്ടിമുതലുകളുമാണ് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയത്.
തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ തെളിവു നശിപ്പിക്കാന്‍ ബോധപൂര്‍വം നടത്തിയ ശ്രമങ്ങള്‍ ചൂണ്ടിക്കാട്ടി കുറ്റപത്രം. സംഭവം നടന്ന സമയം മുതല്‍ താന്‍ ചെയ്ത കുറ്റങ്ങള്‍ മറച്ചു വെക്കാനുള്ള ശ്രമങ്ങളാണ് ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയതെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച അന്തിമ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. അപകടസമയത്ത് സ്ഥലത്തെത്തിയ പോലിസിനോട് താന്‍ കാറോടിച്ചിട്ടില്ലെന്നും രണ്ടാം പ്രതിയായ വഫ ഫിറോസാണ് കാര്‍ ഓടിച്ചതെന്നുമാണ് ശ്രീറാം പറഞ്ഞിരുന്നത്.
അപകടത്തില്‍പ്പെട്ട് മൃതപ്രായനായ ബഷീറിനെ പോലിസ് ആംബുലന്‍സില്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയതിനു ശേഷം പോലിസിനൊപ്പം മ്യൂസിയം പോലിസ് സ്റ്റേഷനിലേക്ക് വന്ന ശ്രീറാം അപകടത്തില്‍ തനിക്കും പരിക്കേറ്റുവെന്ന് പറഞ്ഞ് ആശുപത്രിയിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. ഒരു പോലിസുകാരനൊപ്പം ജനറല്‍ ആശുപത്രിയിലെത്തിച്ച ശ്രീറാം കാര്യമായ പരിക്കൊന്നുമില്ലാതിരുന്നിട്ടും തന്നെ തുടര്‍ ചികിത്സക്കായി മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പരിശോധനയില്‍ ശ്രീറാമിന് മദ്യത്തിന്റെ മണം ഉണ്ടെന്ന് ജനറല്‍ ആശുപത്രിയിലെ ഡോ. രാകേഷ് എസ് കുമാര്‍ രേഖപ്പെടുത്തിയിരുന്നതായി മ്യൂസിയം പോലിസ് ക്രൈം എസ് ഐ മൊഴി നല്‍കിയിട്ടുണ്ട്.
ശ്രീറാം തന്റെ സുഹൃത്തായ ഡോ. അനീഷ് രാജിനെ വിളിച്ചു വരുത്തുകയും ജനറല്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് പോകാതെ പോലിസിന്റെ കണ്ണുവെട്ടിച്ച് സുഹൃത്തിനൊപ്പം കിംസ് ആശുപത്രിയിലേക്ക് പോവുകയുമായിരുന്നു. കിംസില്‍ ചികിസക്കായി എത്തിയ ശ്രീറാം താന്‍ ഓടിച്ചിരുന്ന കാര്‍ ബൈക്കിലിടിച്ച് ബഷീറിന് അപകടമുണ്ടായ കാര്യം ബോധപൂര്‍വം മറച്ചു വെക്കുകയായിരുന്നു. ഇക്കാര്യം കിംസിലെ ഡോക്ടറുടെ മൊഴിയില്‍ ചൂണ്ടിക്കാട്ടുന്നു. കാര്‍ മതിലില്‍ ഇടിച്ചാണ് തനിക്ക് പരുക്കേറ്റതെന്നും താന്‍ കാറില്‍ സഹയാത്രികനായിരുന്നുവെന്നുമാണ് ശ്രീറാം ഡോക്ടര്‍മാരോട് പറഞ്ഞിരുന്നത്. കിംസ് ആശുപത്രിയില്‍ അപ്പോള്‍ കാഷ്വാലിറ്റി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോ. മാസല്‍വോ ഗ്ലാഡി ലൂയിസ്, ഡോ. ശ്രീജിത്ത് എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം ചികിത്സയുടെ ആവശ്യത്തിനായി ശ്രീറാമിന്റെ രക്തമെടുക്കാന്‍ നഴ്‌സിനോട് നിര്‍ദ്ദേശിച്ചപ്പോള്‍ ശ്രീറാം രക്തമെടുക്കാന്‍ സമ്മതിച്ചില്ല. ഇക്കാര്യം നഴ്‌സ് കേസ് ഷീറ്റില്‍ രേഖപ്പെടുത്തിയിരുന്നു. രക്തത്തിലെ മദ്യത്തിന്റെ അളവ് കുറയുന്നതു വരെ രക്തം ശേഖരിക്കുന്നത് മന:പൂര്‍വ്വം വൈകിപ്പിച്ച് തെളിവു നശിപ്പിക്കുകയായിരുന്നു ശ്രീറാമിന്റെ ലക്ഷ്യമെന്ന് കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു. ശ്രീറാം മദ്യപിച്ചിരുന്നതായി അറിഞ്ഞിട്ടും തന്റെ കാര്‍ ശ്രീറാമിന് കൈമാറുകയും വേഗതയില്‍ ഓടിക്കാന്‍ അനുവദിക്കുകയും ചെയ്തതിനാണ് വഫക്കെതിരെ പ്രേരണാക്കുറ്റം ചുമത്തിയിട്ടുള്ളത്.
തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മൂന്നില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നൂറ് സാക്ഷിമൊഴികളാണുള്ളത്. 66 പേജുള്ള കുറ്റപത്രത്തില്‍ 84 രേഖകളും 72 തൊണ്ടിമുതലുകളുമാണ് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയത്. ശാസ്ത്രീയ തെളിവും സാക്ഷിമൊഴികളും തെളിവായുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304, 201 വകുപ്പുകളും മോട്ടോര്‍ വാഹന നിയമത്തിലെ 184,185,188 വകുപ്പുകളുമാണ് ശ്രീറാമിനും വഫക്കുമെതിരെ ചുമത്തിയിരിക്കുന്നത്. മദ്യപിച്ച് അമിത വേഗതയിലും അപകടകരമായും റോഡിലൂടെ വാഹനമോടിച്ചാല്‍ വാഹനമിടിച്ച് യാത്രക്കാര്‍ക്കം കാല്‍നടക്കാര്‍ക്കും വരം മരണം സംഭവിക്കുമെന്നും പൊതുമുതലിന് നാശനഷ്ടമുണ്ടാകുമെന്ന് അറിവും ബോധ്യവുമുള്ള ഐഎഎസ് ഉദ്യോഗസ്ഥനും ഡോക്ടറുമായ ശ്രീറാം വെങ്കിട്ടരാമനാണ് അപകടകരമായി വാഹനമോടിച്ചത് എന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. അപകടകരമായി ഡ്രൈവ് ചെയ്ത് വരുത്തിയ മനപ്പൂര്‍വമല്ലാത്ത നരഹത്യ, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ശ്രീറാമിനെതിരെ ചുമത്തിയിട്ടുള്ളത്. പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന ക്രിമിനല്‍ കുറ്റമാണ് ശ്രീറാമിനെതിരെ ചുമത്തിയിട്ടുള്ളത്.
വഫ തുടര്‍ച്ചയായി അലക്ഷ്യമായി വാഹനമോടിച്ച് പിടിക്കപ്പെട്ടിട്ടുള്ളതിനാല്‍ രണ്ടു വര്‍ഷം വരെ ശിക്ഷ ലഭിക്കാം. 50 കിലോമീറ്റര്‍ മാത്രം വേഗപരിധിയുള്ള വെള്ളയമ്പലം മ്യൂസിയം റോഡില്‍ 100 കിലോമീറ്ററിലേറെ വേഗതയില്‍ അലക്ഷ്യമായും അപകടകരമായും സഞ്ചരിച്ചിരുന്നതെന്നാണ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് ശ്രീറാമിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ നടത്തിയ നീക്കം മുഖ്യമന്ത്രിയുടെ നിലപാടിനെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു. കേസിന്റെ തുടക്കം മുതല്‍ കേരള പത്രപ്രവര്‍ത്തക യൂണിയനും സിറാജ് മാനേജ്‌മെന്റും പുലര്‍ത്തിയ നിതാന്ത ജാഗ്രതയുടെ ഫലം കൂടിയാണ് ആറുമാസത്തിനുള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട കുറ്റപത്രം.
അമിത വേഗതയും വാഹമോടിച്ചത് ശ്രീറാമാണെന്നും തിരിച്ചറിഞ്ഞത് ശാസ്ത്രീയ തെളിവുകളിലൂടെ
കെ എം ബഷീറിന്റെ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുന്ന സമയത്ത് ശ്രീറാം ഡ്രൈവ് ചെയ്തിരുന്ന ഫോക്‌സ് വാഗണ്‍ വെന്റോ കാര്‍ സഞ്ചരിച്ചിരുന്നത് 100 കിലോമീറ്ററിലേറെ വേഗതയില്‍. അമിത വേഗതയിലെത്തിയ കാര്‍ ബഷീറിന്റെ മോട്ടോര്‍ ബൈക്കിനെ ഇടിച്ചതിന് ശേഷം 24.5 മീറ്ററോളം വലിച്ചിഴച്ചാണ് പബ്ലിക് ഓഫീസിന്റെ മതിലില്‍ പോയി ഇടിച്ചു നില്‍ക്കുന്നത്. ശാസ്ത്രീയമായ പരിശോധനാ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. കാറിന്റെ അമിത വേഗതയും അപകടസമയത്ത് കാര്‍ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനാണെന്നും അന്വേഷണ സംഘം ഉറപ്പിക്കുന്നത്. അതിവേഗതയിലുള്ള വാഹനം പെട്ടെന്ന് അപകടത്തില്‍ പെടുമ്പോള്‍ വാഹനത്തിന്റെ ഡ്രൈവര്‍ക്ക് ഉണ്ടാകാവുന്ന തരത്തിലുള്ള പരിക്കുകളാണ് ശ്രീറാം വെങ്കിട്ടരാമനുണ്ടായിരുന്നതെന്ന് ശ്രീറാമിനെ മെഡിക്കല്‍ കോളജില്‍ ചികിത്സിച്ച ന്യറോളജി വിഭാഗം മേധാവിയും പ്രഫസറുമായ ഡോ.പി അനില്‍കുമാര്‍ ചൂണ്ടിക്കാട്ടുന്നു.
മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ അപകടസമയത്ത് വാഹനമോടിച്ചത്, ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയെന്ന് ശാസ്ത്രീയ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അപകടസ്ഥലത്തും കാറിലും നടത്തിയ പരിശോധനക്ക് പുറമേ ബഷീറിന്റെ പോസ്റ്റു മാര്‍ട്ടം പരിശോധനയുടെ ഫലവും ശ്രീറാമിന്റെ ചികിത്സാ രേഖകളും പരിശോധിച്ചാണ് ഫോറന്‍സിക് സംഘം ഈ നിഗമനത്തിലെത്തിയത്.
അപകടസമയത്ത് കാര്‍ നൂറിലേറെ കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിച്ചിരുന്നതെന്ന് തിരുവന്തപുരം റീജയണല്‍ ട്രാന്‍സ്‌പോര്‍ട്ട് #ോഫീസ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അരുണ്‍കുമാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനു പുറമേ പാപ്പനംകോട് ശ്രീചിത്ര കോളജ് ഓഫ് എഞ്ചിനീയറിംഗിലെ ഓട്ടോമൊബൈല്‍ വിഭാഗം മേധാവിയും അസിസ്റ്റന്റ് പ്രൊഫസര്‍മാരുമടങ്ങുന്ന മൂന്നംഗ വിദഗ്ധ സംഘം സംഭവ സ്ഥലവും അപകടത്തില്‍ പെട്ട കാറും പരിശോധിച്ചും അപകടസ്ഥല മഹസറും ഫോട്ടോഗ്രാഫുകളും പരിശോധിച്ചും കാര്‍ അമിത വേഗതയിലാണെന്നും ഇടിയുടെ ആഘാതവും സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
വെള്ളയമ്പലത്തു നിന്നും മ്യൂസിയത്തേക്കുള്ള റോഡിലെ വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ക്യാമറാ ദൃശ്യങ്ങളും സംഘം ശേഖരിച്ചിരുന്നു. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ കോമ്പൗണ്ടില്‍ വെള്ളയമ്പലം - കോര്‍പ്പറേഷന്‍ റോഡിലേക്ക് ഫോക്കസ് ചെയ്തിട്ടുള്ള ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍, ഇവരുടെ ഓഫീസിലെ സി സി ടിവിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍, അപകടം നടക്കുന്ന പബ്ലിക് ഓഫീസ് കോമ്പൗണ്ടില്‍ വെള്ളയമ്പലം കോര്‍പ്പറേഷന്‍ ഓഫീസ് റോഡിലേക്ക് ഫോക്കസ് ചെയ്തിട്ടുള്ള മൂന്ന് ക്യാമറകളില്‍ നിന്നുളള ദൃശ്യങ്ങള്‍ എന്നിവ രേഖപ്പെടുത്തിയ ഡി വി ഡികള്‍ വാഹനത്തിന്റെ അമിത വേഗത തിരിച്ചറിയുന്നതിനായി ഉപയോഗിച്ചിട്ടുണ്ട്.
ഇതു കൂടാതെ അപകടത്തിന്റെ ദൃക്‌സാക്ഷികളുടേയും അപകടം കഴിഞ്ഞ് തൊട്ടുപിന്നാലെ എത്തിയവരുടേയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരെല്ലാം അപകട സമയത്ത് കാര്‍ അമിതവേഗതയിലായിരുന്നുവെന്നും ഡ്രൈവിംഗ് സീറ്റില്‍ ഉണ്ടായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതുമായാണ് മൊഴി നല്‍കിയിട്ടുള്ളത്.
ഓഗസ്റ്റ് രണ്ടാം തീയതി ശ്രീറാം വെങ്കിട്ടരാമന്‍ കവടിയാറുള്ള തിരുവനന്തപുരം ഐ എ എസ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ താമസിച്ചിരുന്നതായും അപകടത്തിന്റെ പിറ്റേന്ന് എത്തി ശ്രീറാമിന്റെ വസ്ത്രങ്ങള്‍ പോലീസിന്റെ സാന്നിധ്യത്തില്‍ എടുത്തതായും ഇന്‍സ്റ്റിറ്റിയൂട്ട് സെക്യൂരിറ്റി മൊഴിയും കുറ്റപത്രത്തിലുണ്ട്.
മറ്റു കാറുകളില്‍ ഇല്ലാത്ത വിധത്തില്‍ ഫോക്‌സ് വാഗണ്‍ വെന്റോ കാറില്‍ ബമ്പറിനും റേഡിയേറ്ററിനും ഇടക്കുള്ള ഇംപാക്ട് ബീം ഫിറ്റ് ചെയ്തിട്ടുള്ളതിനാലാണ് ഇടിയുടെ ആഘാതമേല്‍ക്കാതെ ശ്രീറാമും വഫയും രക്ഷപ്പെട്ടതെന്ന് ഫോക്‌സ് വാഗണ്‍ ഷോറൂമിലെ അസിസ്റ്റന്റ് മാനേജര്‍ നല്‍കിയ മൊഴിയില്‍ ചൂണ്ടിക്കാട്ടുന്നു.