Kerala

കെ-ടെറ്റ് മാര്‍ച്ച് 31 നകം പാസാവണമെന്ന്; നിയമനത്തെ ബാധിക്കില്ലെന്ന് അധികൃതര്‍

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ 2011ന് ശേഷം നിയമിതരായവരുടെ കെ-ടെറ്റ് പരീക്ഷ പാസാവാനുള്ള സമയപരിധി മാര്‍ച്ച് 31ന് തീരും.

കെ-ടെറ്റ് മാര്‍ച്ച് 31 നകം പാസാവണമെന്ന്;  നിയമനത്തെ ബാധിക്കില്ലെന്ന് അധികൃതര്‍
X

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ 2011ന് ശേഷം നിയമിതരായവരുടെ കെ-ടെറ്റ് പരീക്ഷ പാസാവാനുള്ള സമയപരിധി മാര്‍ച്ച് 31ന് തീരും. സമയ പരിധി നേരത്തെ അവസാനിച്ചിരുന്നെങ്കിലും ഒരു വര്‍ഷം കൂടി കൂട്ടി നല്‍കിയിരുന്നു. ഈ കാലാവധിയാണ് 2019 മാര്‍ച്ച് 31ന് അവസാനിക്കുന്നത്. ഇതോടെ നിയമനം ലഭിച്ചവര്‍ ആശങ്കയിലായി. സമയപരിധി നീട്ടില്ലെന്ന പ്രധാന അധ്യാപകരുടെ അറിയിപ്പ് കിട്ടിയതോടെയാണ് അധ്യാപകര്‍ ആശങ്കയിലായത്. കഴിഞ്ഞ ദിവസം നടന്ന പ്രധാനാധ്യാപകരുടെ യോഗത്തില്‍ ഡിഡിഇമാര്‍ ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരുന്നു.

അതേസമയം, സമയപരിധി തീരുന്നത് സംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കിയിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ തേജസ് ന്യൂസിനോട് പറഞ്ഞു. സമയപരിധി അവസാനിക്കുന്നതോടെ 2011ന് ശേഷം നിയമനം ലഭിച്ച അധ്യാപകരുടെ ഭാവിയെന്താകുമെന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. സര്‍ക്കാര്‍ ഇപ്പോഴും ഇത് സംബന്ധിച്ച് തീരുമാനത്തിലെത്തിയിട്ടില്ലെന്നും കെ-ടെറ്റ് പാസാകാനുള്ള സമയപരിധി അവസാനിക്കുന്നത് അധ്യാപകരുടെ നിയമനത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ 2011ന് ശേഷം നിയമിതരായവര്‍ മാര്‍ച്ച് 31നുള്ളില്‍ കെ-ടെറ്റ് യോഗ്യത നേടണമെന്നാണ് നിര്‍ദേശം. തുടക്കത്തില്‍ എല്ലാ അധ്യാപകര്‍ക്കും നിര്‍ബന്ധമാക്കിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് 2011ന് ശേഷം നിയമിതരായവര്‍ക്ക് മാത്രം ബാധകമാക്കി ഇളവ് അനുവദിക്കുകയായിരുന്നു. ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസില്‍ അധ്യാപകരാകാന്‍ കാറ്റഗറി ഒന്ന്, ആറ് മുതല്‍ എട്ട് വരെ കാറ്റഗറി രണ്ട്, 9, 10 ക്ലാസുകളില്‍ അധ്യാപകരാകാന്‍ കാറ്റഗറി മൂന്ന്, ഭാഷാ വിഷയങ്ങളില്‍ അധ്യാപകരാകാന്‍ കാറ്റഗറി നാല് വിജയമാണ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്.

Next Story

RELATED STORIES

Share it