Kerala

ശബരിമലയിൽ യുവതി പ്രവേശന വിധി നടപ്പിലാക്കേണ്ടതില്ലെന്ന് നിയമോപദേശം

ശബരിമലയിലേക്കു പോവുന്ന യുവതികള്‍ക്കു സര്‍ക്കാര്‍ സംരക്ഷണം നല്‍കില്ല. ആക്ടിവിസം പ്രദര്‍ശിപ്പിക്കാനുള്ള ഇടമല്ല ശബരിമലയെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

ശബരിമലയിൽ യുവതി പ്രവേശന വിധി നടപ്പിലാക്കേണ്ടതില്ലെന്ന് നിയമോപദേശം
X

തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയിലേക്കു പോവുന്ന യുവതികള്‍ക്കു സര്‍ക്കാര്‍ സംരക്ഷണം നല്‍കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആക്ടിവിസം പ്രദര്‍ശിപ്പിക്കാനുള്ള ഇടമല്ല ശബരിമലയെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ശബരിമല വിഷയത്തില്‍ പുനപരിശോധനാ വിഷയങ്ങള്‍ സുപ്രീം കോടതി വിശാല ബെഞ്ചിന് വിട്ടതിനാല്‍ 2018 സപ്തംബറിലെ യുവതി പ്രവേശന വിധി നടപ്പിലാക്കേണ്ടതില്ലെന്ന് സര്‍ക്കാരിന് നിയമോപദേശം. മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്തയാണ് നിയമോപദേശം നല്‍കിയത്. കേസില്‍ അന്തിമതീര്‍പ്പ് വരുംവരെ പഴയ സ്ഥിതി തുടരുന്നതാണ് ഉചിതമെന്നും നിയമോപദേശത്തില്‍ പറയുന്നു.

2018 സപ്തംബര്‍ 28ലെ യുവതിപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയിലെ പല കാര്യങ്ങളും പുനഃപരിശോധനാ ഹരജികള്‍ പരിഗണിച്ച ബെഞ്ച് വിശാല ബെഞ്ചിന് വിട്ടിരിക്കുകയാണ്. അങ്ങനെയുള്ളപ്പോള്‍ 2018 സപ്തംബര്‍ 28ലെ വിധി നടപ്പിലാക്കേണ്ട ബാധ്യത സര്‍ക്കാരിന് വരുന്നില്ലെന്ന പ്രാഥമിക നിയമോപദേശമാണ് സര്‍ക്കാരിന് മുന്നില്‍ ഇപ്പോഴുള്ളത്.

ഇത്തവണ ശബരിമലയിലേക്ക് സര്‍ക്കാര്‍ സ്ത്രീകളെ കൊണ്ടുപോവുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ഇല്ലെന്ന മറുപടി മന്ത്രി നല്‍കിയത്. മുമ്പും സര്‍ക്കാര്‍ സ്ത്രീകളെ കൊണ്ടുപോയിട്ടില്ല, ഇനിയും കൊണ്ടുപോവില്ല. പോവണമെന്നുള്ളവര്‍ സുപ്രീം കോടതിയുടെ ഉത്തരവുമായി വരണമെന്ന് കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ആക്ടിവിസം പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്ന് മന്ത്രി പറഞ്ഞു. താന്‍ മുമ്പും ഇതു പറഞ്ഞിട്ടുണ്ട്. ഇപ്പോഴും അതുതന്നെയാണ് നിലപാട്. തൃപ്തി ദേശായിയെപ്പോലുള്ളവരുടെ പ്രചാരണം ലക്ഷ്യമിട്ടു നീങ്ങുന്നവര്‍ക്കുള്ള സ്ഥലമല്ല ശബരിമല. ഭക്തിയല്ല അവരുടെ പ്രശ്നം, വ്യക്തിതാത്പര്യമാണ്. സര്‍ക്കാര്‍ അതിനു കൂട്ടുനില്‍ക്കില്ലെന്ന് കടകംപള്ളി പറഞ്ഞു. സര്‍ക്കാര്‍ നിലപാട് ഇക്കാര്യത്തില്‍ വ്യക്തമാണ്. മുഖ്യമന്ത്രി തന്നെ അതു വ്യക്തമാക്കിയിട്ടുണ്ട്. തീര്‍ഥാടനകാലം അലങ്കോലമാക്കാന്‍ ആരും ശ്രമിക്കരുതെന്ന് മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it