Kerala

കളമശ്ശേരി സ്‌ഫോടനം; ഉത്തരവാദിത്വമേറ്റ് ഡൊമിനിക് മാര്‍ട്ടിന്‍; റിമോട്ട് കണ്ടെത്തി

ഡൊമിനിക് മാര്‍ട്ടിന്‍ ലൈവില്‍ പറഞ്ഞ കാര്യങ്ങള്‍:

കളമശ്ശേരി സ്‌ഫോടനം; ഉത്തരവാദിത്വമേറ്റ്  ഡൊമിനിക് മാര്‍ട്ടിന്‍; റിമോട്ട് കണ്ടെത്തി
X

തൃശ്ശൂര്‍: കളമശ്ശേരി യഹോവാസാക്ഷികളുടെ സമ്മേളനത്തില്‍ ബോംബുവെച്ചത് താനാണെന്ന് അവകാശപ്പെട്ട് കൊടകര സ്റ്റേഷനില്‍ ഹാജരാകും മുമ്പ് ഡൊമിനിക് മാര്‍ട്ടിന്‍ ഫെയ്സ്ബുക്കില്‍ ലൈവ് സ്ട്രീമിങ് നടത്തി. സ്ഫോടനത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്ന് പറഞ്ഞ ഡൊമിനിക് മാര്‍ട്ടിന്‍, താനാണ് ബോംബ് സ്ഫോടനം നടത്തിയതെന്ന് അവകാശപ്പെട്ടു. പിന്നീട് ഇയാളുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെട്ടു.

ഡൊമിനിക് മാര്‍ട്ടിന്‍ ലൈവില്‍ പറഞ്ഞ കാര്യങ്ങള്‍:

പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. ഞാനാണ് ബോംബ് സ്ഫോടനം നടത്തിയത്. 16 വര്‍ഷത്തോളം യഹോവസാക്ഷികള്‍ക്കൊപ്പം ഉണ്ടായിരുന്നു. അന്നൊന്നും ഗൗരവമായി എടുത്തിരുന്നില്ല. തമാശയായി മാത്രമേ എടുത്തിരുന്നുള്ളൂ. ആറുവര്‍ഷമായി ചിന്തിച്ചപ്പോള്‍ തെറ്റായ പ്രസ്ഥാനമാണെന്നും പഠിപ്പിക്കലുകള്‍ രാജ്യദ്രോഹപരമാണെന്ന് മനസിലാക്കുകയും അവ തിരുത്തണമെന്നും ആവശ്യപ്പെട്ടു. അവര്‍ അതിന് തയ്യാറായില്ല. വളരെ അധികം പ്രാവശ്യം ഇതിനെക്കുറിച്ച് സംസാരിക്കുകയുണ്ടായി.

രാജ്യത്തെ ജനങ്ങള്‍ മോശമായ ഭാഷയില്‍ വേശ്യാസമൂഹമെന്നും നശിച്ചുപോകുന്ന ജാതികളെന്നും ഇവരുടെ കൂടെ കൂടരുതെന്നും കൂട്ടത്തില്‍ ഭക്ഷണം കഴിക്കരുതെന്നും പഠിപ്പിക്കുന്ന പ്രസ്ഥാനമാണിത്. ഇത് വളരെ തെറ്റായ ആശയമാണ് നല്‍കുന്നതെന്ന് എനിക്ക് മനസിലായി.

സഹപാഠി തരുന്ന മിഠായി നീ കഴിക്കരുതെന്ന് നാലുവയസ്സുള്ള നഴ്സറി കുട്ടിയെ അവര്‍ പഠിപ്പിച്ചു. നാലുവയസ്സു മുതല്‍ മാതാപിതാക്കള്‍ കുട്ടിയുടെ മനസിലേക്ക് വിഷം കുത്തിവെച്ചു. ദേശീയഗാനം പാടരുതെന്ന് പറഞ്ഞു. മുതിരുമ്പോള്‍ വോട്ട് ചെയ്യരുതെന്ന് പഠിപ്പിച്ചു. അവരെല്ലാം മോശം ആളുകളാണ്, കൂട്ടത്തില്‍ കൂടാന്‍ പാടില്ല, സൈനിക സേവനം ചെയ്യരുത്, സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യാന്‍ പാടില്ല. ടീച്ചറാവാന്‍ പോലും അനുവദിക്കുന്നില്ല, ഇത് നശിച്ചുപോകുന്ന ജനവിഭാഗത്തില്‍പ്പെട്ട ആളുകളുടെ ജോലിയാണ്.

ഭൂമിയിലെ എല്ലാവരും നശിച്ചുപോകും ഇവര്‍ മാത്രം ജീവിച്ചിരിക്കും എന്നാണ് ഇവര്‍ പഠിപ്പിക്കുന്നത്. 850 കോടി ജനങ്ങളുടെ നാശം ആഗ്രഹിക്കുന്ന ജനവിഭാഗത്തെ എന്താണ് ചെയ്യുക? എനിക്കൊരു പോംവഴി കണ്ടെത്താന്‍ കഴിഞ്ഞില്ല. തെറ്റായ ആശയത്തെ പ്രതികരിച്ചേ പറ്റൂ, വ്യക്തമായി അറിയാവുന്നതുകൊണ്ടും പ്രസ്ഥാനം രാജ്യത്തിന് അപകടമാണെന്ന് മനസിലാക്കിയതുകൊണ്ടും ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നു.

തെറ്റായ ആശയങ്ങള്‍ സ്വീകരിക്കുന്നവരെ നിയന്ത്രിക്കുന്നില്ലെങ്കില്‍ എന്നെപ്പോലുള്ള സാധാരണക്കാരന് ജീവന്‍ നല്‍കേണ്ടിവരുന്നു. അടുത്ത് നില്‍ക്കുന്നത് സഹോദരങ്ങളും അമ്മയും പെങ്ങളുമല്ലേ, അവരെ വേശ്യാസമൂഹം എന്ന് വിളിക്കാമോ, എത്രമാത്രം അധഃപതിച്ച ചിന്താഗതിയാണത്.

ഒരാളെങ്കിലും പ്രതികരിച്ചില്ലെങ്കില്‍ അവരുടെ ആശയം ശരിയാണെന്ന് അവര്‍ക്ക് തോന്നും. യഹോവയുടെ സാക്ഷികളേ നിങ്ങളുടെ ആശയം തെറ്റാണ്. നിങ്ങള്‍ ഒരിക്കലും മറ്റുള്ളവരെ സഹായിക്കുകയോ ബഹുമാനിക്കുകയോ ചെയ്യുന്നില്ല. വെള്ളപ്പൊക്ക സമയത്ത് നിങ്ങളുടെ ആളുകളുടെ വീട്ടില്‍ മാത്രം പോയി വൃത്തിയാക്കിക്കൊടുത്തു. വളരെ ചിന്തിച്ചശേഷം മാത്രമാണ് ഈ തീരുമാനം എടുത്തത്. തെറ്റായ ആശയം നാട്ടില്‍ അവസാനിപ്പിച്ചേ പറ്റൂ. മറ്റുള്ളവര്‍ നശിച്ചുപോവും എന്ന ചിന്താഗതി ഒരിക്കലും വളര്‍ത്താന്‍ പറ്റില്ല. ഈ പ്രസ്ഥാനം നാട്ടില്‍ ആവശ്യമില്ലെന്ന പൂര്‍ണ്ണബോധ്യത്തോടെയാണ് ഇത് പറയുന്നത്. എങ്ങനെയാണ് സ്ഫോടനം നടന്നതെന്ന് സംപ്രേക്ഷണം ചെയ്യരുത്. അപകടകരമാണത്. സാധാരണക്കാരന്റെ കൈയില്‍ എത്തിപ്പെട്ടാല്‍ അപകടകരമാണത് - ഫെയ്സ്ബുക്ക് ലൈവില്‍ മാര്‍ട്ടിന്‍ പറയുന്നു.

പോലീസില്‍ കീഴടങ്ങിയ ഡൊമനിക് മാര്‍ട്ടിനെ കനത്ത പോലീസ് സുരക്ഷയില്‍ കളമശ്ശേരിയില്‍ എത്തിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇയാളെ ചോദ്യംചെയ്യുകയാണ്. ഡി.ജി.പി. ഷെയ്ഖ് ദര്‍വേഷ് സാഹിബ്, ഇന്റലിജന്‍സ് എ.ഡി.ജി.പി. മനോജ് എബ്രഹാം, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ എന്നിവര്‍ കളമശ്ശേരി എ.ആര്‍. ക്യാമ്പിലുണ്ട്.

ഉച്ചയോടെയാണ് ഇയാള്‍ തൃശ്ശൂര്‍ കൊടകര പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. പ്രാഥമികമായി ഡൊമനിക് മാര്‍ട്ടിന്‍ പറയുന്നതില്‍ കഴമ്പുണ്ടെന്ന് മനസിലായതിനെത്തുടര്‍ന്നാണ് ഇയാളിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുന്നത്. ഇയാളുടെ തമ്മനത്തെ വീട്ടില്‍ പോലീസെത്തി പരിശോധന നടത്തി. ഭാര്യയുടെ മൊഴി രേഖപ്പെടുത്തി. പരിശോധനയില്‍ റിമോര്‍ട്ട് അടക്കമുള്ളവ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.






Next Story

RELATED STORIES

Share it