Kerala

കാസർകോട്ടേക്കുള്ള ജില്ലാ അതിർത്തി മുന്നറിയിപ്പില്ലാതെ അടച്ചു; വലഞ്ഞ് ജനങ്ങൾ

കാര-താലിച്ചാലം പാലം, തട്ടാർക്കടവ് പാലം എന്നിവ പൂർണമായും അടച്ചു.

കാസർകോട്ടേക്കുള്ള ജില്ലാ അതിർത്തി മുന്നറിയിപ്പില്ലാതെ അടച്ചു; വലഞ്ഞ് ജനങ്ങൾ
X

പയ്യന്നൂർ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാസർകോട്ട്‌ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്ന് ജില്ലാ അതിർത്തി അടച്ചു. കാസർകോട് ജില്ലയിൽ നിന്ന്‌ കണ്ണൂരിലേക്ക് പ്രവേശിക്കുന്ന അതിർത്തികളാണ് പയ്യന്നൂർ, പെരിങ്ങോം, ചെറുപുഴ പോലിസ് സ്റ്റേഷൻ പരിധികളിൽ അടച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ജില്ലാ അതിർത്തികൾ അടയ്ക്കാൻ കണ്ണൂർ ജില്ലാ പോലിസ് മേധാവി പോലിസ് സ്റ്റേഷനുകളിലേക്ക് നിർദേശം നൽകിയത്. എന്നാൽ റവന്യൂ അധികൃതരെ ഇക്കാര്യം അറിയിച്ചില്ല.

ദേശീയപാതയിൽ കാലിക്കടവിലൂടെ മാത്രമാണ് രാവിലെ ഗതാഗതം അനുവദിച്ചത്. കാര-താലിച്ചാലം പാലം, തട്ടാർക്കടവ് പാലം എന്നിവ പൂർണമായും അടച്ചു. ഒളവറ പാലം രാവിലെ അടച്ചെങ്കിലും പിന്നീട് തഹസിൽദാരുടെ ആവശ്യപ്രകാരം അത്യാവശ്യ വാഹനങ്ങളും ആളുകളെയും കടത്തിവിട്ടു. കരിവെള്ളൂരിൽ ജില്ലാ അതിർത്തി പങ്കിടുന്ന ദേശീയപാത ഒഴികെയുള്ള ചെറു റോഡുകളെല്ലാം അടച്ചു.

രാവിലെ ഇരുവശത്തേക്കുമുള്ള ആരോഗ്യ പ്രവർത്തകരെയും അവശ്യ സർവീസുകളും മറ്റ് അത്യാവശ്യ വാഹനങ്ങളും ഒളവറയിൽ തടഞ്ഞു. ഇതേത്തുടർന്ന് ഒളവറ പാലത്തിന് രണ്ടുവശത്തുമായി വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. മുന്നറിയിപ്പില്ലാതെ അതിർത്തികൾ അടച്ചതിനെത്തുടർന്ന് യാത്രക്കാരും അതിർത്തിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരും തമ്മിൽ പലതവണ വാക്കേറ്റമുണ്ടായി. ഒളവറ വഴിയുള്ള ഗതാഗതം അനുവദിക്കാത്തതിനെത്തുടർന്ന് തൃക്കരിപ്പൂർ ഭാഗത്തേക്ക് പോകേണ്ടവർക്ക് ദേശീയപാതവഴി പോകേണ്ടിവന്നു.

Next Story

RELATED STORIES

Share it