Kerala

കഴക്കൂട്ടത്ത് സിപിഎം-ബിജെപി ബന്ധം; ബിജെപി സ്ഥാനാര്‍ഥി പറഞ്ഞ ഡീല്‍ എന്താണെന്ന് വ്യക്തമാക്കണമെന്ന് ഡോ. എസ്എസ് ലാല്‍

കഴക്കൂട്ടത്ത് സിപിഎം-ബിജെപി ബന്ധം;  ബിജെപി സ്ഥാനാര്‍ഥി പറഞ്ഞ ഡീല്‍ എന്താണെന്ന് വ്യക്തമാക്കണമെന്ന് ഡോ. എസ്എസ് ലാല്‍
X

തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തില്‍ പരാജയം ഉറപ്പായ ദേവസ്വം മന്ത്രി ബിജെപിയുമായി ധാരണയിലെത്തിയിരിക്കുന്നതായി യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. എസ്എസ് ലാല്‍. കള്ളവോട്ടില്‍ എന്നും ജയിച്ചിരുന്ന സിപിഎം കഴക്കൂട്ടത്ത് 15,000 ഇരട്ട വോട്ട് കണ്ടെത്തിയതോടെ ഇനി ജയിക്കില്ല എന്ന് ഉറപ്പിച്ചു. യുഡിഎഫിന്റെ വിജയം തടയാന്‍ ബിജെപിക്ക് വോട്ട് മറിക്കാനുള്ള ശ്രമവും നടത്തുകയാണ്. മതം ജാതി എന്നിവ പ്രചരിപ്പിച്ചാണ് സിപിഎമ്മിന്റേയും, ബിജെപിയുടേയും വോട്ട് പിടുത്തം. ഇത് നഗ്‌നമായ ജനാധിപത്യ ലംഘമാണെന്നും ഡോ. എസ്എസ് ലാല്‍ പറഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥി കഴക്കൂട്ടത്ത് ഡീല്‍ ഉറപ്പാക്കിയെന്നാണ് പറയുന്നത്. ആരുമായാണ് ഡീല്‍, എത്ര തുകയ്ക്കാണ് ഡീല്‍ എന്നും ബിജെപി സ്ഥാനാര്‍ത്ഥി വ്യക്തമാക്കണമെന്നും ഡോ. എസ്എസ് ലാല്‍ ആവശ്യപ്പെട്ടു.

ബിജെപി ആണെങ്കില്‍ ഡീലിന്റെ രാഷ്ട്രീയമാണ് സംസാരിക്കുന്നത്. ബിജെപിക്ക് പല സംസ്ഥാനങ്ങളിലും വോട്ട് കച്ചവടം നടത്തിയാണ് ശീലമുള്ളത്. അത് കഴക്കൂട്ടത്ത് വിലപ്പോകില്ല. ആ ഡീലിന്റെ ഭാഗമാണോ പ്രധാനമന്ത്രി പങ്കെടുത്ത എന്‍ഡിഎയുടെ പരിപാടി ഗ്രീന്‍ ഫീള്‍ഡ് സ്‌റ്റേഡിയത്തിനുള്ളില്‍ നടത്താന്‍ കടകംപള്ളി ഒത്താശ ചെയ്തതെത്. അക്കാര്യത്തില്‍ കടകംപള്ളി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി സ്ഥാനാര്‍ത്ഥി കഴക്കൂട്ടത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമം. ജനങ്ങള്‍ വോട്ട് ചെയ്യാന്‍ നില്‍ക്കുമ്പോള്‍ അട്ടിമറി എന്ന് പറയുന്നത് കഴക്കൂട്ടത്തെ ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണ്. ബിജെപി സ്ഥാനാര്‍ത്ഥി മാപ്പ് പറയണം. ബിജെപിക്ക് ഉത്തരേന്ത്യന്‍ രാഷ്ട്രീയം മാത്രമേ അറിയൂ, ജനാധിപത്യ സംവിധാനത്തില്‍ ഡീല്‍ ഉണ്ടാക്കി ജയിക്കുമെന്ന് പറയുന്നവരെ അയോഗ്യമാക്കണമെന്നും ഡോ. ലാല്‍ പറഞ്ഞു. കര്‍ണാടകത്തില്‍ നിന്നുള്ള മദ്യലോബിക്കാര്‍ ഉള്‍പ്പെടെ തലസ്ഥാനത്ത് തമ്പടിച്ചിരിക്കുകയാണ്. മദ്യ കമ്പിനികള്‍ വരെ ഡീല്‍ ഉറപ്പിക്കാന്‍ എത്തിയതെന്നും വ്യക്തമാക്കണം. മന്ത്രിയുടെ മണ്ഡലത്തില്‍ വികസനം മുരടിച്ചിരിക്കുകയാണ്. അത് മറികടക്കാന്‍ രണ്ട് സ്ഥാനാര്‍ഥികളും ധൂര്‍ത്ത് നടത്തുകയാണ്. ദേവസ്വം മന്ത്രി കഴക്കൂട്ടത്ത് പ്രചരണത്തിന് ഇറക്കിയിരിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞ ചിലവിന്റെ ഇരട്ടിയില്‍ അധികമാണ്. ഇത്രയേറെ പണം എവിടെന്ന് കിട്ടിയെന്നും വ്യക്തമാക്കണം. കള്ളവോട്ടിന്റെ ബലത്തിലാണ് ഉറപ്പാണ് എല്‍ഡിഎഫ് എന്ന് പറഞ്ഞത്. അത് പൊളിഞ്ഞതോടെയാണ് ഇരുവരും ഡീലുമായി മുന്നോട്ട് എത്തിയതെന്നും ഡോ.എസ്എസ് ലാല്‍ പറഞ്ഞു.

Next Story

RELATED STORIES

Share it