Kerala

പാര്‍ട്ടിയേക്കാള്‍ വളര്‍ന്ന പി ജയരാജന്‍ പാര്‍ട്ടിയില്‍ നേരിടുന്നത് സമാനതയില്ലാത്ത പ്രതിസന്ധി

പിണറായിക്കുശേഷം ജയരാജന്‍ എന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ശക്തമായി. അതോടെ കണ്ണൂരിലെ തന്നെ ഒരുപറ്റം നേതാക്കള്‍ അസ്വസ്ഥരായി. അവരെല്ലാം ഔദ്യോഗിക ചേരിയിലെ പ്രമുഖരായിരുന്നു. ജയരാജനെ പ്രകീര്‍ത്തിക്കുന്ന ഗാനവുമായി 'കണ്ണൂരിന്റെ ഉദയസൂര്യന്‍' എന്ന പേരില്‍ സംഗീത ആല്‍ബം പുറത്തിറക്കിയത് വന്‍ വിവാദമായി. ഈ ഗാനത്തിനൊപ്പം ജയരാജന്റെ ദൃശ്യങ്ങള്‍കൂടി ഉള്‍പ്പെടുത്തി ആല്‍ബം പുറത്തിറക്കി.

പാര്‍ട്ടിയേക്കാള്‍ വളര്‍ന്ന പി ജയരാജന്‍ പാര്‍ട്ടിയില്‍ നേരിടുന്നത് സമാനതയില്ലാത്ത പ്രതിസന്ധി
X

പി സി അബ്ദുല്ല

കണ്ണൂര്‍: പാര്‍ട്ടിയേക്കാള്‍ വളര്‍ന്ന് ഒടുവില്‍, പാര്‍ട്ടിക്കുതന്നെ വേണ്ടാതാവുമ്പോള്‍ പി ജയരാജന്‍ സിപിഎമ്മില്‍ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി. ഏറ്റവുമൊടുവില്‍ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട് പാര്‍ട്ടിയില്‍ അപമാനിതനായി നില്‍ക്കുന്ന ഘട്ടത്തില്‍ പോലും തന്റെ വിശ്വസ്ഥരും 'ആരാധകരു'മായ അമ്പാടിമുക്ക് സഖാക്കളെയും പി ജെ ആര്‍മിയെയും തള്ളിപ്പറയേണ്ടിവന്ന ജയരാജന്റെ അവസ്ഥ അതീവനിസ്സഹായമാണ്. കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പാര്‍ട്ടിയുടെ തേരുതെളിച്ച പി ജയരാജനു മുന്നില്‍ പാര്‍ട്ടി സ്ഥാനമാനങ്ങളുടെ സാധ്യതകളടയുന്നതാണ് സമീപകാല ചരിത്രം.

2010ല്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ശശിയ്ക്ക് പകരക്കാരനായാണ് ജയരാജന്‍ ജില്ലാ ആക്ടിങ് സെക്രട്ടറിയായത്. 2011 മുതല്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ജയരാജന്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍നിന്ന് മല്‍സരിക്കാനായി സെക്രട്ടറി സ്ഥാനമൊഴിഞ്ഞു. കണ്ണൂരിലെ പാര്‍ട്ടി വേദികളില്‍ പിണറായിയേക്കാളും കോടിയേരിയേക്കാളും ജയരാജന്‍ താരമാവുന്നതായിരുന്നു പിന്നീടുള്ള കാഴ്ചകള്‍. യൂത്ത് ലീഗ് മുന്‍ ജില്ലാ പ്രസിഡന്റുള്‍പ്പെടെ മറ്റു പാര്‍ട്ടികളില്‍നിന്ന് രാജിവച്ചവര്‍ക്കു കണ്ണൂരില്‍ നല്‍കിയ സ്വീകരണത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനായിരുന്നു മുഖ്യാതിഥി.

പക്ഷേ, മുദ്രാവാക്യം മുഴുവന്‍ പി ജയരാജന്. ജയരാജന് സ്വാഗതം പറയുമ്പോഴും ജയരാജന്‍ പ്രസംഗിക്കാനെത്തുമ്പോഴും ഉയരുന്ന മുദ്രാവാക്യങ്ങളുടെ പത്തിലൊന്നുപോലും സംസ്ഥാന സെക്രട്ടറിക്കു ലഭിച്ചില്ല. മുഖ്യമന്ത്രി പങ്കെടുക്കുന്ന സമ്മേളനത്തില്‍ പോലും ജയരാജനായിരുന്നു കൈയടി. ജില്ലയിലുടനീളം ജയരാജന്റെ മുഴുനീള ചിത്രം വച്ച് ഫഌ്‌സുകള്‍ നിരന്നു. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ വിശദമാക്കി സ്ഥാപിച്ച ഫ്‌ളക്‌സില്‍ പോലും മുഖ്യമന്ത്രിയുടെ ചിത്രത്തേക്കാള്‍ വലുപ്പത്തില്‍ ജയരാജനായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ആക്രമണം മുതല്‍ കൊലക്കേസുകളില്‍ പ്രതിയാക്കിയതുവരെ ജയരാജന് അണികള്‍ക്കിടയില്‍ രക്തസാക്ഷി പരിവേഷം ലഭിച്ചു.

പിണറായിക്കുശേഷം ജയരാജന്‍ എന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ശക്തമായി. അതോടെ കണ്ണൂരിലെ തന്നെ ഒരുപറ്റം നേതാക്കള്‍ അസ്വസ്ഥരായി. അവരെല്ലാം ഔദ്യോഗിക ചേരിയിലെ പ്രമുഖരായിരുന്നു. ജയരാജനെ പ്രകീര്‍ത്തിക്കുന്ന ഗാനവുമായി 'കണ്ണൂരിന്റെ ഉദയസൂര്യന്‍' എന്ന പേരില്‍ സംഗീത ആല്‍ബം പുറത്തിറക്കിയത് വന്‍ വിവാദമായി. ഈ ഗാനത്തിനൊപ്പം ജയരാജന്റെ ദൃശ്യങ്ങള്‍കൂടി ഉള്‍പ്പെടുത്തി ആല്‍ബം പുറത്തിറക്കി.

പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റിയംഗവും നേതൃത്വം നല്‍കുന്ന കലാസമിതി ഇത്തരമൊരു സംഗീത ആല്‍ബം പുറത്തിറക്കിയിട്ടും അതിനെ തടഞ്ഞില്ലെന്ന് മാത്രമല്ല, പ്രോല്‍സാഹിപ്പിക്കുന്ന നിലപാടാണ് ജയരാജന്‍ സ്വീകരിച്ചത്. ജില്ലയിലെ പല ബ്രാഞ്ച്, ലോക്കല്‍ സമ്മേളന വേദികളിലും ഈ ഗാനം കേള്‍പ്പിച്ചെന്നും പരാതിയുണ്ട്. ആര്‍എസ്എസ്-സിപിഎം സംഘര്‍ഷം ശക്തമായ കാലത്ത് ബിജെപി മുന്‍ ജില്ലാ പ്രസിഡന്റിനെയുള്‍പ്പെടെ പാര്‍ട്ടിയിലെത്തിക്കാനും ജയരാജന്‍ മുന്‍കൈയെടുത്തു. ശ്രീകൃഷ്ണജയന്തി ഘോഷയാത്രയ്ക്കു ബദലായുള്ള സിപിഎമ്മിന്റെ സാംസ്‌കാരിക ഘോഷയാത്രകളുടെ തുടക്കവും വന്‍ വിവാദമുണ്ടാക്കി.

അച്ചടക്കലംഘനത്തിന് ഒരുവര്‍ഷത്തിനിടെ രണ്ടുതവണയാണു പി ജയരാജനു സംസ്ഥാന സമിതിയുടെ വിമര്‍ശനമേറ്റുവാങ്ങേണ്ടിവന്നത്. പിണറായി പോലിസ് മന്ത്രിയായിരിക്കെ പയ്യന്നൂരില്‍ പോലിസ് സ്‌റ്റേഷന്‍ ഉപരോധത്തിനു മുതിര്‍ന്ന ജയരാജന്റെ നടപടി തെറ്റായിപ്പോയെന്ന് സംസ്ഥാന സമിതി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. സിപിഎം ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി പോലിസ് സ്‌റ്റേഷന്റെ വരാന്തയില്‍ കയറി സമരം ചെയ്തതാണ് അന്ന് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയത്. സിപിഎം- ആര്‍എസ്എസ് സംഘര്‍ഷങ്ങള്‍ കനത്ത വേളയിലായിരുന്നു സര്‍ക്കാരിനെ വെട്ടിലാക്കിയ ജയരാജന്റെ സമരം.

ബിജെപി പ്രവര്‍ത്തകനായ രാമചന്ദ്രന്‍ കൊല്ലപ്പെട്ട കേസില്‍ ഡിവൈഎഫ്‌ഐ നേതാവായ ടി സി വി നന്ദകുമാറിനെതിരേ 'കാപ്പ' ചുമത്തിയതില്‍ പ്രതിഷേധിച്ച് പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പോലിസ് സ്‌റ്റേഷന്‍ ഉപരോധിച്ചത്. പോലിസ് സ്‌റ്റേഷന്‍ വരാന്തയില്‍നിന്നായിരുന്നു ജയരാജന്റെ പ്രസംഗം. അതോടെ, പിണറായിയുടെ പൂര്‍ണനിയന്ത്രണത്തിലുള്ള കണ്ണൂര്‍ ലോബിക്ക് പി ജയരാജന്‍ തീര്‍ത്തും അനഭിമതനായി.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ സ്ഥാനാര്‍ഥിയാക്കി ജില്ലാ സെക്രട്ടറി സ്ഥാനം രാജിവയ്പ്പിച്ചു. വടകരയില്‍ ദയനീയ തോല്‍വി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ജില്ലാ സെക്രട്ടറി സ്ഥാനം രാജിവച്ച മറ്റൊരു നേതാവ് തോറ്റ് തിരിച്ചുവന്നപ്പോല്‍ ജില്ലാ സെക്രട്ടറി സ്ഥാനം തിരികെ നല്‍കി. പക്ഷേ, ജയരാജന്റെ കാര്യത്തില്‍ അതുണ്ടായില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പേരിലാണ് ഇപ്പോള്‍ പി ജയരാജന് സീറ്റ് നിഷേധിക്കുന്നത്. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മറ്റു രണ്ടുപേര്‍ സി.പിഎം പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. അതേസമയം, ജയരാജന്റെ കാര്യത്തില്‍ അവസാന നിമിഷം ചില ഒത്തുതീര്‍പ്പുകളുണ്ടാവുമെന്ന് കരുതുന്നവരുമുണ്ട്.

Next Story

RELATED STORIES

Share it