Kerala

ബിജെപി സ്ഥാനാര്‍ഥി വി വി രാജേഷ് രണ്ടിടത്തെ വോട്ടര്‍പട്ടികയില്‍; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി സിപിഐ

നെടുമങ്ങാട്ടെ കുടുംബവീടുള്‍പ്പെടുന്ന 16ാം വാര്‍ഡിലെയും കോര്‍പറേഷനിലെ വഞ്ചിയൂര്‍ വാര്‍ഡിലെയും വോട്ടര്‍ പട്ടികകളിലാണ് രാജേഷിന്റെ പേരുള്ളതെന്നാണ് പരാതി. രണ്ടിടത്ത് പേരുള്‍പ്പെട്ടത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സിപിഐ തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ്.

ബിജെപി സ്ഥാനാര്‍ഥി വി വി രാജേഷ് രണ്ടിടത്തെ വോട്ടര്‍പട്ടികയില്‍; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി സിപിഐ
X

തിരുവനന്തപുരം: ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റും കോര്‍പറേഷന്‍ പൂജപ്പുര വാര്‍ഡിലെ സ്ഥാനാര്‍ഥിയുമായ വി വി രാജേഷിന്റെ പേര് രണ്ടിടത്തെ വോട്ടര്‍പട്ടികയിലുള്‍പ്പെട്ടിട്ടുണ്ടെന്ന പരാതിയുമായി സിപിഐ. നെടുമങ്ങാട്ടെ കുടുംബവീടുള്‍പ്പെടുന്ന 16ാം വാര്‍ഡിലെയും കോര്‍പറേഷനിലെ വഞ്ചിയൂര്‍ വാര്‍ഡിലെയും വോട്ടര്‍ പട്ടികകളിലാണ് രാജേഷിന്റെ പേരുള്ളതെന്നാണ് പരാതി. രണ്ടിടത്ത് പേരുള്‍പ്പെട്ടത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സിപിഐ തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ്.

രാജേഷിന്റെ പേരുള്‍പ്പെട്ട വോട്ടര്‍പട്ടികകളുടെ പകര്‍പ്പും സിപിഐ പുറത്തുവിട്ടു. നവംബര്‍ 10ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടിക പ്രകാരം നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെയും തിരുവനന്തപുരം കോര്‍പറേഷനിലെയും വോട്ടറാണ് അദ്ദേഹം. നെടുമങ്ങാട്ടുള്ള മായ എന്ന കുടുംബവീടിന്റെ വിലാസത്തില്‍ മുനിസിപ്പാലിറ്റിയിലെ 16ാം വാര്‍ഡായ കുറളിയോട് വോട്ടര്‍പട്ടികയിലെ ഒന്നാം ഭാഗത്തില്‍ ക്രമനമ്പര്‍ 72 ആയി വേലായുധന്‍ നായര്‍ മകന്‍ രാജേഷ് (42 വയസ്) എന്ന് ചേര്‍ത്തിട്ടുണ്ട്.

പൂജപ്പുര വാര്‍ഡില്‍ മല്‍സരിക്കാനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതില്‍ കോര്‍പറേഷനിലെ 82ാം നമ്പര്‍ വാര്‍ഡായ വഞ്ചിയൂരിലെ എട്ട് ഭാഗങ്ങളുള്ള വോട്ടര്‍പട്ടികയില്‍ മൂന്നാം ഭാഗത്തില്‍ രാജേഷ് എന്ന വിലാസത്തില്‍ 1042ാം ക്രമനമ്പരായി വേലായുധന്‍നായര്‍ മകന്‍ വി വി രാജേഷ് എന്നാണുള്ളത്. 1994ലെ കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരം ഒന്നിലധികം വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നത് നിയമവിരുദ്ധമാണ്.

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്ന സമയത്ത് മറ്റൊരിടത്തും പേരില്ലെന്ന സത്യപ്രസ്താവന സഹിതമാണ് അപേക്ഷ നല്‍കുന്നത്. വിവരം മറച്ചുവച്ച് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച രാജേഷിനെതിരേ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. അതേസമയം, വഞ്ചിയൂരിലേക്ക് താമസം മാറുമ്പോള്‍തന്നെ നെടുമങ്ങാട്ടെ വോട്ടര്‍പട്ടികയില്‍നിന്ന് പേര് നീക്കാന്‍ കത്ത് നല്‍കിയിരുന്നുവെന്നാണ് രാജേഷിന്റെ വിശദീകരണം.

Next Story

RELATED STORIES

Share it