Kerala

കേരള സര്‍വകലാശാലയ്ക്ക് നാക് അംഗീകാരം നഷ്ടപ്പെട്ടത് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പിടിപ്പുകേട്: കാംപസ് ഫ്രണ്ട്

നിലവില്‍ എ ഗ്രേഡ് ലഭിച്ച സര്‍വകലാശാലയായിരുന്നു കേരള. പക്ഷേ, അഞ്ചുവര്‍ഷം കൂടുമ്പോള്‍ പുതുക്കേണ്ട അംഗീകാരം ഉദ്യോഗസ്ഥര്‍ പുതുക്കാതെ ഇരുന്നതുമൂലമാണ് അംഗീകാരം നഷ്ടപ്പെട്ടത്.

കേരള സര്‍വകലാശാലയ്ക്ക് നാക് അംഗീകാരം നഷ്ടപ്പെട്ടത് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പിടിപ്പുകേട്: കാംപസ് ഫ്രണ്ട്
X

തിരുവനന്തപുരം: കേരള സര്‍വകലാശാലയ്ക്ക് ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ദേശീയനിലവാരം സൂചിപ്പിക്കുന്ന നാക് (നാഷനല്‍ അസസ്‌മെന്റ്് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍) അംഗീകാരം നഷ്ടപ്പെട്ടത് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പിടിപ്പുകേട് മൂലമാണെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ഷെഫീഖ് കല്ലായി. നിലവില്‍ എ ഗ്രേഡ് ലഭിച്ച സര്‍വകലാശാലയായിരുന്നു കേരള. പക്ഷേ, അഞ്ചുവര്‍ഷം കൂടുമ്പോള്‍ പുതുക്കേണ്ട അംഗീകാരം ഉദ്യോഗസ്ഥര്‍ പുതുക്കാതെ ഇരുന്നതുമൂലമാണ് അംഗീകാരം നഷ്ടപ്പെട്ടത്.

ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിനായി മന്ത്രിസഭയില്‍ ഒരു പ്രത്യേക വകുപ്പുതന്നെ ഉണ്ടെന്നിരിക്കെ, കേരളത്തിലെ പ്രധാനപ്പെട്ട ഒരു സര്‍വകലാശാലയുടെ കാര്യത്തിലുള്ള ഈ കൃത്യവിലോപം അംഗീകരിക്കാനാവില്ല. 2009 ല്‍ ബി പ്ലസ് പ്ലസ് ഗ്രേഡുണ്ടായിരുന്ന സമയത്തും ഇതേ വീഴ്ച ഉദ്യോഗസ്ഥര്‍ വരുത്തിയിരുന്നു. ഉത്തരവാദിത്വമില്ലാത്ത ഉദ്യോഗസ്ഥര്‍ വകുപ്പിന്റെ ബാധ്യതയാണ്. അവരെ നിലനിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ വകുപ്പ് പിരിച്ചുവിടണം.

പരീക്ഷാഫലങ്ങള്‍ വ്യാപകമായി പുറത്തുവരുന്ന ഈ ആറുമാസം ഇനി കേരള സര്‍വകലാശാലയ്ക്ക് അംഗീകാരം രേഖപ്പെടുത്താനാവില്ല. ഇതുമൂലം അനേകായിരം വിദ്യാര്‍ഥികളുടെയും ഉദ്യോഗാര്‍ഥികളുടെയും ഭാവിയാണ് ചോദ്യചിഹ്‌നമായി മാറിയിരിക്കുന്നത്. വിദ്യാര്‍ഥികളുടെ ഈ പ്രശ്‌നത്തിന് ഏറ്റവും പെട്ടെന്ന് പരിഹാരമുണ്ടാക്കാന്‍ ഉന്നത വിദ്യാഭ്യാസവകുപ്പ് തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുവരുമെന്ന് ഷെഫീഖ് കല്ലായി പറഞ്ഞു.

Next Story

RELATED STORIES

Share it