Kerala

മാധ്യമവിലക്കിനെതിരേ പ്രതിഷേധം വ്യാപകം; തിരുവനന്തപുരത്ത് പോപുലര്‍ ഫ്രണ്ട് മാര്‍ച്ചിന് നേരേ ജലപീരങ്കി (വീഡിയോ)

കേന്ദ്രസര്‍ക്കാരിന്റെ നടപടിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സംഘപരിവാർ തിരുവനന്തപുരം മീഡിയാ വണ്‍ ഓഫിസിന് മുന്നില്‍ പടക്കംപൊട്ടിച്ച് ആഘോഷിച്ചു.

മാധ്യമവിലക്കിനെതിരേ പ്രതിഷേധം വ്യാപകം; തിരുവനന്തപുരത്ത് പോപുലര്‍ ഫ്രണ്ട് മാര്‍ച്ചിന് നേരേ ജലപീരങ്കി (വീഡിയോ)
X

തിരുവനന്തപുരം: മീഡിയാ വണ്‍, ഏഷ്യാനെറ്റ് ചാനലുകളുടെ സംപ്രേഷണം 48 മണിക്കൂര്‍ സമയത്തേക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരേ വ്യാപകപ്രതിഷേധം. സംസ്ഥാനത്ത് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി. തിരുവനന്തപുരത്ത് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍നിന്നാരംഭിച്ച മാര്‍ച്ച് രാജ്ഭവന് മുന്നില്‍ പോലിസ് തടഞ്ഞു.

തുടര്‍ന്ന് പോപുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം നവാസ് തോന്നയ്ക്കല്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി. വിവിധ സ്ഥലങ്ങളില്‍ റോഡ് ഗതാഗതം ഉപരോധിച്ചാണ് പ്രതിഷേധം അരങ്ങേറിയത്.

കണ്ണൂര്‍ ടൗണില്‍ എസ്ഡിപിഐയുടെ നേതൃത്വത്തിലും വള്ളുവമ്പ്രത്ത് യൂത്ത് ലീഗിന്റെ നേതൃത്വത്തിലും ദേശീയപാത ഉപരോധിച്ചു. ഇതെത്തുടര്‍ന്ന് മണിക്കൂറുകളോളം ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചു. മലപ്പുറത്ത് ഫ്രറ്റേണിറ്റിയുടെ നേതൃത്വത്തിലും മക്കരപ്പറമ്പില്‍ യൂത്ത് ലീഗിന്റെയും നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. എസ്ഡിപിഐയുടെ നേതൃത്വത്തില്‍ വിവിധ ജില്ലകളില്‍ പ്രതിഷേധപ്രകടനം നടത്തി.

കണ്ണൂരില്‍ നടത്തിയ ഉപരോധ സമരത്തിനു എസ്ഡിപിഐ സംസ്ഥാന ഖജാഞ്ചി അജ്മല്‍ ഇസ്മായില്‍, ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍, ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ ഇബ്രാഹിം കൂത്തുപറമ്പ്, സി കെ ഉമര്‍ മാസ്റ്റര്‍, എ ആസാദ്, ബി ഹാഷിം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

എസ്ഡിപിഐ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലേക്കാണ് പ്രതിഷേധന മാര്‍ച്ച് നടത്തിയത്. എസ്ഡിപിഐ തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഇ എം അബ്ദുല്‍ ലത്തീഫ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ വി നാസര്‍, ജില്ലാ ട്രഷറര്‍ പി കെ ഷെമീര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആസിഫ് അബ്ദുല്ല, അനീസ് കൊടുങ്ങല്ലൂര്‍, തൃശ്ശൂര്‍ മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ റഷീദ്, വൈസ് പ്രസിഡന്റ് നിസാര്‍ അഹ്മദ്, ചേലക്കര മണ്ഡലം പ്രസിഡന്റ് അബൂ ത്വാഹിര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കേന്ദ്രസര്‍ക്കാരിന്റെ മാധ്യമവിലക്കില്‍ മീഡിയാ വണ്ണിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തെ മീഡിയാ വണ്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.


അതിനിടെ, കേന്ദ്രസര്‍ക്കാരിന്റെ നടപടിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സംഘപരിവാർ തിരുവനന്തപുരം മീഡിയാ വണ്‍ ഓഫിസിന് മുന്നില്‍ പടക്കംപൊട്ടിച്ച് ആഘോഷിച്ചു.

ഏഷ്യാനെറ്റിനും മീഡിയാ വണ്ണിനും വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിന്റെ ഫാഷിസ്റ്റ് നടപടിയില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂനിയന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തലങ്ങളില്‍ പ്രകടനം നടത്തി. മാധ്യമവിലക്കിനെതിരേ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരികരംഗത്തെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

Next Story

RELATED STORIES

Share it