Kerala

കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് ; ഏഴാം പതിപ്പിന് മാര്‍ച്ച് ആറിന് തുടക്കം

മാര്‍ച്ച് ആറിന് വൈകുന്നേരം നാലിന് എറണാകുളം മഹാരാജാസ് ഗ്രൗണ്ടില്‍ നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ കേരള യുണൈറ്റഡ് എഫ്സിയും കോവളം എഫ്സിയും ഏറ്റുമുട്ടും.എറണാകുളം മഹാരാജ് ഗ്രൗണ്ട് കൂടാതെ തൃശൂര്‍ കോര്‍പറേഷന്‍ സ്‌റ്റേഡിയമാണ് മറ്റൊരു മല്‍സര വേദി, മെയ് ഒന്നിനാണ് ഫൈനല്‍

കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് ; ഏഴാം പതിപ്പിന് മാര്‍ച്ച് ആറിന് തുടക്കം
X

കൊച്ചി: കേരള ഫുട്ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന, കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍-2020-2021 ചാംപ്യന്‍ഷിപ്പിന്റെ ഏഴാം പതിപ്പിന് മാര്‍ച്ച് ആറിന് തുടക്കമാവും.മാര്‍ച്ച് ആറിന് വൈകുന്നേരം നാലിന് എറണാകുളം മഹാരാജാസ് ഗ്രൗണ്ടില്‍ നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ കേരള യുണൈറ്റഡ് എഫ്സിയും കോവളം എഫ്സിയും ഏറ്റുമുട്ടും.എറണാകുളം മഹാരാജ് ഗ്രൗണ്ട് കൂടാതെ തൃശൂര്‍ കോര്‍പറേഷന്‍ സ്‌റ്റേഡിയമാണ് മറ്റൊരു മല്‍സര വേദി, മെയ് ഒന്നിനാണ് ഫൈനല്‍.


12 പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന കേരള പ്രീമിയര്‍ ലീഗ്, ഇന്ത്യയിലെ തന്നെ മികച്ച ടൂര്‍ണമെന്റുകളില്‍ ഒന്നാണ്. ദക്ഷിണേന്ത്യയിലെ ഏക സ്റ്റേറ്റ് ലീഗും, കേരള പ്രീമിയര്‍ ലീഗ് തന്നെ. ആറു വീതം ടീമുകള്‍ രണ്ടു ഗ്രൂപ്പുകളിലായിട്ടാണ് ഏറ്റുമുട്ടുന്നത്. ബാസ്‌കോ,ഗോകുലം എഫ്‌സി,കേരള പോലിസ്,ലൂക്ക സോക്കര്‍ ക്ലബ്ബ്,എഫ്‌സി കേരള,സാറ്റ് തിരുര്‍ എന്നീ ടീമുകളാണ് ഗ്രൂപ്പ് എയില്‍ ഉളളത്.മാര്‍ അത്തനേഷ്യസ് ഫുട് ബോള്‍ അക്കാദമി,ഗോള്‍ഡന്‍ത്രെഡ്‌സ് എഫ്‌സി,കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി,കെഎസ്ഇബി,കേരള യുണൈറ്റഡ് എഫ്‌സി,കോവളം എഫ്‌സി എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയില്‍ ഉള്ളത്.കേരള പ്രീമിയര്‍ ലീഗിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍ രാംകോ സിമന്റ്സ് ആണ്.

വിജയികള്‍ക്ക സ്ഥിരം ട്രോഫിയും മൂന്നുലക്ഷം രൂപയും റണ്ണര്‍ അപ്പിന് സ്ഥിരം ട്രോഫിയും ഒരുലക്ഷം രൂപയുമാണ് നല്‍കുക.പ്രഥമ കെപിഎല്‍ 2014- മേയ് മാസത്തില്‍ രണ്ടു വേദികളിലാണ് അരങ്ങേറിയത്. കോട്ടയം നെഹ്റു സ്റ്റേഡിയത്തിലും കൊണ്ടോട്ടി സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയത്തിലും. ഈഗിള്‍സ് എഫ്സി ആയിരുന്നു ജേതാക്കള്‍. തിരുവനന്തപുരം ഏജീസ് ആയിരുന്നു റണ്ണര്‍-അപ്പ്.രണ്ടാമത് കെപിഎല്‍ വയനാട്ടിലെ അരപ്പട്ടയിലാണ് നടന്നത്. 2015- മേയില്‍ നടന്ന രണ്ടാം പതിപ്പില്‍ എട്ടു ടീമുകള്‍ പങ്കെടുത്തു. എസ്ബിടി ആയിരുന്നു വിജയികള്‍. കേരള പോലീസ് റണ്ണര്‍-അപ്പും.മൂവാറ്റുപുഴ പിപിഎസ്തോസ് സ്മാരക ഫുട്ബോള്‍ ഗ്രൗണ്ടില്‍ നടന്ന മൂന്നാമത് കെപിഎല്ലില്‍, എട്ടു ടീമുകള്‍ പങ്കെടുത്തു. തിരുവനന്തപുരം എസ്ബിടി ആയിരുന്നു ജേതാക്കള്‍. എറണാകുളം സെന്‍ട്രല്‍ എക്സൈസ് റണ്ണേഴ്സ് അപ്പായി.

നാലാമത് കെപിഎല്‍ ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തിലായിരുന്നു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡായിരുന്നു സ്പോണ്‍സര്‍മാര്‍. പത്തു ടീമുകള്‍ പങ്കെടുത്ത ലീഗില്‍ നിന്ന് ഇടയ്ക്ക് ക്വാര്‍ട്സ് എഫ്സി പിന്മാറി. കെഎസ്ഇബി ആയിരുന്നു ജേതാക്കള്‍. എഫ്സ് തൃശൂരായിരുന്നു റണ്ണര്‍ അപ്പ്.2018-ല്‍ നടന്ന 5-ാമത് കെപിഎല്ലും ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തിലായിരുന്നു. 10 ടീമുകള്‍ പങ്കെടുത്തു. ഗോകുലം എഫ്സി ജേതാക്കളായപ്പോള്‍ ക്വാര്‍ട്ടര്‍ എഫ്സി റണ്ണര്‍-അപ്പ് ആയി.ആറാമത് പതിപ്പ് 2018 ഡിസംബര്‍ ഒമ്പതു മുതല്‍ നടന്നു. കേരളാ ബ്ലാസ്റ്റേഴ്സ് ആയിരുന്നു വിജയികള്‍. ഗോകുലമായിരുന്നു റണ്ണര്‍-അപ്പ്.കെഎംഐ മേത്തര്‍, വൈസ് പ്രസിഡന്റ് എകെഎഫ്എഫ്, ടോം ജോസ്, പ്രസിഡന്റ് കെഎഫ്എ, ബാലാജി കെ മൂര്‍ത്തി, എക്സിക്യൂട്ടീവ് ഡയറക്ടര്‍ (മാര്‍ക്കറ്റിങ്ങ്) രാംകോ സിമന്റ്സ് ലിമിറ്റഡ്, അനില്‍കുമാര്‍ പി, ജനറല്‍ സെക്രട്ടറി കെഎഫ്എ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it