Kerala

സഭകളിലെ ആംഗ്ലോ ഇന്ത്യന്‍ സംവരണം: കെഎല്‍സിഎ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി

2013 ല്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ആംഗ്ലോ ഇന്ത്യന്‍ വിഭാഗം വിദ്യാഭ്യാസം, തൊഴില്‍, അടിസ്ഥാന സൗകര്യങ്ങള്‍, അസ്തിത്വം ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചിരുന്നു.

സഭകളിലെ ആംഗ്ലോ ഇന്ത്യന്‍ സംവരണം:   കെഎല്‍സിഎ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി
X

കൊച്ചി: നിയമനിര്‍മാണ സഭകളിലെ ആംഗ്ലോ ഇന്ത്യന്‍ സംവരണം തുടരണമെന്ന് ആവശ്യപ്പെട്ടു കെഎല്‍സിഎ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി. എല്ലാ വിഭാഗം ജനങ്ങള്‍ക്കും അധികാരത്തില്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പട്ടികജാതിപട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും ആംഗ്ലോയിന്ത്യന്‍ വിഭാഗത്തിനും നിയമനിര്‍മാണ സഭകളില്‍ ആര്‍ട്ടിക്കിള്‍ 330, 331,332,333 പ്രകാരം സംവരണം നല്‍കിയിരുന്നത്. ആര്‍ട്ടിക്കിള്‍ 334 പ്രകാരം നിശ്ചിത കാലയളവിലേക്ക് ആയിരുന്ന സംവരണം പിന്നീട് കാലാകാലങ്ങളില്‍ ഭരണഘടനാ ഭേദഗതികളിലൂടെ നീട്ടി നല്‍കുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ആംഗ്ലോയിന്ത്യന്‍ വിഭാഗത്തിന് സ്ഥിതി മെച്ചപ്പെട്ടു എന്ന കാരണത്താല്‍ സംവരണം നിഷേധിക്കുന്നത് വസ്തുതകള്‍ പരിശോധിക്കാതെയാണ്. തീരുമാനം പുനഃപരിശോധിക്കാന്‍ കേന്ദ്ര മന്ത്രിസഭ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന സമിതി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നിവേദനം നല്‍കി. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ന്യൂനപക്ഷ വകുപ്പ് മന്ത്രാലയത്തിനും നിവേദനം നല്‍കിയിട്ടുണ്ട്.

2013 ല്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ആംഗ്ലോ ഇന്ത്യന്‍ വിഭാഗം വിദ്യാഭ്യാസം, തൊഴില്‍, അടിസ്ഥാന സൗകര്യങ്ങള്‍, അസ്തിത്വം ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതൊന്നും വകവെക്കാതെ എന്ത് കണക്കുകളുടെ അടിസ്ഥാനത്തിലാണ് അവരുടെ സ്ഥിതി മെച്ചപ്പെട്ടത് എന്ന് കേന്ദ്ര ക്യാബിനറ്റ് കണ്ടെത്തിയത് എന്നുകൂടി വെളിപ്പെടുത്തണം എന്നും കെഎല്‍സിഎ ആവശ്യപ്പെട്ടു. തീരുമാനമെടുക്കുന്ന വേദികളില്‍ അധികാര പങ്കാളിത്തം ഇല്ലാത്തതിന്റെ ഉത്തമ ഉദാഹരണമാണ് ഈ നടപടി എന്നും കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, ജനറല്‍ സെക്രട്ടറി ഷെറി ജെ തോമസ് എന്നിവര്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.

Next Story

RELATED STORIES

Share it