Kerala

കൊച്ചിയില്‍ ഇനി യാത്രയ്ക്ക് പുതുമുഖം;മെട്രോപ്പൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി നാളെ പ്രവര്‍ത്തനം തുടങ്ങും

അതോറിറ്റിയുടെ പ്രവര്‍ത്തന ഉദ്ഘാടനം ഇന്ന് ഉച്ചയക്ക് 2.30 ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. ആദ്യഘട്ടത്തില്‍ കൊച്ചി കോര്‍പറേഷന്‍ പരിധിയിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് അതോറിറ്റി രൂപീകരിക്കുന്നത്. തുടര്‍ന്ന് ജിഡ, ജിസിഡിഎ പരിധിയില്‍ വരുന്ന പ്രദേശങ്ങളിലും അതോറിറ്റിയുടെ നേതൃത്വത്തില്‍ വാഹന സൗകര്യം ഒരുക്കും. യാത്രക്കാരുടെ ആവശ്യത്തിനും, താല്‍പര്യത്തിനും അനുസരിച്ച് പൊതുഗതാഗതം ഒരുക്കുക എന്നതാണ് അതോറിറ്റി ലക്ഷ്യമിടുന്നത്

കൊച്ചിയില്‍ ഇനി യാത്രയ്ക്ക് പുതുമുഖം;മെട്രോപ്പൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി നാളെ പ്രവര്‍ത്തനം തുടങ്ങും
X

കൊച്ചി: യാത്രക്കാരുടെ സൗകര്യങ്ങള്‍ക്കനുസരിച്ച് ഇഷ്ടാനുസരണം യാത്രാ ഉപാധി ഒരുക്കുന്ന മെട്രോപ്പൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി കേരള പിറവി ദിനമായ നാളെ ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങും. അതോറിറ്റിയുടെ പ്രവര്‍ത്തന ഉദ്ഘാടനം ഇന്ന് ഉച്ചയക്ക് 2.30 ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. ആദ്യഘട്ടത്തില്‍ കൊച്ചി കോര്‍പറേഷന്‍ പരിധിയിലെ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് അതോറിറ്റി രൂപീകരിക്കുന്നത്. തുടര്‍ന്ന് ജിഡ, ജിസിഡിഎ പരിധിയില്‍ വരുന്ന പ്രദേശങ്ങളിലും അതോറിറ്റിയുടെ നേതൃത്വത്തില്‍ വാഹന സൗകര്യം ഒരുക്കും. യാത്രക്കാരുടെ ആവശ്യത്തിനും, താല്‍പര്യത്തിനും അനുസരിച്ച് പൊതുഗതാഗതം ഒരുക്കുക എന്നതാണ് അതോറിറ്റി ലക്ഷ്യമിടുന്നത്.

റയില്‍വേ, മെട്രോ റയില്‍, ബസ് സര്‍വീസ്, ടാക്‌സി സര്‍വീസ്, ഓട്ടോറിക്ഷ, സൈക്കിള്‍ തുടങ്ങിയ ഗതാഗത മാര്‍ഗങ്ങളുടെ ഏകോപനം ഇതിനായി ആദ്യഘട്ടത്തില്‍ ഉറപ്പാക്കി. സര്‍വീസ് നടത്തുന്ന ബസുകളെയെല്ലാം ചേര്‍ത്ത് കമ്പനി രൂപീകരിച്ചു. ഓട്ടോ സര്‍വീസുകളെല്ലാം ഒന്നിപ്പിക്കുന്ന സൊസൈറ്റിയുടെ രൂപീകരണവും പൂര്‍ത്തിയായി. കൊച്ചി മെട്രോയുടെ കീഴിലെ സൈക്കിള്‍ യാത്രയും ഇതിനു വേണ്ടി ഉപയോഗിക്കും. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ യാത്രക്കാര്‍ക്ക് ഒരു ടിക്കറ്റില്‍ ഏത് ഉപാധിയിലൂടെയും യാത്ര ചെയ്യാവുന്ന സൗകര്യവും ഒരുക്കും. മെട്രോ വണ്‍ കാര്‍ഡ് പദ്ധതിയും ബസുകളില്‍ സ്മാര്‍ട്ട്കാര്‍ഡുപയോഗിച്ചുള്ള യാത്രയും നഗരത്തില്‍ നിലവിലുണ്ട്. 150 ബസുകളിലാണ് ഇത്തരം സംവിധാനമുള്ളത്. ഇത് ഓട്ടോ റിക്ഷകളിലേക്കും, ബോട്ട് സര്‍വീസിലേക്കും വ്യാപിപ്പിക്കും. ട്രാഫിക് നിയന്ത്രണങ്ങള്‍ക്കായി ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റവും നഗരത്തില്‍ നടപ്പിലാക്കി കഴിഞ്ഞു.

മെട്രോ നഗരങ്ങളിലെല്ലാം തന്നെ യൂണിഫൈഡ് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വേണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കേരള മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ രൂപീകരണം. പൊതുഗതാഗത ഏകോപനം, നടത്തിപ്പ്, നിയന്ത്രണം, ആസൂത്രണം, മേല്‍നോട്ടം എന്നിവയാണ് അതോറിറ്റിയുടെ ചുമതല. ഇന്ത്യയിലെ മറ്റ് മെട്രോ നഗരങ്ങളിലെല്ലാം അതോറിറ്റി രൂപീകരിച്ചുവെങ്കിലും പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചിട്ടില്ല. എന്നാല്‍ കൊച്ചി നഗരത്തില്‍ അതോറിറ്റിയുടെ പ്രവര്‍ത്തനം കൃത്യമായി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സിംഗപ്പൂരിലെ ലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങളും കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ വരുന്നതോടെ പരിധിയില്‍ വരുന്ന പൊതുഗതാഗത സംവിധാനങ്ങളും, റോഡുകളും, ട്രാഫിക് നിയന്ത്രണവും എല്ലാം അതോറിറ്റിയുടെ പൂര്‍ണ നിയന്ത്രണത്തിലാകും.

റോഡ് അറ്റകുറ്റപണികള്‍ വരെ അതോറിറ്റിയുടെ മേല്‍നോട്ടത്തിലായിരിക്കും നടക്കുക. എല്ലാ ഭാഗങ്ങളിലേക്കുമുള്ള യാത്രാ സൗകര്യങ്ങളും അതോറിറ്റി ഉറപ്പു വരുത്തും. പദ്ധതിയുടെ നടത്തിപ്പിനായി നഗരത്തിന്റെ മുഖഛായ തന്നെ മാറ്റുന്ന പ്രവര്‍ത്തനങ്ങളാണ് വരുന്നത്. സൈക്കിള്‍ യാത്രക്കാര്‍ക്കായി റോഡിനോടു ചേര്‍ന്ന് പ്രത്യേക പാത ഒരുക്കും. കാല്‍നടയാത്രക്കാര്‍ക്കുള്ള പാത ഭിന്നശേഷീ സൗഹൃദമാക്കും. മൊബൈല്‍ ആപ് വഴിയായിരിക്കും പ്രവര്‍ത്തനങ്ങളുടെ ഏകോപനം. യാത്രയുടെ ആരംഭത്തില്‍ തന്നെ എത്തേണ്ട സ്ഥലത്തേക്കുള്ള യാത്രാ ഉപാധി യാത്രക്കാരനു തിരഞ്ഞെടുക്കാം. ആദ്യം ബോട്ട് പിന്നീട് യാത്ര ബസില്‍ അതിനു ശേഷം ടാക്‌സിയില്‍ തുടങ്ങി യാത്രക്കാരന്റെ സൗകര്യത്തിനനുസരിച്ചുള്ള ഉപാധികള്‍ ആപില്‍ കാണിക്കും. സ്മാര്‍ട്ട് കാര്‍ഡ് ഉള്ളവര്‍ക്ക് ഒറ്റത്തവണയായി തന്നെ യാത്ര നിരക്ക് അടക്കാവുന്ന സൗകര്യവുമുണ്ടാകും.

ഇത്തരം യാത്രയില്‍ യാത്രയുടെ ഇടക്കു വച്ച് ഉപാധി മാറ്റാന്‍ കഴിയില്ല. അതോറിറ്റി നിലവില്‍ വരുന്നതോടെ പൊതുഗതാഗത രംഗത്ത് നിലവിലുള്ള മത്സര സ്വഭാവം മാറ്റിയെടുക്കാന്‍ കഴിയുമെന്ന് പദ്ധതി തയാറാക്കുന്ന നഗര ഗതാഗത വിദഗ്ധര്‍ പറയുന്നു. നിലവില്‍ ഗതാഗതം യാത്രക്കാരന്റെ സൗകര്യത്തേക്കാളുപരി ഉടമയുടെ താല്പര്യമാണ് സംരക്ഷിക്കപ്പെടുന്നത്. അത് എല്ലാ മേഖലയിലും നഷ്ടങ്ങളാണ് വരുത്തുന്നത്. അതോറിറ്റി എല്ലാ ഗതാഗത സംവിധാനത്തേയും പരസ്പരം കോര്‍ത്തിണക്കുകയാണ് ചെയ്യുന്നത്. ഇവിടെ മത്സരമില്ല. യാത്രക്കാരനാണ് പ്രാമുഖ്യം. സുഗമമായ യാത്ര ആദ്യാവസാനം ഒരുക്കുകയാണ് ലക്ഷ്യം. ഗതാഗത മന്ത്രി അധ്യക്ഷനായാണ് അതോറിറ്റി രൂപീകരിക്കുന്നത്. ഗതാഗത സെക്രട്ടറി ഉപാധ്യക്ഷനായിരിക്കും. മേയര്‍, എം എല്‍ എ, ഗതാഗത മേഖലയിലെ വിദഗ്ധര്‍ എന്നിവരുമുണ്ടാകും. കൂടാതെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുഖ്യ ചുമതല വഹിക്കും.

Next Story

RELATED STORIES

Share it