Kerala

ചിത്രലേഖയുടെ സമരത്തിന് പിന്തുണയുമായി കൊടിക്കുന്നില്‍ സുരേഷ് എംപി

എടാട്ടെ ഭൂമി തന്റെ അമ്മയുടെ അമ്മക്ക് സര്‍ക്കാരില്‍നിന്നു പതിച്ചു കിട്ടിയതാണെന്നും അത് അവരുടെ പേരിലാണെന്നും ചിത്രലേഖ പറയുന്നു.

ചിത്രലേഖയുടെ സമരത്തിന് പിന്തുണയുമായി കൊടിക്കുന്നില്‍ സുരേഷ് എംപി
X
കണ്ണൂര്‍: സര്‍ക്കാര്‍ നല്‍കിയ ഭൂമിയും വീടിന് അനുവദിച്ച പണവും റദ്ദ് ചെയ്ത് ഇറക്കിയ ഉത്തരവിനെതിരെ സമരം നടത്തുന്ന കണ്ണൂരിലെ ഓട്ടോറിക്ഷ തൊഴിലാളി ചിത്രലേഖയെ പിന്തുണച്ച് കോണ്‍ഗ്രസ് എം.പിയും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡണ്ടുമായ കൊടിക്കുന്നില്‍ സുരേഷ്. ആത്മധൈര്യത്തോടെ സി.പി.എമ്മിന്റെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ മുട്ടുമടക്കാതെ വെല്ലുവിളികള്‍ നേരിട്ട് തളരാതെയാണ് ചിത്രലേഖ ജീവിതം തുടരുന്നതെന്നും പോരാട്ടത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നതായും കൊടിക്കുന്നില്‍ സുരേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

സി.പി.എം ശക്തി കേന്ദ്രമായ എടാട്ട് ജീവിക്കാനും തൊഴിലെടുക്കാനും പാര്‍ട്ടി അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് 2014 ല്‍ കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നില്‍ നാല് മാസത്തോളം ചിത്രലേഖ കുടില്‍ കെട്ടി സമരം നടത്തിയിരുന്നു. പിന്നീട് സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റി. തുടര്‍ന്നാണ് 2016 മാര്‍ച്ചില്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ ചിറക്കല്‍ പഞ്ചായത്തില്‍ ചിത്രലേഖക്ക് അഞ്ച് സെന്റ് ഭൂമിയും വീടിനുള്ള 5 ലക്ഷം രൂപയും അനുവദിച്ചത്. ഇതാണ് ഈ സര്‍ക്കാര്‍ റദ്ദാക്കിയതായി ഉത്തരവിറക്കിയത്.

എടാട്ട് ചിത്രലേഖയുടെ പേരില്‍ ആറ് സെന്റ് ഭൂമി സ്വന്തമായി ഉണ്ടെന്ന കാരണത്താലാണ് ഭൂമി തിരിച്ച് പിടിക്കുന്നതെന്നായിരുന്നു നേരത്തെ സ്‌റ്റേ ഉത്തരവില്‍ പറഞ്ഞിരുന്നത്. ജലവിഭവ വകുപ്പിന്റെ കൈവശമുണ്ടായിരുന്ന ഭൂമി കൃത്യമായ നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് കഴിഞ്ഞ സര്‍ക്കാര്‍ ചിത്രലേഖക്ക് പതിച്ച് നല്‍കിയതെന്നും ഉത്തരവിലുണ്ട്. എന്നാല്‍ എടാട്ടെ ഭൂമി തന്റെ അമ്മയുടെ അമ്മക്ക് സര്‍ക്കാരില്‍നിന്നു പതിച്ചു കിട്ടിയതാണെന്നും അത് അവരുടെ പേരിലാണെന്നും ചിത്രലേഖ പറയുന്നു. നിലവില്‍ കാട്ടാമ്പള്ളിയില്‍ വാടകവീട്ടിലാണ് ചിത്രലേഖയും ഭര്‍ത്താവും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം താമസിക്കുന്നത്.

കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ ഫേസ്ബുക്ക് കുറിപ്പ്

തൊഴിലെടുക്കാനും സ്വന്തം കാലില്‍ നില്‍ക്കാനും സ്വന്തമായി ഒരു കിടപ്പാടത്തിനും വേണ്ടിയുള്ള അവകാശത്തിനായുള്ള ഒരു ദളിത് സ്ത്രീയുടെ പോരാട്ടം തുടരുകയാണ്.

ഈ മനുഷ്യാവകാശങ്ങള്‍ ചിത്രലേഖക്ക് നിഷേധിക്കുന്നത് മറ്റാരുമല്ല 'തൊഴിലാളികള്‍ക്ക് വേണ്ടി നിലകൊള്ളുന്ന' സി.പി.എമ്മാണ്. ആത്മധൈര്യത്തോടെ സി.പി.എമ്മിന്റെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ മുട്ടുമടക്കാതെ വെല്ലുവിളികള്‍ നേരിട്ട് തളരാതെയാണ് ചിത്രലേഖ ജീവിതം തുടരുന്നത്. ഇപ്പോഴിതാ യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ അഞ്ച് സെന്റ് ഭൂമി ചിത്രലേഖയില്‍ നിന്ന് തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിക്കുന്നു.

2005 ല്‍ ഓട്ടോ ഓടിച്ച് സ്വന്തമായി വരുമാനം കണ്ടെത്തി ജീവിക്കാന്‍ തീരുമാനിച്ച ചിത്രലേഖ അഭിമുഖീകരിക്കേണ്ടി വന്ന ചോദ്യമാണിത്. പാര്‍ട്ടിയുടെ ശത്രുപക്ഷത്തായി മാറിയ അവരുടെ ഓട്ടോ കത്തിച്ചു. സംസ്ഥാനത്തെമ്പാടുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പിന്തുണയും സഹായവും കൊണ്ട് പുതിയൊരു ഓട്ടോറിക്ഷ അവര്‍ക്ക് നല്‍കാനായി. എന്നാല്‍ െ്രെഡവര്‍മാര്‍ വിട്ടുവീഴ്ചക്കു തയ്യാറായില്ല. അപ്രഖ്യാപിത ഊരുവിലക്കു മൂലം അവര്‍ക്ക് ഓട്ടോ ഓടിച്ചു ഉപജീവനം നടത്താനായില്ല. അവരുടെ വീട്ടിലേക്കുള്ള വഴി കെട്ടിയടച്ചു. ദലിത് സ്ത്രീയെ നിലക്കുനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സി.പി.എം മാര്‍ച്ച് നടത്തുക വരെ ഉണ്ടായി.

നിരന്തരമായി സിപിഎമ്മിന്റെ ആക്രമണത്തിന് ഇരയായ ഇവര്‍ക്ക് വീട് വെക്കാനായി യുഡിഎഫ് സര്‍ക്കാര്‍ അഞ്ച് സെന്റ് സ്ഥലവും അഞ്ചു ലക്ഷം രൂപയും അനുവദിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് വേറെ സ്ഥലമുണ്ടെന്ന് പറഞ്ഞാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ ഉത്തരവ് റദ്ദാക്കിയത്. എന്നാല്‍ ഇത് തന്റെ മുത്തശ്ശിയുടെ പേരിലുള്ള സ്ഥലമാണെന്നും ഓട്ടോറിക്ഷ വാങ്ങാന്‍ ലോണ്‍ കിട്ടാനാണ് ഈ സ്ഥലം തന്റെ പേരിലേക്ക് മാറ്റിയതെന്നും രാഷ്ട്രീയ വൈരാഗ്യത്തോടെ പിണറായി സര്‍ക്കാര്‍ ഇത് റദ്ദാക്കിയെന്നും ചിത്രലേഖ പറയുന്നു.

ചിത്രലേഖയുടെ പോരാട്ടത്തിന് പൂര്‍ണ പിന്തുണ.


തൊഴിലെടുക്കാനും സ്വന്തം കാലില്‍ നില്‍ക്കാനും സ്വന്തമായി ഒരു കിടപ്പാടത്തിനും വേണ്ടിയുള്ള അവകാശത്തിനായുള്ള ഒരു ദളിത്...

Posted by Kodikunnil Suresh on Friday, September 25, 2020





Next Story

RELATED STORIES

Share it