Kerala

കോട്ടയത്ത് മഴക്കെടുതി രൂക്ഷം; താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി, എയ്ഞ്ചല്‍വാലി മേഖല ഒറ്റപ്പെട്ടു

മൂക്കന്‍പെട്ടി പാലവും എയ്ഞ്ചല്‍ വാലി പാലവും വെള്ളത്തിനടിയിലായി. എയ്ഞ്ചല്‍ വാലി മേഖല ഒറ്റപ്പെട്ട അവസ്ഥയിലാണ്. എരുമേലി വലിയമ്പലത്തിന് പരിസരത്തല്ലാം വെള്ളം കയറിയതോടെ വാഹന ഗതാഗതം നിലച്ചു.

കോട്ടയത്ത് മഴക്കെടുതി രൂക്ഷം; താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി, എയ്ഞ്ചല്‍വാലി മേഖല ഒറ്റപ്പെട്ടു
X

കോട്ടയം: ജില്ലയില്‍ ആശങ്ക വിതച്ച് കനത്ത മഴ തുടരുന്നു. ഇന്ന് പുലര്‍ച്ചെ തുടങ്ങിയ മഴയുടെ ശക്തി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കുറഞ്ഞിട്ടില്ല. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. ജില്ലയിലെ ജലാശയങ്ങളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. കിഴക്കന്‍ മലയോരമേഖലയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയും നിലനില്‍ക്കുന്നു. പഴയിടം, കണമല, മുണ്ടക്കയം കോസ്‌വേ തുടങ്ങിയിടത്തെല്ലാം വെള്ളം കയറി. മൂക്കന്‍പെട്ടി പാലവും എയ്ഞ്ചല്‍ വാലി പാലവും വെള്ളത്തിനടിയിലായി. എയ്ഞ്ചല്‍ വാലി മേഖല ഒറ്റപ്പെട്ട അവസ്ഥയിലാണ്. എരുമേലി വലിയമ്പലത്തിന് പരിസരത്തല്ലാം വെള്ളം കയറിയതോടെ വാഹന ഗതാഗതം നിലച്ചു.

എരുമേലി- കാഞ്ഞിരപ്പള്ളി റോഡില്‍ ചെമ്പകപാലത്തിന് സമീപം റോഡില്‍ വെള്ളം കയറി. കണ്ണിമലയുടെ വിവിധ ഭാഗങ്ങളിലും വെള്ളം കയറിയതോടെ പമ്പാവാലി ഭാഗത്തേയ്ക്ക് വാഹനഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. മണിമലയാറ്റില്‍ ഇരുകരമുട്ടിയാണ് ജലനിരപ്പ്. കൃഷിയിടത്തിലെല്ലാം വെള്ളം കയറി വലിയ നാശമുണ്ടായിട്ടുണ്ട്. പുലര്‍ച്ചെ വീശിയ ശക്തമായ കാറ്റില്‍ പലയിടത്തും വൈദ്യുതി, ടെലിഫോണ്‍ ബന്ധങ്ങള്‍ തകരാറിലായി. കെകെ റോഡില്‍ പലയിടത്തും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. ശക്തമായ മഴ തുടരുന്നതിനാല്‍ ജില്ലയിലാകെ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

പാലാ നഗരത്തില്‍ ഏത് നിമിഷവും വെള്ളം കയറുന്ന സ്ഥിതിയാണ്. നിമിഷംതോറും മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയരുകയാണ്. പൂഞ്ഞാര്‍, അടിവാരം, തീക്കോയി മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. പാലായില്‍ വെള്ളപ്പൊക്ക ഭീഷണി കണക്കിലെടുത്ത്് ജില്ലാ കലക്ടര്‍ എം അഞ്ജന സ്ഥലത്ത് നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കഴിഞ്ഞ പ്രളയത്തില്‍ പാലാ നഗരം പൂര്‍ണമായും വെള്ളത്തിലായിരുന്നു. വൈക്കം കുലശേഖരമംഗലത്തെ മണലില്‍ കോളനി, കുളങ്ങര കോളനി, ഇടവട്ടം തെക്ക് മുതലക്കുഴി, ഇടക്കേരി തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.

വൈക്കം താലൂക്കിലെ ആയാംകുടി, എഴുമാന്തുരുത്ത്, വാഴമന, പടിഞ്ഞാറെ കര, വൈക്കപ്രയാര്‍ എന്നീ പ്രദേശങ്ങളിലും വെള്ളം കയറി. എഴുമാന്തുരുത്ത് മേഖലയില്‍ കഴിഞ്ഞ തവണത്തെ പ്രളയം വലിയ നാശംവിതച്ചതാണ്. ജില്ലയില്‍ ദുരന്തസാധ്യതയുള്ള എല്ലാ മേഖലകളില്‍നിന്നും ആളുകളെ ഒഴിപ്പിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. താലൂക്ക് ഓഫിസുകളില്‍നിന്ന് നിര്‍ദേശിച്ചാലുടന്‍ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറാന്‍ ജനങ്ങള്‍ തയ്യാറാവണമെന്ന് ജില്ലാ കലക്ടര്‍ എം അഞ്ജന അറിയിച്ചു.

Next Story

RELATED STORIES

Share it