Kerala

കോളജ് പ്രിന്‍സിപ്പലിനെതിരേ നടപടി വേണം; അഞ്ജുവിന്റെ മൃതദേഹവുമായി റോഡില്‍ കുത്തിയിരുന്ന് ബന്ധുക്കളുടെ പ്രതിഷേധം

പോലിസ് അഞ്ജുവിന്റെ മരണവുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും കോളജ് മാനേജ്‌മെന്റിന് വേണ്ടി പോലിസ് ഒത്തുകളിക്കുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ബന്ധുക്കള്‍ ഒരുമണിക്കൂറോളം മൃതദേഹവുമായി പ്രതിഷേധം തുടര്‍ന്നു.

കോളജ് പ്രിന്‍സിപ്പലിനെതിരേ നടപടി വേണം; അഞ്ജുവിന്റെ മൃതദേഹവുമായി റോഡില്‍ കുത്തിയിരുന്ന് ബന്ധുക്കളുടെ പ്രതിഷേധം
X

കോട്ടയം: കോപ്പിയടി ആരോപണത്തെത്തുടര്‍ന്ന് ആത്മഹത്യചെയ്ത അഞ്ജു പി ഷാജിയുടെ മൃതദേഹവുമായി ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധം. അഞ്ജുവിന്റെ വീട്ടിലേക്കുള്ള റോഡില്‍ സ്ത്രീകളടക്കമുള്ളവര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വിദ്യാര്‍ഥിനിയെ മാനസികമായി പീഡിപ്പിച്ച കോളജ് പ്രിന്‍സിപ്പലിനെതിരേ നടപടിയെടുക്കാതെ അഞ്ജുവിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് പറഞ്ഞാണ് ബന്ധുക്കള്‍ പ്രതിഷേധിച്ചത്. മെഡിക്കല്‍ കോളജില്‍നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വിട്ടുകൊടുത്തപ്പോള്‍ ബന്ധുക്കളെ കൂട്ടിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു.


പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വിട്ടുനല്‍കിയ മൃതദേഹം, ആംബുലന്‍സില്‍നിന്ന് ബന്ധുക്കളെ ഇറക്കിവിട്ട ശേഷം പോലിസ് ഓടിച്ചുപോകുകയായിരുന്നു. ഇതെത്തുടര്‍ന്നാണ് ആംബുലന്‍സ് നാട്ടുകാര്‍ വീടിന് മുന്നില്‍ തടഞ്ഞുപ്രതിഷേധിച്ചത്. ആംബുലന്‍സില്‍നിന്ന് ഇറക്കിവിട്ടെന്ന് അഞ്ജുവിന്റെ അമ്മാവന്‍ മാധ്യമങ്ങളോട് പറഞ്ഞു. പോലിസ് അഞ്ജുവിന്റെ മരണവുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും കോളജ് മാനേജ്‌മെന്റിന് വേണ്ടി പോലിസ് ഒത്തുകളിക്കുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ബന്ധുക്കള്‍ ഒരുമണിക്കൂറോളം മൃതദേഹവുമായി പ്രതിഷേധം തുടര്‍ന്നു.

സംഭവസ്ഥലത്ത് എംഎല്‍എ പി സി ജോര്‍ജ്, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അടക്കമുള്ളവരെത്തുകയും ബന്ധുക്കളുമായി സംസാരിക്കുകയും ചെയ്തു. ബന്ധുക്കള്‍ക്കൊപ്പം ബിജെപി നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തി. കുടുംബത്തിന്റെ പരാതികള്‍ പ്രത്യേകസംഘം അന്വേഷിക്കുമെന്ന് പി സി ജോര്‍ജ് വ്യക്തമാക്കിയതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറായി. മൃതദേഹത്തിന് പഴക്കമുണ്ടെന്നും അഞ്ജുവിന്റെ അമ്മ കുട്ടിയുടെ മൃതദേഹം കണ്ടിട്ടില്ലെന്നും ഉടന്‍ വീട്ടിലെത്തിക്കണമെന്നും ബന്ധുക്കളുടെ ഭാഗത്തുനിന്ന് അഭിപ്രായമുയര്‍ന്നതോടെ ഒരുമണിക്കൂറോളം നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മൃതദേഹവുമായി ആംബുലന്‍സ് വീട്ടിലേക്ക് തിരിച്ചു.

വീട്ടില്‍ ഒരുമണിക്കൂറോളം പൊതുദര്‍ശനത്തിനുവച്ച ശേഷമായിരിക്കും സംസ്‌കാരം നടക്കുക. കാഞ്ഞിരപള്ളിയിലെ സ്വകാര്യകോളജ് വിദ്യാര്‍ഥിനിയായ കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തോട്ട് ഷാജിയുടെ മകള്‍ അഞ്ജുവിന് ചേര്‍പ്പുങ്കല്‍ ബിവിഎം കോളജാണ് പരീക്ഷാകേന്ദ്രമായി ലഭിച്ചത്. പരീക്ഷയെഴുതാന്‍ പോയ അഞ്ജുവിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഞ്ജുവിന്റെ മൃതദേഹം തിങ്കളാഴ്ച 11.30ന് മീനച്ചിലാറ്റില്‍ കണ്ടെത്തുന്നത്. പഠനത്തില്‍ സമര്‍ഥയായ വിദ്യാര്‍ഥിനി കോപ്പിയടിച്ചെന്ന് ആരോപിച്ച് ഉത്തരക്കടലാസ് പിടിച്ചെടുത്തതില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

Next Story

RELATED STORIES

Share it