Kerala

ആലപ്പുഴയിലെ കെ എസ് ഷാന്‍, രഞ്ജിത് കൊലപാതകങ്ങള്‍: കുറ്റപത്രം സമര്‍പ്പിച്ചു

ആലപ്പുഴയിലെ കെ എസ് ഷാന്‍, രഞ്ജിത് കൊലപാതകങ്ങള്‍: കുറ്റപത്രം സമര്‍പ്പിച്ചു
X

ആലപ്പുഴ: മണ്ണഞ്ചേരിയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍, വെള്ളക്കിണറില്‍ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്‍ എന്നിവരുടെ കൊലപാതക കേസുകളില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. ഷാനെ ആര്‍എസ്എസ്സുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 483 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കാളികളായ 11 പേരാണുള്ളതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

143 പേരെ സാക്ഷികളായും ചേര്‍ത്തിട്ടുണ്ട്. ഡിസംബര്‍ 18ന് രാത്രിയാണ് മണ്ണഞ്ചേരി പൊന്നാടിനു സമീപം നടുറോഡില്‍ കെ എസ് ഷാനെ ആര്‍എസ്എസ് സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുന്നത്. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ഷാനെ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തി ദേഹമാസകലം വെട്ടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു.

കൊച്ചിയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രഞ്ജിത്ത് വധത്തില്‍ 1,100 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. ആകെ 35 പ്രതികളാണുള്ളത്. 200 ഓളം പേരെ സാക്ഷികളായും ചേര്‍ത്തു. ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഒന്ന് കോടതിയില്‍ രഞ്ജിത് വധത്തിന്റെയും ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് 2കോടതിയില്‍ ഷാന്‍ വധത്തിന്റെയും കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it