Kerala

എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിയിടപാട്: നഷ്ടം പരിഹരിക്കുന്നതിനുള്ള നടപടികള്‍ നീണ്ടു പോകുന്നതിനെതിരെ സമരത്തിനൊരുങ്ങി അല്‍മായ മുന്നേറ്റം അതിരൂപത സമിതി

നഷ്ടപരിഹാരം നേടിയെടുക്കുകയും അത് സീറോ മലബാര്‍ സിനഡിന് മുന്നില്‍ അവതരിപ്പിക്കാനും ചുമതലപ്പെട്ടിട്ടുള്ള മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍ തന്നില്‍ ഭരമേല്‍പിക്കപ്പെട്ടിട്ടുള്ള ഉത്തരവാദിത്തം നേടിയെടുക്കാന്‍ അമാന്തം കാണിച്ചാല്‍ ഇനിയും ക്ഷമയോടെ കാത്തിരിക്കാന്‍ എറണാകുളം അതിരൂപതയിലെ വിശ്വാസികളും വൈദീകരും തയ്യാറല്ലെന്ന് അല്‍മായ മുന്നേറ്റം കണ്‍വീനര്‍ അഡ്വ.ബിനു ജോണ്‍,വക്താവ് റിജു കാഞ്ഞൂക്കാരന്‍ എന്നിവര്‍ പറഞ്ഞു.

എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിയിടപാട്: നഷ്ടം പരിഹരിക്കുന്നതിനുള്ള നടപടികള്‍ നീണ്ടു പോകുന്നതിനെതിരെ സമരത്തിനൊരുങ്ങി അല്‍മായ മുന്നേറ്റം അതിരൂപത സമിതി
X

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദമായ ഭൂമിയിടപാടുമായി ബന്ധപ്പെട്ടുണ്ടായ നഷ്ടം പരിഹരിക്കുന്നതിനുള്ള നടപടികള്‍ നീണ്ടു പോകുന്നതിനെതിരെ സമരത്തിനൊരുങ്ങി വിശ്വാസികളുടെ കൂട്ടായ്മയായ അല്‍മായ മുന്നേറ്റം എറണാകുളം അതിരൂപത സമിതി.നഷ്ടപരിഹാരം നേടിയെടുക്കുകയും അത് സീറോ മലബാര്‍ സിനഡിന് മുന്നില്‍ അവതരിപ്പിക്കാനും ചുമതലപ്പെട്ടിട്ടുള്ള മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍ തന്നില്‍ ഭരമേല്‍പിക്കപ്പെട്ടിട്ടുള്ള ഉത്തരവാദിത്തം നേടിയെടുക്കാന്‍ അമാന്തം കാണിച്ചാല്‍ ഇനിയും ക്ഷമയോടെ കാത്തിരിക്കാന്‍ എറണാകുളം അതിരൂപതയിലെ വിശ്വാസികളും വൈദീകരും തയ്യാറല്ലെന്ന് അല്‍മായ മുന്നേറ്റം കണ്‍വീനര്‍ അഡ്വ.ബിനു ജോണ്‍,വക്താവ് റിജു കാഞ്ഞൂക്കാരന്‍ എന്നിവര്‍ പറഞ്ഞു.

നഷ്ടപരിഹാരം നേടിയെടുക്കാനായി കഴിയില്ലെങ്കില്‍ ചുമതല ഒഴിയണമെന്നും അല്‍മായ മുന്നേറ്റം ആവശ്യപ്പെട്ടു. നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി അതിരൂപത അല്‍മായ മുന്നേറ്റം രണ്ടാം ഘട്ടം പ്രത്യക്ഷ സമരപരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്നും ഇവര്‍ പറഞ്ഞു.കഴിഞ്ഞ ഒരു വര്‍ഷമായി ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് മാര്‍ ആന്റണി കരിയിലിനെ നിരന്തരം കണ്ടുകൊണ്ടിരിക്കുകയാണ് വിശ്വാസികള്‍ക്ക് വേണ്ടി അല്‍്മായ മുന്നേറ്റവും വൈദീകരുടെ അതിരൂപത സംരക്ഷണ സമിതിയും. എന്നാല്‍ മാര്‍ ആന്റണി കരിയിലിന്റെ ഭാഗത്തു നിന്ന് റെസ്റ്റിട്യൂഷന്‍ നേടിയെടുക്കാന്‍ ഒരു ശ്രമവും നടത്തുന്നതായിട്ട് അല്‍മായ മുന്നേറ്റത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. അതിനാല്‍ ഉത്തരവാദിത്തം നടപ്പില്‍ വരുത്താന്‍ കഴിയില്ലെങ്കില്‍ ചുമതല ഒഴിഞ്ഞു തിരിച്ചു പോകുക. റെസ്റ്റിട്യൂഷന്‍ നേടിയെടുക്കാന്‍ മാര്‍ ആന്റണി കരിയിലിനെ സഹായിക്കാന്‍ ചുമതലയുള്ള എറണാകുളം അതിരൂപത കൂരിയ അംഗങ്ങളും സ്ഥാനം ഒഴിയാണെമെന്നും അല്‍മായ മുന്നേറ്റം ആവശ്യപ്പെട്ടു.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ നടന്ന ഭൂമിവില്‍പനയില്‍ എറണാകുളം അതിരൂപതക്ക് ഭീമമായ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുള്ളതായി വത്തിക്കാന്‍ നേരിട്ട് നടത്തിയ അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ കണ്ടെത്തുകയും എറണാകുളം അതിരൂപതക്ക് ഉണ്ടായിട്ടുള്ള സാമ്പത്തിക ധാര്‍മീക നഷ്ടങ്ങള്‍ കണ്ടെത്തി അതിനുള്ള റെസ്റ്റിട്യൂഷന്‍ നടത്തികൊടുക്കാനും മാര്‍പ്പാപ്പ സീറോ മലബാര്‍ സിനഡിന് നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദ്ദേശം അനുസരിച്ചു എറണാകുളം അതിരൂപതയുടെ ഭരണചുമതലയില്‍ നിന്ന് കര്‍ദിനാള്‍ ആലഞ്ചേരിയെ മാറ്റിനിര്‍ത്തി ഭരണ ചുമതല മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയിലിന് നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ ഉത്തരവ് വത്തിക്കാനില്‍ നിന്ന് ഉണ്ടായിട്ട് ഇപ്പോള്‍ ഒരു വര്‍ഷം പൂര്‍ത്തിയായി വീണ്ടും സിനഡ് കൂടി. എന്നാല്‍ റെസ്റ്റിട്യൂഷന്‍ സംബന്ധമായ ഒന്നും നടപ്പാക്കുകയോ അത് സംബന്ധിച്ചു എന്തെങ്കിലും വ്യക്തത വരുത്തുകയോ ഉണ്ടായിട്ടില്ല. അതിനാല്‍ ഇനിയും കാത്തിരിക്കാന്‍ എറണാകുളം അതിരൂപതയിലെ വിശ്വാസികളും വൈദീകരും തയ്യാറല്ലെന്നും അല്‍മായം മുന്നേറ്റം നേതാക്കള്‍ പറഞ്ഞു.യോഗത്തില്‍ അല്‍മായ മുന്നേറ്റം കണ്‍വീനര്‍ അഡ്വ.ബിനു ജോണ്‍ അധ്യക്ഷത വഹിച്ചു. പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി പി പി ജെറാര്‍ദ്, ഷൈജു ആന്റണി, ജോജോ ഇലഞ്ഞിക്കല്‍, മാത്യു കരോണ്ടുകടവില്‍, ബോബി ജോണ്‍, ജോമോന്‍ തോട്ടാപ്പിള്ളി, സൂരജ് പൗലോസ്, ജോസഫ് ആന്റണി, റിജു കാഞ്ഞൂക്കാരന്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു.

Next Story

RELATED STORIES

Share it