Kerala

സാമ്പത്തിക പ്രതിസന്ധിക്കെതിരെ നടപടിയുമായി സര്‍ക്കാര്‍; ഭൂനികുതിയും സേവന ഫീസുകളും കൂടും

ചെലവ് ചുരുക്കുന്നതിനായി ഉദ്യോഗസ്ഥരെ പുനര്‍വിന്യസിക്കും. വന്‍കിട പദ്ധതികളുടെ പ്രഖ്യാപനം ബജറ്റിലുണ്ടാവില്ലെന്നും നിലവിലെ പദ്ധതികളുടെ പൂര്‍ത്തീകരണത്തിനാണ് മുന്‍ഗണന.

സാമ്പത്തിക പ്രതിസന്ധിക്കെതിരെ നടപടിയുമായി സര്‍ക്കാര്‍; ഭൂനികുതിയും സേവന ഫീസുകളും കൂടും
X

തിരുവനന്തപുരം: ബജറ്റിന് ഒരുമാസം ശേഷിക്കെ ഭൂനികുതിയും സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസും വര്‍ദ്ധിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ചെലവ് ചുരുക്കുന്നതിനായി ഉദ്യോഗസ്ഥരെ പുനര്‍വിന്യസിക്കും. വന്‍കിട പദ്ധതികളുടെ പ്രഖ്യാപനം ബജറ്റിലുണ്ടാവില്ലെന്നും നിലവിലെ പദ്ധതികളുടെ പൂര്‍ത്തീകരണത്തിനാണ് മുന്‍ഗണനയെന്നും ധനമന്ത്രി പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഡ് എണ്ണം കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത് നിയന്ത്രിക്കും. ഇരുപതിനായിരത്തോളം തസ്തികകള്‍ ഈ സര്‍ക്കാര്‍ സൃഷ്ടിച്ചുകഴിഞ്ഞു. ഇനി ഉദ്യോഗസ്ഥ പുനര്‍വിന്യാസമാണ് ലക്ഷ്യം.

പ്രൊമോഷന്‍ തുടങ്ങിയ അവകാശങ്ങളിലും ആനുകൂല്യങ്ങളിലും കൈവക്കാതെ പുനര്‍വിന്യാസം നടപ്പാക്കുമെന്ന് ധനമന്ത്രി. നികുതി, റവന്യു അടക്കമുള്ള കുടിശിക പിരിച്ചെടുത്തുന്നതില്‍ വീഴ്ചവരുത്തുന്നെന്ന വിമര്‍ശനം മറികടക്കാനുള്ള നടപടികളും അടുത്ത സാമ്പത്തിക വര്‍ഷമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിരവധി തവണ ട്രഷറി നിയന്ത്രണവും ചെലവ് ചുരുക്കലുമൊക്കെയായി സംസ്ഥാനം മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് പുതിയ ബജറ്റ് തയ്യാറാവുന്നത്. സര്‍ക്കാരിന് കാര്യമായ വരുമാനമില്ലാതെ പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് കേന്ദ്രം ജിഎസ്ടി ഇനത്തില്‍ നല്‍കാനുള്ള തുക സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബജറ്റില്‍ വകയിരുത്തേണ്ട ഫണ്ട് എവിടെ നിന്നായിരിക്കാം കണ്ടെത്തുകയെന്ന ആശങ്കയും നിലവിലുണ്ട്.

ഫെബ്രുവരി 7ലെ ബജറ്റിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ക്കും മറ്റുമായി ധനമന്ത്രിവകുപ്പ് മന്ത്രി ഡോ.തോമസ് ഐസക് വിഴിഞ്ഞത്തെ ഇന്‍സ്പെക്ഷന്‍ ബംഗ്ലാവിലാണുള്ളത്. വരുംദിവസങ്ങളില്‍ വിവിധ മേഖലയിലെ വിദഗ്ധരുമായി ധനവകുപ്പ്മന്ത്രി ചര്‍ച്ച നടത്തും. മന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്ന പതിനൊന്നാമത്തെ ബജറ്റാണ് ഫെബ്രുവരിയിലേത്. 2021ല്‍ കാലാവധി തീരുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് അവശേഷിക്കുന്ന സാമ്പത്തിക,സാമൂഹ്യപദ്ധതികള്‍ ഈ ബജറ്റില്‍ പ്രതീക്ഷിക്കാം. സര്‍ക്കാര്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ ഇത്തവണ ബജറ്റ് തയ്യാറാക്കല്‍ വന്‍വെല്ലുവിളിയായേക്കും.

Next Story

RELATED STORIES

Share it