Kerala

ഉപതിരഞ്ഞെടുപ്പിൽ പാളിയ യുഡിഎഫ് തന്ത്രങ്ങള്‍

തുടക്കത്തില്‍ വികസന വിഷയങ്ങളും വിശ്വാസസംരക്ഷണവും പ്രചാരണ വിഷയമായെങ്കില്‍ അന്തിമഘട്ടത്തില്‍ എത്തിയപ്പോഴേക്കും സമുദായവും ജാതിയുമാണ് ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പില്‍ കളംനിറഞ്ഞത്.

ഉപതിരഞ്ഞെടുപ്പിൽ പാളിയ യുഡിഎഫ് തന്ത്രങ്ങള്‍
X

തിരുവനന്തപുരം: തുടക്കത്തില്‍ വികസന വിഷയങ്ങളും വിശ്വാസസംരക്ഷണവും പ്രചാരണ വിഷയമായെങ്കില്‍ അന്തിമഘട്ടത്തില്‍ എത്തിയപ്പോഴേക്കും സമുദായവും ജാതിയുമാണ് ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പില്‍ കളംനിറഞ്ഞത്. ഉപതിരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികളും ജാതി കേന്ദ്രീകരിച്ച പ്രചാരണത്തിനാണ് അവസാന മണിക്കൂറുകള്‍ ചെലവിട്ടത്.

വട്ടിയൂര്‍ക്കാവില്‍ എന്‍എസ്എസിന്റെ ശരിദൂര പ്രഖ്യാപനമാണ് ഉപതിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഗതിമാറ്റിയത്. പാലായില്‍ പരാജയം ഏറ്റുവാങ്ങിയ യുഡിഎഫിന് എന്‍എസ്എസ് നിലപാട് ഉണര്‍വേകിയിരുന്നു. എന്നാല്‍ അത് വന്‍ തിരിച്ചടിയായതാണ് വട്ടിയൂര്‍ക്കാവ്, കോന്നി ഫലം വന്നപ്പോള്‍ മനസിലായത്. അതേസമയം, സമദൂരം കൈവിട്ടത് ഇടതിനെ ചൊടിപ്പിച്ചു. എന്‍എസ്എസിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം നേതാക്കള്‍ രംഗത്തെത്തി പ്രതിരോധിക്കാന്‍ ശ്രമിച്ചത് ഫലം കാണുകയും ചെയ്തു.

എങ്കിലും ഒടുവിലെ പ്രചാരണത്തില്‍ ഏറ്റുമുട്ടിയത് ജാതി-സമുദായ രാഷ്ട്രീയം തന്നെയായിരുന്നു. ശബരിമല വിഷയത്തിലുള്‍പ്പെടെ അനുകൂല നിലപാടു പ്രതീക്ഷിച്ച ബിജെപിക്കും എന്‍എസ്എസ് തീരുമാനം തിരിച്ചടിയായി. വിശ്വാസിസമൂഹത്തില്‍ ഏറെ സ്വാധീനമുള്ള എന്‍എസ്എസ് തീരുമാനം, വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ബിജെപിയുടെ പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിച്ചു.

വികസന നേട്ടങ്ങളും പ്രതിപക്ഷത്തെ അഴിമതിയും ആയുധമാക്കിയാണ് ഭരണപക്ഷം അഞ്ചു മണ്ഡലങ്ങളിലും പ്രചാരണം നയിച്ചത്. എന്നാല്‍ എന്‍എസ്എസിന്റെ നിലപാടുമാറ്റത്തിനു പിന്നാലെ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീലിനെതിരായ മാര്‍ക്കുദാന ആരോപണവും പ്രതിപക്ഷത്തിന് ഊര്‍ജം പകര്‍ന്നു. എന്നാല്‍ ഇത് കൃത്യമായി ഉപയോഗപ്പെടുത്താന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ലെന്നു വേണം കരുതാന്‍. പാലായില്‍ പാലാരിവട്ടം പാലം അഴിമതിയിലൂടെ യുഡിഎഫിനെ പ്രതിരോധത്തിലാക്കുകയാണ് എല്‍ഡിഎഫ് ആ സമയത്ത് ചെയ്തത്. എന്തുവന്നാലും വട്ടിയൂര്‍ക്കാവ് ഇക്കുറി പിടിച്ചെടുക്കുമെന്ന അമിത ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി രംഗത്തിറങ്ങിയതും. വട്ടിയൂർക്കാവ് മണ്ഡലമുള്‍പ്പെടുന്ന തിരുവനന്തപുരം നഗരസഭയുടെ മേയറായ പ്രശാന്ത് കാഴ്ചവെച്ച വികസനവും പ്രളയകാലത്തെ സേവനവും വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് എല്‍ഡിഎഫ് വിലയിരുത്തല്‍ ശരിയാവുകയും ചെയ്തു. യുവാക്കളില്‍ നല്ലൊരു വിഭാഗം തങ്ങളെ പിന്തുണച്ചാല്‍ മണ്ഡലത്തിന്റെ രാഷ്ട്രീയം മാറ്റിയെഴുതാമെന്നും ഇടതുമുന്നണി കരുതിയിരുന്നു. ഇതിനു വേണ്ടി അണികള്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it