Kerala

വിദ്യാർഥികൾക്കെതിരെ യുഎപിഎ: സർക്കാർ നിലപാടിന്‌ വിരുദ്ധമെന്ന് എൽഡിഎഫ്‌

അറസ്റ്റിലായവർക്കെതിരെയുള്ള യുഎപിഎ ഒഴിവാക്കാൻ സർക്കാർ ഇടപെടണം. എൽഡിഎഫ്‌ യുഎപിഎക്ക്‌ എതിരാണ്‌.

വിദ്യാർഥികൾക്കെതിരെ യുഎപിഎ: സർക്കാർ നിലപാടിന്‌ വിരുദ്ധമെന്ന് എൽഡിഎഫ്‌
X

തിരുവനന്തപുരം: കോഴിക്കോട് സിപിഎം പ്രവർത്തകരായ രണ്ട് വിദ്യാർഥികൾക്കെതിരെ യുഎപിഎ ചുമത്തിയത്‌ സർക്കാർ നിലപാടിന്‌ വിരുദ്ധമാണെന്ന് എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ പറഞ്ഞു. അറസ്റ്റിലായവർക്കെതിരെയുള്ള യുഎപിഎ ഒഴിവാക്കാൻ സർക്കാർ ഇടപെടണം. എൽഡിഎഫ്‌ യുഎപിഎക്ക്‌ എതിരാണ്‌. പരിശോധനയ്‌ക്ക്‌ ജഡ്‌ജിയെ നിയോഗിച്ചത്‌ സർക്കാർ ജാഗ്രതയുടെ ഭാഗമാണെന്നും വിജയരാഘവൻ പറഞ്ഞു.

അറസ്റ്റിലായവർക്കൊപ്പമാണ് പാർട്ടി. അലനും താഹയ്ക്കുമെതിരെ യുഎപിഎ ചുമത്തിയതിൽ പോലിസിന് തെറ്റുപറ്റിയിട്ടുണ്ട്. പോലിസ് എടുത്ത കേസിൽ പിശകുപറ്റിയെങ്കിൽ സർക്കാർ തിരുത്തും. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടല്ല പോലിസ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. ന്യായത്തിന്റെ കൂടെയും അടിച്ചമർത്തപ്പെട്ടവന്റെ കൂടെയുമാണ് എൽഎഡിഎഫ് സർക്കാർ നിൽക്കുക. അത് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളതാണ്. വിദ്യാർഥികളെ അറസ്റ്റ് ചെയ്ത് കേസെടുക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ചാർജ്ഷീറ്റിലേയ്ക്ക് പോയിട്ടില്ല. സർക്കാരിന് ഇനിയും ഇടപെടാൻ സാധിക്കും. പൗരാവകാശ ലംഘനം സർക്കാർ അനുവദിക്കില്ലെന്നും വിജയരാഘവൻ പറഞ്ഞു.

അതേസമയം, പാർട്ടി പ്രവർത്തകരായ യുവാക്കളെ യുഎപിഎ ചുമത്തി ജയിലിലടച്ച പോലിസ് നടപടിക്കെതിരെ സിപിഎമ്മിലും എൽഡിഎഫിലും കടുത്ത അതൃപ്തി ഉയർന്നിട്ടുണ്ട്. മുതിർന്ന സിപിഎം, സിപിഐ നേതാക്കൾ ആഭ്യന്തര വകുപ്പിനെ വിമർശിച്ച് രംഗത്തുവന്നതോടെ മുഖ്യമന്ത്രി പിണറായി വിജയനും സമ്മർദ്ദത്തിലാണ്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് പോലിസിനെ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന പരോക്ഷ വിമർശനമാണ് നേതാക്കൾ ഉന്നയിക്കുന്നത്. പാർട്ടിക്കുള്ളിൽ നിന്നും കടുത്ത എതിർപ്പുയർന്നതോടെയാണ് വിഷയത്തിൽ ഇടപെടാൻ സർക്കാർ തയ്യാറായത്. ഇതിനു പിന്നാലെ നിഷ്പക്ഷ അന്വേഷണം നടത്തി കേസ് നിലനിൽക്കുമോയെന്ന് പരിശോധിക്കുമെന്ന് ഡിജിപിയും വ്യക്തമാക്കി.

Next Story

RELATED STORIES

Share it