Kerala

വിവാദമായ ഇ-മെയില്‍ ചോര്‍ത്തൽ കേസ്: എഴുതിത്തള്ളണമെന്ന അപേക്ഷ കോടതി അംഗീകരിച്ചു

തിരുവനന്തപുരം സിജെഎം കോടതിയാണ് സര്‍ക്കാരിന്റെ അപേക്ഷ സ്വീകരിച്ച് കേസ് അവസാനിപ്പിച്ചത്. പൊലീസ് ആസ്ഥാനത്തെ ഹൈ- ടെക് സെല്ലില്‍ നിന്നും ഇന്റലിജന്‍സ് വിവരങ്ങള്‍ ചോര്‍ത്തി മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കേസെടുത്തത്.

വിവാദമായ ഇ-മെയില്‍ ചോര്‍ത്തൽ കേസ്: എഴുതിത്തള്ളണമെന്ന അപേക്ഷ കോടതി അംഗീകരിച്ചു
X

തിരുവനന്തപുരം: ഏറെ വിവാദമായ പോലിസ് ആസ്ഥാനത്തെ ഇ-മെയില്‍ ചോര്‍ത്തൽ കേസ് എഴുതി തള്ളണമെന്ന സര്‍ക്കാരിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. സര്‍ക്കാരിന്റെ അപേക്ഷ സ്വീകരിച്ച് തിരുവനന്തപുരം സിജെഎം കോടതിയാണ് കേസ് അവസാനിപ്പിച്ചത്. കേസിലെ അഞ്ചാംപ്രതിയായ മാധ്യമം പത്രത്തിന്റെ എഡിറ്റര്‍ ഒ.അബ്ദുറഹ്മാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ അപേക്ഷയിന്മേലാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നത്. രണ്ട് വർഷം മുമ്പാണ് അബ്ദുറഹ്മാന്‍ അപേക്ഷ നൽകിയത്.

കേരളത്തിലെ രഹസ്യാന്വേഷണ വിഭാഗം 268 പൗരന്മാരുടെ ഇമെയിൽ ഐ.ഡി ചോർത്തിയെന്നാരോപിച്ച് 2012 ജനുവരിയിലെ മാധ്യമം ആഴ്ചപ്പതിപ്പ് റിപ്പോർട്ടിനെ തുടർന്ന് കെട്ടിച്ചമച്ച കേസാണ് ഇ-മെയിൽ കേസ്. മാധ്യമം ലേഖകൻ വിജു വി നായരായിരുന്നു വാർത്ത റിപ്പോർട്ട് ചെയ്തത്. ലിസ്റ്റിലുള്ള വ്യക്തികൾക്ക് നിരോധിത സംഘടനയായ സിമിയുമായി ബന്ധമുണ്ടെന്നും മാധ്യമം പുറത്ത് വിട്ട ഉന്നത പോലിസ് ഓഫീസറുടെ കത്തിൽ പരാമർശമുണ്ടായിരുന്നു. എന്നാൽ മാധ്യമം പ്രസിദ്ധീകരിച്ചത് യഥാർത്ഥ കത്തല്ല, വ്യാജ കത്താണെന്ന് ആരോപിച്ചാണ് കേരള പോലിസ് കേസ് രജിസ്റ്റർ ചെയ്തത്.

പോലിസ് ആസ്ഥാനത്തെ ഹൈടെക് സെല്ലില്‍ നിന്നും ഇന്റലിജന്‍സ് വിവരങ്ങള്‍ ചോര്‍ത്തി മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് കേസെടുത്തത്. ഹൈ ടെക് സെല്ലിലെ എസ്‌ഐ ഉള്‍പ്പെടെയുള്ളവർ കേസിൽ പ്രതികളായി. രാജ്യസുരക്ഷയെ ബാധിക്കുന്ന ആശയങ്ങള്‍ പങ്കുവെക്കുന്ന ഇ-മെയിലുകള്‍ പരിശോധിക്കാനായി ഇന്റലിജന്‍സ് മേധാവി പോലിസ് ആസ്ഥാനത്തെ ഹൈടെക് സെല്ലിന് നല്‍കിയ വിവരങ്ങളാണ് ചോര്‍ന്നതെന്നും പോലിസ് പറഞ്ഞു. എന്നാൽ, കേരളത്തിലെ പൊതുരംഗത്ത് സജീവമായ പ്രവർത്തിക്കുന്ന ഒരു പ്രത്യേക മതവിഭാഗത്തിൽ പെട്ടവരുടെ ഇമെയിലുകൾ തിരഞ്ഞുപിടിച്ച് പരിശോധിക്കാൻ നൽകിയത് പുറത്തു വന്നതോടെ വിവാദങ്ങളും ഉയർന്നുവന്നു. പാർലമെന്റംഗം, മുസ് ലിം രാഷ്ട്രീയ പാർട്ടി നേതാക്കൾ, പത്രപ്രവർത്തകർ, വിദ്യാർഥികൾ, പ്രഫഷണലുകൾ, എഴുത്തുകാർ, സാധാരണക്കാർ തുടങ്ങിയവരാണ് ലിസ്റ്റിലുണ്ടായിരുന്നത്. 268 പേരിൽ 257 പേരും ഒരു പ്രത്യേക സമുദായത്തിൽ നിന്നുള്ളവരാണ് എന്നത് ഉയർത്തിക്കാട്ടിയാണ് മാധ്യമത്തിലെ ലേഖനം ഇത് വിവാദമാക്കിയത്. ആഭ്യന്തര സുരക്ഷയെ സാരമായി ബാധിച്ച സംഭവമാണ് പോലിസ് ആസ്ഥാനത്തെ ഹൈടെക് സെല്ലില്‍ നിന്നുള്ള ഇ-മെയില്‍ ചോര്‍ത്തലെന്നും മറുചേരിയിൽ നിന്നും വിമർശനം ഉയർന്നു.

ഹൈടെക് സെല്ലിലെ എസ്.ഐ ബിജു സലിമാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് റിപോർട്ട് നൽകി. ഇയാള്‍ ചോര്‍ത്തിയ വിവരങ്ങള്‍ ചില മാധ്യമങ്ങള്‍ക്ക് ലഭിക്കുകയായിരുന്നത്രേ. സ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരുടെ വിവരങ്ങള്‍ പോലിസ് ചോര്‍ത്തുന്നെന്ന വിവരം പുറത്തറിഞ്ഞതോടെയാണ് രഹസ്യ വിവരം ചോര്‍ന്നെന്ന് പോലിസും സ്ഥിരീകരിച്ചത്. അന്വേഷണത്തിനൊടുവില്‍ എസ്.ഐ ബിജു സലീം, അഡ്വ.എസ് ഷാനവാസ്, ഡോ. പി.എ. ദസ്തക്കിർ, മാധ്യമം ലേഖകൻ വിജു വി നായർ, മാധ്യമം എഡിറ്റർ ഒ.അബ്ദുൽ റഹ്മാൻ, വാരിക എഡിറ്റർ പി.കെ.പാറക്കടവ്, ഇന്ത്യാവിഷൻ ന്യൂസ് എഡിറ്റർ ബഷീർ എന്നിവരെ പ്രതിചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.

ഈ ആറുപേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ബിജു സലീം, അഡ്വ.ഷാനവാസ്, ഡോ.ദസ്തകീർ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ബിജുവിനെ ഉമ്മൻചാണ്ടി സർക്കാർ ജോലിയിൽ നിന്ന് നീക്കം ചെയ്യുകയും ഡോ.ദസ്തകീറിനെ ജില്ലാ മെഡിക്കൽ ഓഫീസർ സ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it