Kerala

പൗരത്വ ഭേദഗതി നിയമം പുനര്‍വിചാരണ ചെയ്യണം: അടൂര്‍ ഗോപാലകൃഷ്ണന്‍

പൗരത്വനിയമം പിന്‍വലിക്കണമെന്നും എന്‍ആര്‍സി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ലോക് താന്ത്രിക് ജനതാദള്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടത്തിയ ഉപവാസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൗരത്വ ഭേദഗതി നിയമം പുനര്‍വിചാരണ ചെയ്യണം: അടൂര്‍ ഗോപാലകൃഷ്ണന്‍
X

തിരുവനന്തപുരം: പൗരത്വ ഭേഗദതി നിയമം പുനര്‍വിചാരണ ചെയ്യണമെന്നു ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഭയവും ജനങ്ങളുടെ അരക്ഷിതമായ വികാരവുമൊക്കെ ചൂടുപിടിച്ച് പൊട്ടിത്തെറിക്കാവുന്ന അവസ്ഥയില്‍ രാജ്യമെത്തി നില്‍ക്കുമ്പോള്‍ തെറ്റുതിരുത്താന്‍ കേരളജനത ഒന്നിച്ചുനിന്ന് ആവശ്യപ്പെടണം. എന്തെങ്കിലും പ്രയാസമുണ്ടായാല്‍ തീര്‍ച്ചയായും നേരിടണമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വനിയമം പിന്‍വലിക്കണമെന്നും എന്‍ആര്‍സി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ലോക് താന്ത്രിക് ജനതാദള്‍ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടത്തിയ ഉപവാസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനാധിപത്യ വ്യവസ്ഥയിലാണോ നമ്മള്‍ ജീവിക്കുന്നതെന്നു സ്വയം ചോദിക്കുന്ന അവസ്ഥയാണിന്ന്. പൗരന്മാര്‍ ഭയത്തില്‍ കഴിയുന്നു. ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണിത്. രാജ്യമൊട്ടാകെ ദിവസങ്ങളായി പ്രക്ഷോഭമാണ്. പ്രതിഷേധത്തില്‍ ഇന്ത്യ ഇളകി മറിയുമ്പോള്‍ ഉത്തരവാദിത്ത്വപ്പെട്ടവര്‍ പുറംതിരിഞ്ഞ് നില്‍ക്കുന്നത് ആശങ്കയും സങ്കടവുമുണ്ടാക്കുന്നു. പ്രധാനപ്പെട്ടൊരു നിയമം ഉണ്ടാക്കുമ്പോള്‍ സെലക്ട് കമ്മിറ്റിക്കുപോലും വിട്ടില്ലെന്നത് ദൗര്‍ഭാഗ്യകരമാണ്. പൊതുമുതല്‍ നശിപ്പിക്കാതെയും ഒന്നും ചുട്ടെരിക്കാതെയും മാന്യമായാണ് കേരളം ആശങ്ക പ്രകടിപ്പിക്കുന്നത്. ബെംഗ്ലരുവില്‍ ഗാന്ധിജിയുടെ ചിത്രവുമായി ജാഥ നടത്തിയവരെ അറസ്റ്റ് ചെയ്തത് ജനാധിപത്യ വിരുദ്ധമാണെന്നും അടൂര്‍ പറഞ്ഞു.

സംസ്ഥാനപ്രസിഡന്റ് എം വി ശ്രേയാംസ്‌കുമാര്‍ അധ്യക്ഷനായി. ദേശീയ സെക്രട്ടറി ഡോ.വര്‍ഗീസ് ജോര്‍ജ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ക് പി ഹാരിസ് , സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ്ബാബു, ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് സി കെ നാണു, ആസൂത്രണബോര്‍ഡ് അംഗം കെ എന്‍ ഹരിലാല്‍, എഴുത്തുകാരി റോസ്‌മേരി, ജി എസ് പ്രദീപ്, ലോക് താന്ത്രിക് നേതാക്കളായ ചാരുപാറ രവി, വി സുരേന്ദ്രന്‍ പിള്ള, വി കുഞ്ഞാലി, സണ്ണിതോമസ്, സി കെ ഗോപി, ഇ പി ദാമോദരന്‍, സലിംമടവൂര്‍, രാജേഷ് പ്രേം, വി കെ കുഞ്ഞുരാമന്‍, എന്‍ കെ വത്സണ്‍, മണ്ണടി അനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വൈകീട്ട് പാളയം ഇമാം വി പി സുബൈബ് മൗലവി എം വി ശ്രേയാംസ് കുമാറിന് നാരങ്ങാനീര് നല്‍കിയാണ് ഉപവാസം അവസാനിപ്പിച്ചത്. സംസ്ഥാന ഭാരവാഹികള്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍, ജില്ലാ പ്രസിഡന്റുമാര്‍ എന്നിവര്‍ ഉപവാസത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it