Kerala

ലോകായുക്ത ഉത്തരവ്: ഹരജിയുമായി കെ ടി ജലീല്‍ ഹൈക്കോടതിയില്‍; നാളെ പരിഗണിച്ചേക്കും

ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്നാണ് ഹരജിയില്‍ ജലീല്‍ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രിസ്ഥാനത്തിരിക്കാന്‍ ജലീലിന് അര്‍ഹതയില്ലെന്നും അദ്ദേഹത്തെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കണമെന്നുമാണ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവില്‍ ലോകായുക്ത വ്യക്തമാക്കിയത്. എന്നാല്‍ ലോകായുക്തയുടെ കണ്ടെത്തലുകള്‍ നിലനില്‍ക്കുന്നതല്ലെന്നാണ് ജലീല്‍ ഹരജിയില്‍ ചൂണ്ടികാണിക്കുന്നത്

ലോകായുക്ത ഉത്തരവ്: ഹരജിയുമായി കെ ടി ജലീല്‍ ഹൈക്കോടതിയില്‍; നാളെ പരിഗണിച്ചേക്കും
X

കൊച്ചി: ബന്ധു നിയമനത്തിനെതിരെ ലോകായുക്ത പുറപ്പെടുവിച്ച ഉത്തരവിനെതിരെ മന്ത്രി കെ ടി ജലീല്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു.ഹരജി നാളെ കോടതി പരിഗണിച്ചേക്കും. ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്നാണ് ഹരജിയില്‍ ജലീല്‍ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രിസ്ഥാനത്തിരിക്കാന്‍ ജലീലിന് അര്‍ഹതയില്ലെന്നും അദ്ദേഹത്തെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കണമെന്നുമാണ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവില്‍ ലോകായുക്ത വ്യക്തമാക്കിയത്. എന്നാല്‍ ലോകായുക്തയുടെ കണ്ടെത്തലുകള്‍ നിലനില്‍ക്കുന്നതല്ലെന്നാണ് ജലീല്‍ ഹരജിയില്‍ ചൂണ്ടികാണിക്കുന്നത്.നിലവില്‍ മധ്യവേനല്‍ അവധിയുടെ ഭാഗമായി കോടതി അവധിയായതിനാല്‍ അവധിക്കാല ബെഞ്ചായിരിക്കും ജലീലിന്റെ ഹരജി പരിഗണിക്കുയെന്നാണ് വിവരം. നാളെ ഹരജി കോടതി പരിഗണിച്ചേക്കും.

ന്യൂനപക്ഷ കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ നിയമനവവുമായി ബന്ധപ്പെട്ടാണ് ലോകായുക്ത വിധി. ചട്ടങ്ങള്‍ ലംഘിച്ച് ബന്ധു കെ ടി അദീബിനെ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമിച്ചെന്ന് ആരോപിച്ച് നല്‍കിയ ഹരജിയിലാണ് ലോകായുക്തയുടെ സുപ്രധാന വിധി. ബന്ധുവിനെ നിയമിച്ചതിലൂടെ മന്ത്രി സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവും നടത്തിയെന്നാണ് ജലീലിനെതിരെ ലോകായുക്തയില്‍ നല്‍കിയ ഹരജിയില്‍ ആരോപിക്കുന്നത്. ഇത് ശരിവെച്ചു കൊണ്ടാണ് ലോകായുക്ത ഡിവിഷന്‍ ബെഞ്ചിന്റെ വിധി. സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവും നടത്തിയ ജലീല്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല എന്ന് ഡിവിഷന്‍ ബെഞ്ച് കണ്ടെത്തി. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് മന്ത്രിക്കെതിരേ തുടര്‍നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയോട് ലോകായുക്ത നിര്‍ദേശിച്ചിരുന്നു.ലോകായുക്തയുടെ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമായതിനു ശേഷം തുടര്‍ നടപടികളുമായി കോടതിയെ സമീപിക്കുമെന്ന് നേരത്തെ മന്ത്രി ജലീല്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ജലീല്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it