Kerala

കുടിവെള്ളത്തിലും വര്‍ഗീയത: ശോഭ കരന്തലജെയുടെ മതസ്പര്‍ധ വളര്‍ത്തുന്ന ട്വിറ്റര്‍ പോസ്റ്റിനെതിരേ മലപ്പുറം എസ്പിക്ക് പരാതി

ഹിന്ദു- മുസ്‌ലിം വിഭാഗങ്ങള്‍ ഐക്യത്തോടും സൗഹാര്‍ദത്തോടും താമസിക്കുന്ന കുറ്റിപ്പുറത്തെയും മലപ്പുറം ജില്ലയിലെയും മതസൗഹാര്‍ദം തകര്‍ക്കുന്നതിനും വര്‍ഗീയകലാപത്തിനും സാധാരണക്കാരുടെ സൈ്വര്യജീവിതം തകര്‍ക്കുന്നതിനുമായി ബോധപൂര്‍വം നടത്തിയ പ്രസ്താവന നടത്തിയ ശോഭാ കരന്തലജെക്കെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പുപ്രകാരവും മറ്റ് ഉചിതനിയമങ്ങള്‍ പ്രകാരവും കേസെടുത്ത് അന്വേഷണം നടത്തി നിയമനടപടികള്‍ സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

കുടിവെള്ളത്തിലും വര്‍ഗീയത: ശോഭ കരന്തലജെയുടെ മതസ്പര്‍ധ വളര്‍ത്തുന്ന ട്വിറ്റര്‍ പോസ്റ്റിനെതിരേ മലപ്പുറം എസ്പിക്ക് പരാതി
X

കോഴിക്കോട്: മുസ്‌ലിം ഭൂരിപക്ഷപ്രദേശമായ മലപ്പുറം ജില്ലയില്‍ കുടിവെള്ളത്തില്‍ പോലും വര്‍ഗീയത കലര്‍ത്തി മുതലെടുപ്പ് നടത്താനുള്ള സംഘപരിവാര നീക്കത്തിനെതിരേ മലപ്പുറം എസ്പിക്ക് പരാതി നല്‍കി. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചതിന്റെ പേരില്‍ കോളനി നിവാസികള്‍ക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന തരത്തില്‍ ഉഡുപ്പി- ചിക്മംഗളൂര്‍ എംപിയും ബിജെപി നേതാവുമായ ശോഭ കരന്തലജെയുടെ മതസ്പര്‍ധ വളര്‍ത്തുന്ന ട്വിറ്റര്‍ പോസ്റ്റിനെതിരേ സുപ്രിംകോടതിയിലെ അഭിഭാഷകന്‍ അഡ്വ.കെ ആര്‍ സുഭാഷ് ചന്ദ്രനാണ് മലപ്പുറം എസ്പിക്കും കുറ്റിപ്പുറം എസ്എച്ച്ഒയ്ക്കും പരാതി നല്‍കിയത്.

2020 ജനുവരി 22ന് ശോഭ കരന്തലജെ തന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്റിലില്‍നിന്ന് എന്റെ സ്വദേശമായ കുറ്റിപ്പുറം പ്രദേശത്തെ മതസാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന തരത്തില്‍ വ്യാജമായ ഒരു പ്രസ്താവന നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു. ഹിന്ദു- മുസ്‌ലിം വിഭാഗങ്ങള്‍ ഐക്യത്തോടും സൗഹാര്‍ദത്തോടും താമസിക്കുന്ന കുറ്റിപ്പുറത്തെയും മലപ്പുറം ജില്ലയിലെയും മതസൗഹാര്‍ദം തകര്‍ക്കുന്നതിനും വര്‍ഗീയകലാപത്തിനും സാധാരണക്കാരുടെ സൈ്വര്യജീവിതം തകര്‍ക്കുന്നതിനുമായി ബോധപൂര്‍വം നടത്തിയ പ്രസ്താവന നടത്തിയ ശോഭാ കരന്തലജെക്കെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പുപ്രകാരവും മറ്റ് ഉചിതനിയമങ്ങള്‍ പ്രകാരവും കേസെടുത്ത് അന്വേഷണം നടത്തി നിയമനടപടികള്‍ സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. യഥാര്‍ഥ വസ്തുത ബോധപൂര്‍വം മറച്ചുവച്ച് പ്രദേശത്തെ ഹിന്ദുക്കള്‍ക്ക് പൗരത്വ ഭേദഗതി നിയമത്തെ പിന്തുണക്കുന്നവരെന്ന പേരില്‍ കുടിവെള്ളം നിഷേധിക്കുന്നുവെന്ന വ്യാജപ്രസ്താവനയാണ് ശോഭാ കരന്തലജെ സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രചരിപ്പിക്കുന്നത്.

മുസ്‌ലിം സമുദായം ഭൂരിപക്ഷമുള്ള മലപ്പുറം ജില്ലയെയും മലപ്പുറം ഉള്‍പ്പെടുന്ന കേരളത്തെയും വര്‍ഗീയമായി ചിത്രീകരിക്കുന്ന കമന്റുകളാണ് പ്രസ്തുത പോസ്റ്റിനു താഴെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.താന്‍ ഇപ്പോള്‍ താമസിക്കുകയും പ്രാക്ടീസ് ചെയ്യുകയും ചെയ്യുന്ന ഡല്‍ഹി ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ പ്രസ്തുത പോസ്റ്റിന് വ്യാപകമായ പ്രചാരണമാണ് ബിജെപി അനുഭാവികള്‍ നടത്തുന്നത്. മേല്‍പ്പറഞ്ഞ സാഹചര്യത്തില്‍ പ്രസ്തുത പ്രസ്താവന കുറ്റിപ്പുറം നിവാസിയെന്ന നിലയിലും പൗരത്വ ഭേദഗതി നിയമത്തെ സുപ്രിംകോടതി മുമ്പാകെ ചോദ്യംചെയ്തിരിക്കുന്ന ഒരു അഭിഭാഷകനെന്ന നിലയിലും തന്റെ വ്യക്തിസുരക്ഷയെപ്പോലും ബാധിക്കുന്നതാണെന്നും അഡ്വ. സുഭാഷ് ചന്ദ്രന്‍ പരാതിയില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it