Kerala

എംബിബിഎസ് സീറ്റ് തട്ടിപ്പ്: അറസ്റ്റിലായത് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വിശ്വസ്തന്‍

ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയടക്കമുള്ള പ്രമുഖരുടെ വിശ്വസ്തനും മനസ്സാക്ഷി സൂക്ഷിപ്പുകാരനുമാണിയാളെന്നാണ് സീറോ മലബാര്‍ സഭ വൃത്തങ്ങളില്‍ അറിയപ്പെടുന്നത്. കൊല്ലം സ്വദേശി നൗഷാദിന് എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് 20 ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് അറസ്റ്റ്.

എംബിബിഎസ് സീറ്റ് തട്ടിപ്പ്: അറസ്റ്റിലായത് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വിശ്വസ്തന്‍
X

പി സി അബ്ദുല്ല

കൊച്ചി: എംബിബിഎസ് സീറ്റ് തട്ടിപ്പുകേസില്‍ അറസ്റ്റിലായത് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വിശ്വസ്തന്‍. ഇന്ത്യന്‍ കാത്തലിക് ഫോറം ജനറല്‍ സെക്രട്ടറി ബിനു ചാക്കോയാണ് അറസ്റ്റിലായത്. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയടക്കമുള്ള പ്രമുഖരുടെ വിശ്വസ്തനും മനസ്സാക്ഷി സൂക്ഷിപ്പുകാരനുമാണിയാളെന്നാണ് സീറോ മലബാര്‍ സഭ വൃത്തങ്ങളില്‍ അറിയപ്പെടുന്നത്. കൊല്ലം സ്വദേശി നൗഷാദിന് എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് 20 ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് അറസ്റ്റ്.

മൂന്നുമാസം മുമ്പാണ് തൃശൂര്‍ അമല മെഡിക്കല്‍ കോളജില്‍ സീറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതെന്നാണ് പരാതി. സീറ്റ് നല്‍കാതിരുന്നതിനെത്തുടര്‍ന്ന് രണ്ടുലക്ഷം രൂപ മടക്കി നല്‍കി. കോട്ടയം വെസ്റ്റ് പോലിസ് എറണാകുളത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൂടുതല്‍ പേരില്‍നിന്നും ഇയാള്‍ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതായാണ് പോലിസ് പ്രാഥമികമായി നല്‍കുന്ന വിവരം.

ഒരുമാസം മുമ്പാണ് കോട്ടയം വെസ്റ്റ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച എംഎംബിബിഎസ് സീറ്റ് തട്ടിപ്പുകേസില്‍ കാത്തലിക് ഫോറം ജനറല്‍ സെക്രട്ടറി ബിനു ചാക്കോ അറസ്റ്റിലായത്. കൊല്ലം സ്വദേശി നൗഷാദിന് സീറ്റ് വാഗ്ദാനം ചെയ്ത് 20 ലക്ഷം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്.

ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരി പ്രതിയായ ഭൂമി തട്ടിപ്പുകേസിലടക്കം സീറോ മലബാര്‍ സഭയുടെ വക്താവായി രംഗത്തുവന്നതില്‍ പ്രധാനി ബിനു ചാക്കോയാണ്. എറണാകുളം- അങ്കമാലി അതിരൂപതയില്‍ ജോര്‍ജ് ആലഞ്ചേരിയ്‌ക്കെതിരേ രംഗത്തുവന്ന വൈദികരെ കടുത്ത ഭാഷയില്‍ അധിക്ഷേപിച്ചാണ് ഇയാള്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടത്. കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ച് രംഗത്തുവന്നവരിലും മുന്‍നിരയിലായിരുന്നു ബിനു ചാക്കോ.

ഭീമാ കൊറേഗാവ് കേസില്‍ ജസ്യൂട്ട് സഭാ പാതിരി ഫാദര്‍ സ്റ്റാന്‍ സ്വാമി അറസ്റ്റിലായ സംഭവത്തില്‍ എന്‍ഐഎയെയും കേന്ദ്രസര്‍ക്കാരിനെയും പിന്തുണച്ചാണ് ഇയാള്‍ രംഗത്തുവന്നത്. സ്റ്റാന്‍ സ്വാമിക്കെതിരെയായിരുന്നു കത്തോലിക്കാ ഫോറത്തിന്റെ നിലപാട്.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ ഒരോ പൗരനും കടമയുണ്ടെന്നും പാതിരിമാരുടെയും സന്യസ്തരുടെയും സാമൂഹികപ്രവര്‍ത്തനങ്ങള്‍ നിയമങ്ങള്‍ക്ക് വിധേയമായിട്ടാണോയെന്ന് സഭാനേതൃത്വം ഗൗരവതരമായി പരിശോധിക്കണമെന്നും കത്തോലിക്കാ ഫോറം നേതാവ് ബിനു ചാക്കോ ആവശ്യപ്പെട്ടിരുന്നു. സിറോ മലബാര്‍ സഭയെ സംഘപരിവാറുമായി അടുപ്പിക്കുന്നതില്‍ പ്രധാന കണ്ണിയാണ് ബിനു ചാക്കോ എന്നാണ് ചില ക്രൈസ്തവ ബദല്‍ ഗ്രൂപ്പുകളും ആരോപിക്കുന്നത്.

Next Story

RELATED STORIES

Share it