Kerala

ഏഷ്യാനെറ്റ്, മീഡിയാ വണ്‍ ചാനല്‍ വിലക്ക് ബിജെപിയുടെ പ്രതികാരനടപടി: ചെന്നിത്തല

സത്യസന്ധമായ മാധ്യമപ്രവര്‍ത്തനം തടയുന്നത് ഫാഷിസ്റ്റ് രീതിയാണ്. കേന്ദ്രസര്‍ക്കാര്‍ നടപടിയെ ജനാധിപത്യസ്‌നേഹികള്‍ ഒറ്റകെട്ടായി എതിര്‍ക്കണം.

ഏഷ്യാനെറ്റ്, മീഡിയാ വണ്‍ ചാനല്‍ വിലക്ക് ബിജെപിയുടെ പ്രതികാരനടപടി: ചെന്നിത്തല
X

തിരുവനന്തപുരം: ഡല്‍ഹി കലാപത്തിന്റെ വസ്തുതകള്‍ പുറംലോകത്തെ അറിയിച്ചതില്‍ കലിപൂണ്ട ബിജെപി സര്‍ക്കാരിന്റെ പ്രതികാരനടപടിയാണ് ഏഷ്യാനെറ്റ് ന്യൂസ്, മീഡിയാ വണ്‍ ചാനലുകള്‍ വിലക്കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സത്യസന്ധമായ മാധ്യമപ്രവര്‍ത്തനം തടയുന്നത് ഫാഷിസ്റ്റ് രീതിയാണ്. കേന്ദ്രസര്‍ക്കാര്‍ നടപടിയെ ജനാധിപത്യസ്‌നേഹികള്‍ ഒറ്റകെട്ടായി എതിര്‍ക്കണം. മാധ്യമങ്ങളെ തൂക്കിലേറ്റുക വഴി ജനാധിപത്യത്തിനെ ഇല്ലാതാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. കലാപത്തിന് ആഹ്വാനം ചെയ്തവര്‍ പുറത്തിറങ്ങി നടക്കുകയും കലാപത്തിന്റെ കണ്ണീര്‍ചിത്രങ്ങള്‍ പുറംലോകത്തെ അറിയിച്ച മാധ്യമങ്ങളെ ചങ്ങലക്കിടുകയുമാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ആര്‍എസ്എസ്സിനെ വിമര്‍ശിച്ചത് പോലും കുറ്റമായി വാര്‍ത്താപ്രക്ഷേപണമന്ത്രാലയം ചാനലുകള്‍ക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നത്. സംഘപരിവാറിനു മുന്നില്‍ മാധ്യമങ്ങള്‍ കീഴടങ്ങണമെന്ന സന്ദേശമാണ് ഈ നോട്ടീസിന്റെ ഉള്ളടക്കം. മാധ്യമസ്വാതന്ത്ര്യത്തെ ഫാഷിസ്റ്റ് ശക്തികള്‍ക്ക് മുന്നില്‍ കൂച്ചുവിലങ്ങിടുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി ജനാധിപത്യത്തിന് നേരേ ഉയരുന്ന മഴുവാണ്. സര്‍ക്കാരിനെതിരേ ശബ്ദിക്കുന്ന മറ്റുള്ള മാധ്യമങ്ങളെ ഭയപ്പെടുത്തി വരുതിയിലാക്കാനുള്ള തന്ത്രം കൂടിയാണിത്. രണ്ട് ചാനലുകളുടെയും പ്രക്ഷേപണ വിലക്ക് ഉടന്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it