Kerala

50,000 പേര്‍ക്ക് നൂറ് ദിവസത്തിനകം തൊഴില്‍ നല്‍കും: മന്ത്രി എ സി മൊയ്തീന്‍

50,000 പേര്‍ക്ക് നൂറ് ദിവസത്തിനകം തൊഴില്‍ നല്‍കും: മന്ത്രി എ സി മൊയ്തീന്‍
X
തൃശൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടികളുടെ ഭാഗമായി 50,000 പേര്‍ക്ക് നൂറ് ദിവസത്തിനകം പുതുതായി തൊഴില്‍ നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചുവെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍. ശ്രീനാരായണപുരം പഞ്ചായത്ത് കെട്ടിട സമുച്ചയം ശിലാസ്ഥാപനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതിയിലുള്‍പ്പെടുത്തി 15000 കുടുംബശ്രീ അംഗങ്ങള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ നല്‍കും. സഹകരണ സ്ഥാപനങ്ങള്‍ വഴി 17500 പേര്‍ക്ക് പുതിയ സംരംഭങ്ങള്‍ നല്‍കാന്‍ അഞ്ചു മുതല്‍ 20 ലക്ഷം വരെ വായ്പകള്‍ നല്‍കാനുള്ള സൗകര്യങ്ങള്‍ ഒരുക്കും. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തുന്ന പരിപാടികള്‍ക്കെതിരെ തദ്ദേശസ്ഥാപനങ്ങള്‍ കര്‍ശനമായ നടപടി സ്വീകരിക്കണം. ഇക്കാര്യത്തില്‍ ഗൗരവപ്പെട്ട ഇടപെടല്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.

ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 99.9 ലക്ഷം രൂപ ചെലവഴിച്ച് പഞ്ചായത്ത് ബില്‍ഡിംഗിന്റെ പുറകിലായി, പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. പുതിയ കെട്ടിടം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ വില്ലേജ് ഓഫീസ് കെട്ടിടത്തിലേക്ക് മാറ്റും. കൂടാതെ പഞ്ചായത്തിലെ വിവിധ ഓഫീസുകളുടെ അനുബന്ധ പ്രവര്‍ത്തനങ്ങളും ഈ കെട്ടിടത്തിലേക്ക് മാറ്റും.

എസ് എന്‍ പുരം തേവര്‍പ്ലാസ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഇടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ ഓണ്‍ലൈനായി അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ അബീദലി, പഞ്ചായത്ത് പ്രസിഡന്റ് സൗദാ നാസര്‍, ജില്ലാ പഞ്ചായത്ത് അംഗം ബി ജി വിഷ്ണു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എസ് മോഹനന്‍, സെക്രട്ടറി കെ എന്‍ രാംദാസ് എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it