Kerala

കൊവിഡ്: ജോലി നഷ്ടപ്പെട്ട് തിരികെ വരുന്നവര്‍ക്കായി കാര്‍ഷിക സംരംഭങ്ങള്‍ ആരംഭിക്കണം- മന്ത്രി എ സി മൊയ്തീന്‍

രണ്ടു പ്രളയ കാലത്തും കോവിഡ് മഹാമാരിയുടെ കാലത്തും രാജ്യത്തിനുതന്നെ മാതൃകയാക്കാവുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളനുസരിച്ച് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ്: ജോലി നഷ്ടപ്പെട്ട് തിരികെ വരുന്നവര്‍ക്കായി കാര്‍ഷിക സംരംഭങ്ങള്‍ ആരംഭിക്കണം- മന്ത്രി എ സി മൊയ്തീന്‍
X

തൃശൂര്‍: കൊവിഡ് മൂലം ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരികെ വരുന്നവര്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കാര്‍ഷിക മേഖലയില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍. അവര്‍ക്ക് വേണ്ടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ചുമതലയുണ്ട്. കാര്‍ഷിക സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ സ്ത്രീകളെയും ചെറുപ്പക്കാരെയും പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പൂമംഗലം പഞ്ചായത്തില്‍ വനിതകള്‍ക്കായി ആരംഭിച്ച വ്യവസായ കേന്ദ്രം എടക്കുളം കനാല്‍ കിഴക്ക് അങ്കണവാടി പരിസരത്ത് ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുഭിക്ഷ കേരളം പദ്ധതിയുടെ കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജനകീയ പങ്കാളിത്തം അടിയന്തരമായി ഉറപ്പാക്കണം. അധികാര വികേന്ദ്രീകരണത്തിന്റെ അന്തസത്ത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ജനകീയ പങ്കാളിത്തം ഉറപ്പാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അഞ്ച് വര്‍ഷക്കാലം കൊണ്ട് സാധിച്ചു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. രാജ്യത്ത് തൊഴിലുറപ്പ് പദ്ധതി രാജ്യത്ത് വളരെ മാതൃകപരമായി നടക്കുന്ന സംസ്ഥാനം കേരളമാണ്. അതിന്റെ പ്രയോജനവും ലൈഫ് പദ്ധതിയുടെയും മറ്റു പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി രാജ്യത്തെ സാധാരണക്കാര്‍ക്ക് ലഭ്യമായിട്ടുണ്ട്. രണ്ടു പ്രളയ കാലത്തും കോവിഡ് മഹാമാരിയുടെ കാലത്തും രാജ്യത്തിനുതന്നെ മാതൃകയാക്കാവുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളനുസരിച്ച് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രഫ. കെ യു അരുണന്‍ എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് അനുവദിച്ച 24 ലക്ഷം രൂപ ഉപയോഗിച്ചാണ് വനിതാ വ്യവസായ കേന്ദ്രം നിര്‍മ്മിച്ചത്. 1200 ചതുരശ്ര അടിയില്‍ ഏഴ് മുറികള്‍ ആയിട്ടാണ് നിര്‍മ്മാണം. വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ 10 കുടുംബശ്രീകള്‍ ഇതിനകം അപേക്ഷ നല്‍കി. അഞ്ചു കുടുംബശ്രീകളുടെ അപേക്ഷയില്‍ നടപടികളായിട്ടുണ്ട്.

Next Story

RELATED STORIES

Share it