Kerala

എന്‍ ജയരാജിന്റെ നാലാമൂഴം ചീഫ് വിപ്പായി; കേരള കോണ്‍ഗ്രസി (എം)ന്റെ ഏകമന്ത്രിയായി റോഷി അഗസ്റ്റിന്‍

എന്‍ ജയരാജിന്റെ നാലാമൂഴം ചീഫ് വിപ്പായി; കേരള കോണ്‍ഗ്രസി (എം)ന്റെ ഏകമന്ത്രിയായി റോഷി അഗസ്റ്റിന്‍
X

കോട്ടയം: ഇടുക്കിയില്‍നിന്ന് തുടര്‍ച്ചയായ അഞ്ചാം വിജയം റോഷി അഗസ്റ്റിന് സമ്മാനിക്കുന്ന രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിസ്ഥാനമാണെങ്കില്‍ നാലാമൂഴത്തില്‍ എന്‍ ജയരാജനെ തേടിയെത്തുന്നത് കാബിനറ്റ് റാങ്കോടെയുള്ള ചീഫ് വിപ്പ് പദവി. മുന്നണി മാറി ല്‍ഡിഎഫിലെത്തിയ കേരള കോണ്‍ഗ്രസ് (എം) ന് ലഭിച്ച ഏകമന്ത്രിസ്ഥാനമാണ് ഇടുക്കി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന റോഷിയുടേത്. കേരള കോണ്‍ഗ്രസ് രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടെങ്കിലും ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും നല്‍കാന്‍ എല്‍ഡിഎഫ് ധാരണയിലെത്തുകയായിരുന്നു.

ഇടുക്കി ജില്ലയുടെ അതേപേരിലുള്ള മണ്ഡലത്തില്‍നിന്ന് ആദ്യമായി ഒരു മന്ത്രിയുണ്ടാവുന്നതും റോഷിയിലൂടെയാണ്. നിലവില്‍ കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര കമ്മിറ്റി അംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ് റോഷി. കന്നിയങ്കം 1996ല്‍ പേരാമ്പ്രയില്‍നിന്നായിരുന്നു. എന്നാല്‍, ആദ്യമല്‍സരത്തില്‍ സിപിഎമ്മിന്റെ എന്‍ കെ രാധയോട് പരാജയപ്പെട്ടു. 2752 വോട്ടുകള്‍ക്കായിരുന്നു തോല്‍വി. പിന്നീട് തട്ടകം മാറി ഇടുക്കിയിലെത്തി. 2001 മുതല്‍ ഇടുക്കിയില്‍ തുടര്‍ച്ചയായി വിജയം. കേരള കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ജോസ് കെ മാണിയോടൊപ്പം ഉറച്ചുനിന്നു. 1969 ജനുവരി 20ന് പാലാ ചക്കാമ്പുഴയില്‍ ചെറുനിലത്തുചാലില്‍ വീട്ടില്‍ ചക്കാമ്പുഴ ചെറുനിലത്ത് ചാലില്‍ അഗസ്റ്റിന്‍- ലീലാമ്മ ദമ്പതികളുടെ മൂന്ന് മക്കളില്‍ മൂത്തയാളായാണ് ജനനം.

സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തുതന്നെ ഇടക്കോലി ഗവ. ഹൈസ്‌കൂള്‍ ലീഡറായി നേതൃത്വത്തിലേക്ക് തുടക്കം. പിന്നീട് കെഎസ്‌സി (എം) യൂനിറ്റ് പ്രസിഡന്റായും പാലാ സെന്റ് തോമസ് കോളജ് യൂനിറ്റ് പ്രസിഡന്റായും യൂനിയന്‍ ഭാരവാഹിയായും വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ നേതൃനിരയിലേക്കെത്തി. പാലാ സെന്റ് തോമസ് കോളജില്‍നിന്ന് ഫിസിക്‌സില്‍ ബിരുദം നേടി. കേരളാ കോണ്‍ഗ്രസ് (എം) ന്റെ ഭാരവാഹിയായിമാറി. കേരളാ ലീഗല്‍ എയ്ഡ് അഡ്വൈസറി ബോര്‍ഡ് മെംബറായും രാമപുരം സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായി ആദ്യകാല പ്രവര്‍ത്തനം.

കെഎസ്‌സി (എം) സംസ്ഥാന പ്രസിഡന്റായിരിക്കെ അഴിമതിക്കും ലഹരി വിപത്തുകള്‍ക്കുമെതിരേ 1995 ല്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 43 ദിവസം നീണ്ടുനില്‍ക്കുന്ന വിമോചന പദയാത്രയും 2001 ല്‍ വിമോചന യാത്രയും നടത്തി ശ്രദ്ധേയമായി. 26ാം വയസില്‍ പേരാമ്പ്രയില്‍നിന്നായിരുന്നു നിയമസഭയിലേക്കുള്ള കന്നിയങ്കം. അന്ന് പരാജയം സംഭവിച്ചെങ്കിലും കെ എം മാണിയുടെ പ്രിയ ശിഷ്യന്‍ 2001 ല്‍ ഇടുക്കിയില്‍നിന്നും സിറ്റിങ് എംഎല്‍എ യെ പരാജയപ്പെടുത്തി. തുടര്‍ന്നുള്ള അഞ്ച് തിരഞ്ഞെടുപ്പുകളിലും മികച്ച ഭൂരിപക്ഷത്തോടെ വിജയം നേടാനായി. കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടി ഉന്നതാധികാര സമിതി അംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ്.

കെ എം മാണി പൊതുപ്രവര്‍ത്തകര്‍ക്ക് ഒരു മാതൃക എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് റോഷി. തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ സെന്ററില്‍ നഴ്‌സായ റാണിയാണ് ഭാര്യ. മൂത്തമകള്‍ ആന്‍മരിയ വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയാണ്. രണ്ടാമത്തെ മകള്‍ എയ്ഞ്ചല്‍ മരിയ എട്ടാം ക്ലാസിലും ഇളയ മകന്‍ അഗസ്റ്റിന്‍ രണ്ടാം ക്ലാസിലും തിരുവനന്തപുരത്ത് പഠിക്കുന്നു. ഗവണ്മെന്റ് ചീഫ് വിപ്പ് പദവിയിലെത്തുന്ന പ്രഫ.എന്‍ ജയരാജിന് നിയമസഭയില്‍ നാലാമൂഴമാണ്.

കോട്ടയം ജില്ലയില്‍ കറുകച്ചാല്‍ ചമ്പക്കരയിലാണ് ജനനം. മുന്‍മന്ത്രിയും ഡപ്യൂട്ടി സ്പീക്കറുമായിരുന്ന അന്തരിച്ച പ്രഫ.കെ നാരായണകുറുപ്പാണ് പിതാവ്. മാതാവ് കെ ലീലാദേവി. ഗവ.എല്‍പിഎസ് ചമ്പക്കര, സെന്റ് തോമസ് എച്ച് എസ് കീഴില്ലം, ബിഎച്ച്എസ് കാലടി എന്നിവിടങ്ങളിലായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പ്രീഡിഗ്രി പഠനം തിരുവനന്തപുരം ആര്‍ട്‌സ് കോളജില്‍. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍നിന്ന് എക്കണോമിക്‌സില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. കേരളത്തിന്റെ പൊതുവരവും ചെലവും കേരളത്തിന്റെ സാമ്പത്തികവളര്‍ച്ചയിലെ സ്വാധീനം എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി പബ്ലിക് ഫിനാന്‍സില്‍ കേരള സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

25 വര്‍ഷം കേരള, കോഴിക്കോട്, എംജി സര്‍വകലാശാലകളിലെ വിവിധ എന്‍എസ്എസ് കോളജുകളില്‍ എക്കണോമിക്‌സ് അധ്യാപകനായി പ്രവര്‍ത്തിച്ചു. തുടര്‍ച്ചയായി രണ്ടുതവണ കോട്ടയം ജില്ലാപഞ്ചായത്ത് അംഗമായി. 2006ല്‍ വാഴൂര്‍ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചാണ് നിയമസഭാ സാമാജികനായത്. 2011ലും 2016ലും 2021ലും കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ നിന്ന് വിജയിച്ചു. കവി, ലേഖകന്‍, കോളമിസ്റ്റ് എന്നീ നിലകളിലും ജയരാജ് ശ്രദ്ധേയനാണ്. സംസ്‌കൃതി എന്ന സാംസ്‌കാരിക കൂട്ടായ്മയുടെ രൂപീകരണത്തില്‍ മുന്‍കൈയെടുത്തു. എന്റെ മണിമലയാര്‍ എന്ന നദി സംരക്ഷണ മുന്നേറ്റത്തിന് പ്രാരംഭം നല്‍കി സജീവസാന്നിധ്യമായി നില്‍ക്കുന്നു. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ക്കായി രൂപം കൊടുത്ത പുറപ്പാട് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ സംഘാടകനുമാണ്. ഭാര്യ ഗീത, മകള്‍ പാര്‍വതി.

Next Story

RELATED STORIES

Share it