Kerala

നെടുമ്പാശേരി വിമാനത്താവളം വഴി മയക്കുമരുന്നു കടത്താനുള്ള നീക്കം ശക്തമാക്കി ലഹരി മാഫിയ; മൂന്നു മാസത്തിനുള്ളില്‍ പിടിയിലായത് രണ്ടു യാത്രക്കാര്‍

കഴിഞ്ഞ ജനുവരി 26 ന് ദോഹയിലേക്ക് മയക്കു മരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെ മലപ്പുറം സ്വദേശി മുബാഷിര്‍ സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായിരുന്നു.1.62 കിലോഗ്രാം ഹാഷിഷാണ് ഇയാളില്‍ നിന്നും അന്ന് പിടികൂടിയത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ മൂന്നു കിലോ ഹാഷിഷുമായി മാലി സ്വദേശിയായ സൊബാഹ് മുഹമ്മദ് (22)നെടുമ്പാശേരിയില്‍ പിടിയിലായത്

നെടുമ്പാശേരി വിമാനത്താവളം വഴി മയക്കുമരുന്നു കടത്താനുള്ള നീക്കം ശക്തമാക്കി ലഹരി മാഫിയ; മൂന്നു മാസത്തിനുള്ളില്‍ പിടിയിലായത് രണ്ടു യാത്രക്കാര്‍
X

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി യാത്രക്കാരെ ഉപയോഗിച്ച് മയക്കുമരുന്നു കടത്താനുള്ള ശ്രമം ശക്തമാക്കി ലഹരി മാഫിയ.കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ മയക്കു മരുന്നുമായി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലാകുന്നത് രണ്ടാമത്തെ യാത്രക്കാരന്‍. കഴിഞ്ഞ ജനുവരി 26 ന് ദോഹയിലേക്ക് മയക്കു മരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെ മലപ്പുറം സ്വദേശി മുബാഷിര്‍ സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായിരുന്നു.1.62 കിലോഗ്രാം ഹാഷിഷാണ് ഇയാളില്‍ നിന്നും അന്ന് പിടികൂടിയത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ മൂന്നു കിലോ ഹാഷിഷുമായി മാലി സ്വദേശിയായ സൊബാഹ് മുഹമ്മദ് (22)നെടുമ്പാശേരിയില്‍ പിടിയിലായത്. ഇന്‍ഡിഗോ വിമാനത്തില്‍ മാലിയിലേക്ക് പോകാനെത്തിയപ്പോഴാണ് സൊബാഹ് മുഹമ്മദില്‍ നിന്നും കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം മൂന്നു കിലോ ഹാഷിഷ് പിടികൂടിയത്.

രാജ്യാന്തര വിപണിയില്‍ ഒരു കിലോ ഹാഷിഷിന് ഒരു കോടി രൂപ വിലയുണ്ട്.ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗേജില്‍ പ്രത്യേക അറയുണ്ടാക്കി അതിനകത്താണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.3.120 കിലോഗ്രാം ഹാഷിഷാണ് ബാഗേജില്‍ നിന്നും കണ്ടെടുത്തത്. ബാഗേജിന്റെ സുരക്ഷാ പരിശോധനക്കിടെ സംശയം തോന്നിയതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റംസ് വിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു. കസ്റ്റംസ് വിഭാഗം ഉദ്യോഗസ്ഥര്‍ ഡോഗ് സ്‌ക്വാര്‍ഡിനെ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ബാഗേജിനകത്ത് മയക്കുമരുന്നിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്.തുടര്‍ന്ന് ബാഗേജ് തുറന്ന് പരിശോധന നടത്തുകയായിരുന്നു.രാജ്യന്തര വിപണിയില്‍ കിലോഗ്രാമിന് ഒരു കോടിയിലധികം വിലവരുന്ന ഹാഷിഷ് ഇന്ത്യയില്‍ നിന്നും കുറഞ്ഞ വിലക്ക് ലഭ്യമാകും.ഇത് വിദേശത്ത് എത്തിക്കുന്നതോടെ കോടികളാണ് ലാഭം കിട്ടുന്നത്.മൂന്ന് ദിവസം മുന്‍പ് സന്ദര്‍ശക വിസയില്‍ നെടുമ്പാശ്ശേരിയിലെത്തിയ സൊബാഹ് മുഹമ്മദ് ഇന്നലെ മാലിയിലേക്ക് മടങ്ങി പോകാനെത്തിയപ്പോഴാണ് മയക്കുമരുന്നുമായി പിടിയിലാകുന്നത്.മയക്കുമരുന്ന് കടത്തിന്റെ പ്രധാന കണ്ണിയാണ് ഇയാളെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലില്‍ വ്യക്തമായതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.കൊച്ചിയില്‍ നിന്നാണ് ഇയാള്‍ക്ക് മയക്കുമരുന്ന്കൈ മാറിയിരിക്കുന്നതെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. മയക്കു മരുന്നു കടത്താനുള്ള ശ്രമം ലഹരി മാഫിയ ശക്തമാക്കിയതോടെ ഇത് തടയുന്നതിനായുള്ള പരിശോധനയും കസ്റ്റംസ് അടക്കമുള്ള അധികൃതര്‍ ശക്തമാക്കി.

Next Story

RELATED STORIES

Share it