Kerala

അമേരിക്കന്‍ കമ്പനി ഇടപാടില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം അനിവാര്യം: ഉമ്മന്‍ ചാണ്ടി

യുപിഎ സര്‍ക്കാര്‍ ആധാര്‍ കൊണ്ടുവന്നപ്പോള്‍ വ്യക്തിയുടെ സ്വകാര്യ വിവരം ചോരുമെന്ന് ആക്ഷേപിച്ച് വലിയ പ്രക്ഷോഭം ഉണ്ടാക്കിയവരാണ് ഇപ്പോള്‍ അമേരിക്കന്‍ കമ്പനിക്ക് അങ്ങോട്ടു കൊണ്ടുപോയി വിവരങ്ങള്‍ നൽകുന്നതെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

അമേരിക്കന്‍ കമ്പനി ഇടപാടില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം അനിവാര്യം: ഉമ്മന്‍ ചാണ്ടി
X

തിരുവനന്തപുരം: അമേരിക്കയില്‍ വന്‍വിവാദത്തിലായ കമ്പനിയുമായി അടുത്ത ബന്ധമുള്ള മലയാളിയുടെ അമേരിക്കന്‍ പബ്ലിക് റിലേഷന്‍സ് കമ്പനിക്ക് കോവിഡിന്റെ മറവില്‍ ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ കൈമാറിയ സംഭവത്തില്‍ മുഖ്യന്ത്രി വിശദീകരണം നൽകണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

ഇതു സംബന്ധിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച വിഷയങ്ങള്‍ അതീവ ഗൗരവമുള്ളതാണ്. അവയ്ക്ക് മറുപടി വൈകുന്തോറും ജനങ്ങളുടെ ആശങ്ക വ്യാപിക്കും. കോവിഡ് 19നോട് അനുബന്ധിച്ചു നടക്കുന്ന എല്ലാ ആരോഗ്യ, പ്രതിരോധ പ്രവര്‍ത്തനങ്ങളും സുതാര്യവും വസ്തുനിഷ്ഠവും ആയിരിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. കോവിഡിനെതിരേയുള്ള പോരാട്ടത്തില്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി നില്കുമ്പോള്‍ ആശങ്ക സൃഷ്ടിക്കുന്ന ഒരു രീതിയിലുമുള്ള പ്രവര്‍ത്തനം പാടില്ലെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

അമേരിക്കന്‍ കമ്പനിയയായ സ്പ്രിന്‍ക്ലറുടെ വെബ്‌പോര്‍ട്ടലിലേക്ക് കോവിഡ് 19മായി ബന്ധപ്പെട്ട് സമാഹരിച്ച വിശദാംശങ്ങളാണ് നൽകിയത്. അതീവ സൂക്ഷ്മതയോടെ സംരക്ഷിക്കേണ്ട ആരോഗ്യവിവരങ്ങളാണ് ഇപ്രകാരം നല്കിയിരിക്കുന്നത്. വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ മൗലികാവകാശമാണെന്ന് പുട്ടുസ്വാമി കേസില്‍ സുപ്രീംകോടതിയുടെ വിധി നിലനില്ക്കുന്നു.

അമേരിക്കന്‍ സമ്രാജ്യത്വത്തിനെതിരേ ഘോരഘോരം പ്രസംഗിക്കുകയും പ്രചാരണം അഴിച്ചുവിടുകയും ചെയ്ത ചരിത്രമാണ് സിപിഎമ്മിനുള്ളത്. വേള്‍ഡ് ബാങ്ക്, ഐഎംഎഫ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കെതിരേ നടത്തിയ പ്രചാരണവും കേരളം മറന്നിട്ടില്ല. അവിടെ നിന്ന് ഒരു വായ്പ എടുക്കാന്‍ പോലും സിപിഎം എതിരു നിൽക്കുകയാണു ചെയ്തിട്ടുള്ളത്. യുപിഎ സര്‍ക്കാര്‍ ആധാര്‍ കൊണ്ടുവന്നപ്പോള്‍ വ്യക്തിയുടെ സ്വകാര്യ വിവരം ചോരുമെന്ന് ആക്ഷേപിച്ച് വലിയ പ്രക്ഷോഭം ഉണ്ടാക്കിയവരാണ് ഇപ്പോള്‍ അമേരിക്കന്‍ കമ്പനിക്ക് അങ്ങോട്ടു കൊണ്ടുപോയി വിവരങ്ങള്‍ നൽകുന്നതെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it