Kerala

ലോകായുക്ത നിയമ ഭേദഗതി: ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ; കത്തു നല്‍കിയെന്ന് പ്രതിപക്ഷ നേതാവ്

സംസ്ഥാനത്ത് നിലവിലിരിക്കുന്ന എല്ലാ അഴിമതി നിരോധന സംവിധാനങ്ങളെയും കാറ്റില്‍പ്പറത്തിക്കൊണ്ടാണ് സര്‍ക്കാര്‍ രഹസ്യമായി ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് മന്ത്രിസഭാ പാസാക്കി അനുമതിക്കായി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്നത്

ലോകായുക്ത നിയമ ഭേദഗതി: ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ; കത്തു നല്‍കിയെന്ന് പ്രതിപക്ഷ നേതാവ്
X

കൊച്ചി:ലോകായുക്തയുടെ അധികാരം കവരുന്ന വിധത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന ഓര്‍ഡിനന്‍സിന് ഗവര്‍ണ്ണര്‍ അനുമതി നല്‍കരുതെന്നും ഇക്കാര്യം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയതായും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്ത് നിലവിലിരിക്കുന്ന എല്ലാ അഴിമതി നിരോധന സംവിധാനങ്ങളെയും കാറ്റില്‍പ്പറത്തിക്കൊണ്ടാണ് സര്‍ക്കാര്‍ രഹസ്യമായി ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് മന്ത്രിസഭാ പാസാക്കി അനുമതിക്കായി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്നത്.

നിലവില്‍ അഴിമതി നിരോധന നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തി രാഷ്ട്രീയ നേതാവിനോ മന്ത്രിയ്‌ക്കോ ഉദ്യോഗസ്ഥനോ എതിരായി അഴിമതി നിരോധന നിയമമനുസരിച്ച് കേസെടുക്കണമെങ്കില്‍ മുന്‍കൂര്‍ അനുമതി വേണമെന്ന സാഹചര്യം വന്നതോടുകൂടി അഴിമതി നിരോധന നിയമത്തിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടു.ഈ സാഹചര്യത്തില്‍ ഏക ആശ്രയമായിരുന്നത് ലോകായുക്തയായിരുന്നു.ലോകായുക്ത കൊടുക്കുന്ന ശുപാര്‍ശകളോ നിര്‍ദ്ദേശങ്ങളോ നിലവിലെ നിയമനുസരിച്ച് പൂര്‍ണ്ണമായും അനുസരിക്കാന്‍ സര്‍ക്കാരിനും ബന്ധപ്പെട്ടവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

എന്നാല്‍ അതില്‍ വെള്ളം ചേര്‍ത്ത് ഇനിമുതല്‍ ലോകായുക്തയുടെ തീരുമാനമങ്ങളും അവരുടെ ശുപാര്‍ശകളും ഗവര്‍ണര്‍ക്കോ മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ ഹിയറിംഗ് നടത്തി വേണമെങ്കില്‍ സ്വീകരിക്കാം അല്ലെങ്കില്‍ നിരസിക്കാം എന്ന പുതിയ വകുപ്പു കൂടി ലോകായുക്ത നിയമത്തിന്റെ 14ാം വകുപ്പ് ഭേദഗതി ചെയ്ത് പുതിയ സംവധാനം ഉണ്ടാക്കിയിരിക്കുകയാണ്.ഇതോടു കൂടി മന്ത്രിമാര്‍ക്കെതിരെ ആരോപണം വന്ന് ലോകായുക്തയില്‍ പോയാല്‍ ലോകായുക്തയുടെ തീരുമാനം തിരിച്ച് മുഖ്യമന്ത്രിയുടെ കൈയ്യില്‍ വന്നാല്‍ മുഖ്യമന്ത്രിക്ക് ഹിയറിംഗ് നടത്തി മന്ത്രിമാര്‍ക്കെതിരായ നടപടി വേണ്ടെന്ന് തീരുമാനിക്കാം.ഉദ്യോഗസ്ഥര്‍ക്കെതിരെ ലോകായുക്തയുടെ തീരുമാനം വന്നാല്‍ സര്‍ക്കാരിന് തന്നെ ഹിയറിംഗ് നടത്തി ലോകായുക്തയുടെ ശുപാര്‍ശ സ്വീകരിക്കേണ്ടെന്ന് തീരുമാനിക്കാം.ഇതോടുകൂടി ലോകായുക്തയുടെ പ്രസക്തി ഇല്ലാതാകും.

ലോകായുക്തയായി തിരഞ്ഞെടുക്കപ്പെടുന്നയാള്‍ ഒന്നുകില്‍ ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസായിരുന്ന ആളായിരിക്കണം അല്ലെങ്കില്‍ സുപ്രിം കോടതി ജഡ്ജി ആയിരുന്നിരിക്കണം എന്നായിരുന്നു.ലോകായുക്തയക്ക് പ്രാധാന്യം നല്‍കുന്നതിനായിരുന്നു ഇത്തരത്തില്‍ തീരുമാനിച്ചിരുന്നത് എന്നാല്‍ ഇപ്പോള്‍ ഇത് മാറ്റി ഒരു ജഡ്ജിയായിരിക്കണം എന്നുമാത്രമാക്കി ഭേദഗതി വരുത്തിയിരിക്കുകയാണ്.ഇത്തരത്തില്‍ ഭേദഗതി വരുത്താന്‍ കാരണം നിലവില്‍ രണ്ടു കേസുകള്‍ ലോകായുക്തയില്‍ നല്‍കിയിട്ടുണ്ട്.

ഇതില്‍ ഒന്ന് രമേശ് ചെന്നിത്തല ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ നല്‍കിയിരിക്കുന്നതും മറ്റൊന്ന് മുഖ്യമന്ത്രിക്കെതിരെ നല്‍കിയിരിക്കുന്ന കേസുമാണ്.ഇതു കൂടാതെ വരും ദിവസം മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷനിലെ കൊള്ളയെക്കുറിച്ച് കേസ് നല്‍കുന്നുണ്ട്.ഇതിന്റെ ഡ്രാഫ്റ്റ് പൂര്‍ത്തിയായിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.കെ റെയില്‍ വരാന്‍ പോകുന്നു. അഴിമതി കേസുകളുടെ പ്രളയം തന്നെ ഉടന്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇതെല്ലാം മുന്‍കൂട്ടി കണ്ട്.സര്‍ക്കാരിനെതിരെ ഒരു കേസും ലോകായുക്തയില്‍ കൊടുത്താല്‍ അതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകാത്ത രീതിയില്‍ ലോകായുക്തയെ ദുര്‍ബ്ബലപ്പെടുത്തിയിരിക്കുകയാണെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

സിപിഎമ്മിന്റെ കേന്ദ്രനയത്തിന് വിരുദ്ധമായിട്ടുള്ളതാണ് ഇപ്പോഴത്തെ ഓര്‍ഡിനന്‍സെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.അഖിലേന്ത്യ തലത്തില്‍ ഒരു നയവും പ്രാദേശിക തലത്തില്‍ മറ്റൊരു നയവും എന്നതാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ നിലപാട്.സിപിഎം കേന്ദ്ര നിലപാടിന് വിരുദ്ധമായ നടപടികളുമായിട്ടാണ് സംസ്ഥാനത്തെ സിപിഎം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.ലോകായുക്തയെ തീരുമാനിക്കുന്ന കമ്മിറ്റിയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സ്പീക്കറുമുണ്ട്.

ലോകായുക്തയില്‍ ഇത്രയും വലിയ ഭേദഗതി വരുത്തിയിട്ടും പ്രതിപക്ഷത്തെയോ പ്രതിപക്ഷ നേതാവിനെയോ അറിയിക്കാതെ രഹസ്യമായിട്ടാണ് ഓര്‍ഡിനന്‍സ് ഇറക്കിയിരിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.നിയമസഭാ സമ്മേളനം അടുത്ത മാസം പകുതിയോടെ ചേരാനിരിക്കെ ഇപ്പോള്‍ ധൃതി പിടിച്ച് ഓര്‍ഡിനന്‍സ് പാസാക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും കേസുകളില്‍ നിന്നും സര്‍ക്കാരിനെ രക്ഷപെടുത്താനുള്ള ശ്രമമാണ് ഇതിനു പിന്നലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.ഗവര്‍ണര്‍ ഒരു കാരണവശാലും ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കരുതെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it