Kerala

ഓര്‍ത്തോഡോക്‌സ് വിഭാഗത്തിന് മുന്നറിയിപ്പുമായി യാക്കോബായ സഭ ;ബലപ്രയോഗത്തിലൂടെ ദൈവാലയങ്ങളും സെമിത്തേരികളും കൈയ്യേറാനുള്ള ശ്രമം അംഗീകരിക്കില്ല

ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ശ്രമത്തെ നിയമപരമായി തന്നെ നേരിടും ഇതിന്റെ ഭാഗമായി സുപ്രീം കോടതിയില്‍ ആര്‍ട്ടിക്കിള്‍ 32 പെറ്റീഷന്‍ നല്‍കിയിട്ടുണ്ടെന്നും അത് കോടതിയുടെ പരിഗണനയിലാണെന്നും നേതൃത്വം വ്യക്തമാക്കി.രണ്ടായിരത്തോളം വര്‍ഷം പഴക്കമുള്ള സഭയെ ചില സംവിധാനങ്ങളുടെ സഹായത്താല്‍ അന്യായമായി ഇന്ത്യയില്‍ നിന്ന് തുടച്ചു നീക്കുവാനുള്ള ഗൂഡ തന്ത്രങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു

ഓര്‍ത്തോഡോക്‌സ് വിഭാഗത്തിന് മുന്നറിയിപ്പുമായി യാക്കോബായ സഭ ;ബലപ്രയോഗത്തിലൂടെ ദൈവാലയങ്ങളും സെമിത്തേരികളും കൈയ്യേറാനുള്ള ശ്രമം അംഗീകരിക്കില്ല
X

കൊച്ചി: എത്ര വലിയ പ്രതിസന്ധിയെ നേരിട്ടാലും ബലപ്രയോഗത്തിലൂടെയും സ്വാധീനത്തിലൂടെയും തങ്ങളുടെ ദൈവാലയങ്ങളും സെമിത്തേരികളും കൈയ്യേറുവാനുള്ള ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ നീക്കം അംഗീകരിക്കില്ലെന്ന് യാക്കോബായ സഭാ നേതൃത്വം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ശ്രമത്തെ നിയമപരമായി തന്നെ നേരിടും ഇതിന്റെ ഭാഗമായി സുപ്രീം കോടതിയില്‍ ആര്‍ട്ടിക്കിള്‍ 32 പെറ്റീഷന്‍ നല്‍കിയിട്ടുണ്ടെന്നും അത് കോടതിയുടെ പരിഗണനയിലാണെന്നും നേതൃത്വം വ്യക്തമാക്കി.രണ്ടായിരത്തോളം വര്‍ഷം പഴക്കമുള്ള സഭയെ ചില സംവിധാനങ്ങളുടെ സഹായത്താല്‍ അന്യായമായി ഇന്ത്യയില്‍ നിന്ന് തുടച്ചു നീക്കുവാനുള്ള ഗൂഡ തന്ത്രങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.2017 ജൂലായ് മൂന്നി ലെ വിധിയ്ക്ക് ശേഷം യാക്കോബായ സഭയുടെ ചില പള്ളികള്‍ ഓര്‍ത്തഡോക്സ് വിഭാഗം കയ്യടക്കിയിട്ടും,ഒരു വിശ്വാസിയെ പോലും പിടിച്ചെടുക്കുവാന്‍ കഴിയാതെ വന്നപ്പോള്‍ സെമിത്തേരിയില്‍ മൃതദേഹത്തിനു വിലപേശി വിശ്വാസികളെ പീഡിപ്പിച്ച് തങ്ങള്‍ക്കൊപ്പം ചേര്‍ക്കാനുള്ള നീച പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നു വരുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല.

സമാധാനപരമായ പ്രശ്നപരിഹാരത്തിന് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളോടു സഹകരിക്കുകയാണ് ഓര്‍ത്തഡോക്സ് വിഭാഗം ചെയ്യേണ്ടത്. എന്നാല്‍ ഇതിനോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന സമീപനമാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും യാക്കോബായ നേതൃത്വം വ്യക്തമാക്കി.പൗരാണീക സഭയായ യാക്കോബായ സഭയില്‍ നിന്ന് 1912-ല്‍ അന്ത്യോഖ്യാ സിംഹാസനത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരു പാത്രിയര്‍ക്കീസില്‍ നിന്നും അനധികൃതമായി കൈവെപ്പുവാങ്ങിയ ഒരു മെത്രാപ്പോലീത്ത ഓര്‍ത്തഡോക്സ് എന്ന വിഘടിത വിഭാഗത്തെ ഉണ്ടാക്കി മാതൃസഭയായ യാക്കോബായ സുറിയാനി സഭയില്‍ നിന്നും പിരിഞ്ഞു പോയി. പത്രോസിന്റെ ശ്ലൈഹീക സിംഹാസനം ഉപേക്ഷിച്ച് മാര്‍തോമായുടെ പേരില്‍ സിംഹാസനമുണ്ടാക്കി ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ എന്ന പേരില്‍ ഒരു പ്രത്യേക വിഭാഗത്തിന് രൂപം കൊടുത്ത് മാതൃസഭയിലെ ഇടവക അംഗങ്ങളെ അവരുടെ പള്ളികളില്‍ നിന്നും സെമിത്തേരികളില്‍ നിന്നും ബലവും സ്വാധീനവും ഉപയോഗിച്ച് പുറത്താക്കുവാന്‍ ശ്രമിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കുവാന്‍ കഴിയുകയില്ല. കേവലം സ്വത്ത് തര്‍ക്കത്തിനപ്പുറം വിശ്വാസപരമായ കാര്യങ്ങളും മാനുഷീകതയുടെ ലംഘനങ്ങളും ഉള്ളതുകൊണ്ടാണ് പ്രശ്നങ്ങള്‍ രൂപം എടുത്ത് 107 വര്‍ഷങ്ങള്‍ക്കുശേഷവും അനവധി കോടതി വിധിയ്ക്ക് ശേഷവും പരിഹരിക്കപ്പെടാതെ തുടരുന്നത്.

കോടതി വിധികളിലൂടെ മാത്രം ഇവ ഇനിയും പരിഹരിക്കപ്പെടാന്‍ കഴിയുകയില്ല എന്ന് മുമ്പ് കേസുകള്‍ കേട്ട സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ പ്രസ്താവനകള്‍ ഓര്‍ക്കണം.ഇന്ത്യയിലെ ഇതര സഭാ മേധാവികളും, കോപ്റ്റിക് സഭയുടെ പിതാക്കന്മാരും പാത്രിയര്‍ക്കീസ് ബാവായും, ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരും നടത്തിയിട്ടുള്ള മധ്യസ്ഥ ശ്രമങ്ങളോട് പിന്‍തിരിഞ്ഞ് നില്‍ക്കുന്ന ഓര്‍ത്തഡോക്സ് വിഭാഗം അനുരജ്ഞന ചര്‍ച്ചകളിലൂടെ പ്രശ്ന പരിഹാരത്തിന് തയ്യാറാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഡോ. കുര്യാക്കോസ് മോര്‍ തിയോഫിലോസ് ( മുളന്തുരത്തി സെമിനാരി റെസിഡന്റ് മെത്രാപ്പോലീത്താ, മീഡിയ സെല്‍ ചെയര്‍മാന്‍),ഡോ. അബ്രാഹം മോര്‍ സേവേറിയോസ് ( മെത്രാപ്പോലീത്താ കമ്മറ്റി കണ്‍വീനര്‍, ബിഷപ്പ് ഓഫ് അങ്കമാലി റീജ്യണ്‍), ജോസഫ് മോര്‍ ഗ്രിഗോറിയോസ് (ബിഷപ്പ് ഓഫ് കൊച്ചിന്‍ ഡയോസിസ്, മെത്രാപ്പോലീത്താ കമ്മറ്റി അംഗം), ഡോ. തോമസ് മോര്‍ തിമോത്തിയോസ് (സിനഡ് സെക്രട്ടറി ഓഫ് യാക്കോബായ ചര്‍ച്ച്, ബിഷപ്പ് ഓഫ് കോട്ടയം ഡയോസിസ്),ഷെവലിയാര്‍ കെ ഒ ഏലിയാസ് ( സഭാ വര്‍ക്കിംഗ് കമ്മറ്റി മെമ്പര്‍, ലീഗല്‍ സെല്‍ മെമ്പര്‍),കമാന്‍ഡര്‍ സി കെ ഷാജി ചുണ്ടയില്‍ (അല്‍മായ ട്രസ്റ്റി),സ്ലീബാ പോള്‍ വട്ടവേലില്‍ കോര്‍എപ്പിസ്‌കോപ്പ (വൈദിക ട്രസ്റ്റി) വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it