Kerala

കോട്ടയത്ത് പി സി തോമസ് എന്‍ഡിഎ സ്ഥാനാര്‍ഥിയാവും

സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ എന്‍ഡിഎ അന്തിമതീരുമാനമെടുത്തിട്ടില്ലെങ്കിലും കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കുന്നതിനോട് അനുകൂല നിലപാടാണ് നേതൃത്വത്തിനുള്ളത്. കോട്ടയത്ത് പി സി തോമസ് മല്‍സരിക്കണമെന്ന ആവശ്യം എന്‍ഡിഎ നേതാക്കള്‍തന്നെ അനൗദ്യോഗികമായി ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.

കോട്ടയത്ത് പി സി തോമസ് എന്‍ഡിഎ സ്ഥാനാര്‍ഥിയാവും
X

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനത്ത പോരാട്ടത്തിന് വേദിയാവുന്ന കോട്ടയത്ത് എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി സി തോമസ് മല്‍സരിക്കും. സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ എന്‍ഡിഎ അന്തിമതീരുമാനമെടുത്തിട്ടില്ലെങ്കിലും കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കുന്നതിനോട് അനുകൂല നിലപാടാണ് നേതൃത്വത്തിനുള്ളത്. കോട്ടയത്ത് പി സി തോമസ് മല്‍സരിക്കണമെന്ന ആവശ്യം എന്‍ഡിഎ നേതാക്കള്‍തന്നെ അനൗദ്യോഗികമായി ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോട്ടയം സീറ്റില്‍ പി സി തോമസിനെ മല്‍സരിപ്പിക്കാന്‍ ഇന്ന് കോട്ടയത്ത് ചേര്‍ന്ന കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.

അതേസമയം, പി സി തോമസിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരേ പ്രാദേശിക ബിജെപി നേതൃത്വം കടുത്ത എതിര്‍പ്പ് ഉന്നയിച്ചത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. നാല് സീറ്റെന്ന ആവശ്യം എന്‍ഡിഎയില്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും കോട്ടയം സീറ്റിന്റെ കാര്യത്തില്‍ മാത്രമാണ് ചില ധാരണകളുണ്ടായിട്ടുള്ളത്. കോട്ടയത്തിനൊപ്പം ചാലക്കുടി, ഇടുക്കി, വയനാട് അടക്കമുള്ള സീറ്റുകള്‍കൂടിയാണ് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത എന്‍ഡിഎ യോഗത്തില്‍ മറ്റ് സീറ്റുകളുടെ കാര്യം ശക്തമായി ഉന്നയിക്കാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. എന്‍ഡിഎ നേതാക്കള്‍ അനൗദ്യോഗികമായി അനുമതി നല്‍കിയ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. കോട്ടയം മണ്ഡലത്തിലെ രാഷ്ട്രീയസാഹചര്യങ്ങളാണ് തോമസിന് അനുകൂലമായി എന്‍ഡിഎ നേതൃത്വം കാണുന്നത്. ക്രൈസ്തവരുടേതടക്കമുള്ള മതസാമുദായിക സംഘടനകളുടെ വോട്ടുകള്‍ നേടാന്‍ തോമസിന് കഴിയുമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍. അതുകൊണ്ടുതന്നെ കോട്ടയത്ത് മറ്റൊരു സ്ഥാനാര്‍ഥിയെ പരിഗണിക്കേണ്ടതില്ലെന്നാണ് എന്‍ഡിഎയിലെ പൊതുവികാരം.

2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുവാറ്റുപുഴയില്‍നിന്നും മല്‍സരിച്ച് ജയിച്ച പി സി തോമസിന് ഇപ്പോഴും കോരളാ കോണ്‍ഗ്രസിലെ ചില കേന്ദ്രങ്ങളുമായി അടുത്ത ബന്ധമുണ്ട്. ഇതുപയോഗപ്പെടുത്തി മാണിക്കെതിരായ വികാരം ആളിക്കത്തിച്ച് വോട്ടുപിടിക്കുകയെന്നതാണ് പി സി തോമസിന്റെ തന്ത്രം. അന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കേരളത്തില്‍നിന്നുള്ള ഏക അംഗവും പി സി തോമസായിരുന്നു. കോട്ടയത്ത് കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന ഭിന്നത മുതലെടുക്കാനാണ് പി സി തോമസിന്റെ ശ്രമം. മാണിയും ജോസഫും പരസ്പരം പോരടിച്ച് വോട്ടുകള്‍ ഭിന്നിപ്പിച്ചാല്‍ അത് തനിക്ക് ഗുണകരമാവുമെന്നാണ് പി സി തോമസ് കണക്കുകൂട്ടുന്നത്. സിറ്റിങ് എംപിയായിരുന്ന ജോസ് കെ മാണി രാജ്യസഭയിലേക്ക് കളം മാറ്റിയതോടെ മറ്റൊരു സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ തുടരുകയാണ്.

Next Story

RELATED STORIES

Share it