Kerala

ചീങ്കണ്ണിപ്പാറയിലെ തടയണ പൊളിക്കണമെന്ന് ഹൈക്കോടതി

പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാറയിലെ തടയണ പൊളിക്കണമെന്നുള്ള മലപ്പുറം ജില്ലാ കലക്ടറുടെ ഉത്തരവ് നടപ്പാക്കണമെന്ന് ഹൈക്കോടതി. കലക്ടറുടെ ഉത്തരവ് റദ്ദാക്കണമെന്ന എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ഹരജി ഹൈക്കോടതി തള്ളി. ദുരന്തനിവാരണ നിയമപ്രകാരം തടയണപൊളിക്കാന്‍ മുന്‍ മലപ്പുറം കലക്ടര്‍ അമിത് മീണ 2017 ഡിസംബര്‍ എട്ടിന് ഇറക്കിയ ഉത്തരവ് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു

ചീങ്കണ്ണിപ്പാറയിലെ തടയണ പൊളിക്കണമെന്ന് ഹൈക്കോടതി
X

കൊച്ചി: പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാറയിലെ തടയണ പൊളിക്കണമെന്നുള്ള മലപ്പുറം ജില്ലാ കലക്ടറുടെ ഉത്തരവ് നടപ്പാക്കണമെന്ന് ഹൈക്കോടതി. തന്റെ ഭാഗം കേള്‍ക്കാതെയുള്ള കലക്ടറുടെ ഉത്തരവ് റദ്ദാക്കണമെന്ന എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ഹരജി ഹൈക്കോടതി തള്ളി. ദുരന്തനിവാരണ നിയമപ്രകാരം തടയണപൊളിക്കാന്‍ മുന്‍ മലപ്പുറം കലക്ടര്‍ അമിത് മീണ 2017 ഡിസംബര്‍ എട്ടിന് ഇറക്കിയ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു.

മലയിടിച്ചാണ് ആദിവാസികള്‍ക്ക് കുടിവെള്ളമാകേണ്ട വനത്തിലേക്കൊഴുകുന്ന കാട്ടരുവി തടഞ്ഞ് തടയണകെട്ടിയത്. 2016ല്‍ തടയണയില്‍ ബോട്ട് സര്‍വീസ് നടത്താനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വാട്ടര്‍തീം പാര്‍ക്കില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയാണ് തടയണ. വേനല്‍ക്കാലത്ത് വാട്ടര്‍തീം പാര്‍ക്കിലേക്ക് വെള്ളമെത്തിച്ചതും തടയണയില്‍ നിന്നായിരുന്നു. തടയണപൊളിക്കാനുള്ള കലക്ടറുടെ ഉത്തരവ് നടപ്പാക്കുന്നില്ലെന്നു കാണിച്ച് നിലമ്പൂര്‍ സ്വദേശി വിനോദ് മലപ്പുറം കലക്ടര്‍ക്ക് 2017 മാര്‍ച്ച് 14ന് പരാതി നല്‍കി. തടയണയല്ല കുളമാണെന്നായിരുന്നു എതിര്‍കക്ഷികളുടെ വാദം.

എന്നാല്‍ ഉപഗ്രഹചിത്രങ്ങള്‍ പരിശോധിച്ചതോടെ കാട്ടരുവിയില്‍ തടയണകെട്ടിയതാണെന്ന് തെളിഞ്ഞു.യാതൊരു അനുമതിയും ശാസ്ത്രീയ അടിത്തറയുമില്ലാതെ പ്രകൃതിദത്ത അരുവിതടഞ്ഞു നിര്‍ത്തി കേരള ഇറിഗേഷന്‍ ആന്റ് വാട്ടര്‍ കണ്‍സര്‍വേഷന്‍ ആക്ട് 2003 ,മൈന്‍സ് ആന്റ് മിനറല്‍ (ഡെവലപ്‌മെന്റ് ആന്റ് റെഗുലേഷന്‍) ആക്ട് 1957 എന്നിവ ലംഘിച്ചാണ് തടയണനിര്‍മ്മിച്ചതെന്നു കണ്ടെത്തിയാണ് ദുരന്തനിവാരണ നിയമപ്രകാരം 14 ദിവസത്തിനകം തടയണപൊളിച്ചുനീക്കാന്‍ കലക്ടര്‍ 2017 ഡിസംബര്‍ എട്ടിന് ഉത്തരവിട്ടത്.

തന്റെ ഭാഗം കേള്‍ക്കാതെയാണ് കലക്ടറുടെ ഉത്തരവെന്നു കാണിച്ച് സമര്‍പ്പിച്ച ഹരജിയില്‍ സിംഗിള്‍ ബെഞ്ച് തടയണ പൊളിക്കുന്നത് താല്‍ക്കാലികമായി സ്റ്റേ ചെയ്തിരുന്നു. കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയില്‍ സ്വകാര്യ വ്യക്തി കെട്ടിയ തടയണ തകര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ 14 പേര്‍ മരണപ്പെട്ട സംഭവം ചൂണ്ടികാട്ടി് ജനങ്ങളുടെ ജിവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ തടയണ പൊളിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ച് കേസില്‍ കക്ഷിചേര്‍ന്നു. ഹൈക്കോടതിയില്‍ രണ്ടര വര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് തടയണ പൊളിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹരജി തള്ളുന്നത്.

Next Story

RELATED STORIES

Share it