Kerala

നെല്ല് സംഭരണം: പ്രശ്‌നങ്ങള്‍ പരിഹരിച്ചു ; മില്ലുടമകളുമായി ധാരണയിലെത്തിയെന്ന് മന്ത്രി ജി ആര്‍ അനില്‍കുമാര്‍

മില്ലുടമകളുടെ എല്ലാ പ്രശ്‌നങ്ങളും സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി.നെല്ല് സംസ്‌കരണ, സംഭരണ കൂലിയിനത്തില്‍ ഈ വര്‍ഷം ജൂലൈ ഓഗസ്റ്റ് മാസങ്ങളില്‍ നല്‍കാനുള്ള തുക തൊട്ടടുത്ത പ്രവൃത്തി ദിവസം നല്‍കും. 2018 ലെ പ്രളയത്തിന്റെ സമയത്തെ തടഞ്ഞുവെച്ചിരുന്ന പ്രോസസിംഗ് ചാര്‍ജില്‍ 4.96 കോടി രൂപ ഒരാഴ്ചയ്ക്കകം നല്‍കും

നെല്ല് സംഭരണം: പ്രശ്‌നങ്ങള്‍ പരിഹരിച്ചു ; മില്ലുടമകളുമായി ധാരണയിലെത്തിയെന്ന് മന്ത്രി ജി ആര്‍ അനില്‍കുമാര്‍
X

കൊച്ചി: സപ്ലൈകോയുടെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ക്ക് സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ റൈസ് മില്‍ ഉടമകളുമായി നടത്തിയ ചര്‍ച്ചയില്‍ പരിഹാരം. അടുത്ത സീസണില്‍ നെല്ല് സംഭരണം സുഗമമായി നടത്തുന്നതിനും ധാരണയായി. കടവന്ത്ര ഗാന്ധി നഗറിലെ സപ്ലൈകോ ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ മില്ലുടമകള്‍ ഉന്നയിച്ച വിവിധ വിഷയങ്ങള്‍ മന്ത്രി പരിഗണിച്ചു. മില്ലുടമകളുടെ എല്ലാ പ്രശ്‌നങ്ങളും സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. അടുത്ത സീസണിലെ നെല്ല് സംഭരണം സുഗമമാക്കുന്നതിനായാണ് മില്ലുടമകളുമായി ചര്‍ച്ച നടത്തിയത്. നെല്ല് സംസ്‌കരണ, സംഭരണ കൂലിയിനത്തില്‍ ഈ വര്‍ഷം ജൂലൈ ഓഗസ്റ്റ് മാസങ്ങളില്‍ നല്‍കാനുള്ള തുക തൊട്ടടുത്ത പ്രവൃത്തി ദിവസം നല്‍കും. 2018 ലെ പ്രളയത്തിന്റെ സമയത്തെ തടഞ്ഞുവെച്ചിരുന്ന പ്രോസസിംഗ് ചാര്‍ജില്‍ 4.96 കോടി രൂപ ഒരാഴ്ചയ്ക്കകം നല്‍കും.


2018 ലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് ശേഷവും മില്ലുടമകള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടായതിനാല്‍ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് തീപിടിത്തം, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ സംഭരിച്ച നെല്ലിന് കരാറുകാരനും സപ്ലൈകോയും തുല്യ ഉത്തരവാദികളായിരിക്കണമെന്ന ആവശ്യത്തിന് അംഗീകാരം നല്‍കി.നെല്ല് സംഭരണ കരാറിലെ ക്ലോസ് 4 ഇത്തരത്തില്‍ മാറ്റി നിശ്ചയിക്കും. നിലവില്‍ ഇത് മില്ലുടമകളുടെ മാത്രം ഉത്തരവാദിത്തമാണ്. അടുത്ത കരാര്‍ മുതല്‍ പുതിയ ക്ലോസ് നിലവില്‍ വരും.മില്ലുടമകള്‍ക്ക് അരി നിറയ്ക്കുന്നതിനുള്ള ചാക്ക് സപ്ലൈകോ നല്‍കും.

നെല്ലിന്റെ കയറ്റിറക്ക് കൂലി കര്‍ഷകര്‍ക്ക് ക്വിന്റലിന് 12 രൂപ സപ്ലൈകോ നേരിട്ട് കര്‍ഷകര്‍ക്ക് നല്‍കും. കര്‍ഷകര്‍ക്ക് മില്ലുടമകളില്‍ നിന്ന് ഈ കൂലി നല്‍കുന്നതുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണിത്. കൃഷിക്കാരില്‍ നിന്ന് നെല്ല് എടുക്കുമ്പോള്‍ പാടശേഖര സമിതിയുമായി ബന്ധപ്പെട്ട് സംഭരണം നടത്തണം.മില്ലില്‍ നിന്ന് രണ്ട് തവണ ഗുണനിലവാര പരിശോധന പൂര്‍ത്തിയാക്കിയ ശേഷം മില്ലില്‍ നിന്ന് പുറത്തിറങ്ങുന്ന അരിയുടെ ഗുണനിലവാരത്തില്‍ പിന്നീട് മില്ലുടമകള്‍ക്ക് ഉത്തരവാദിത്തമുണ്ടായിരിക്കില്ല. ഗുണനിലവാരം ഉറപ്പാക്കിയ ശേഷം അരി ഏറ്റെടുക്കേണ്ടത് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസറുടെ ഉത്തരവാദിത്തമാണ്.

കൊവിഡ് സാഹചര്യത്തില്‍ തൊഴിലാളികളുടെ കുറവ് പരിഗണിച്ച് നെല്ല് സംസ്‌കരിച്ച് തിരികെ നല്‍കേണ്ട തീയതി നവംബര്‍ വരെ നീട്ടും. ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. മറ്റു പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി ഉടന്‍ തീരുമാനമുണ്ടാക്കും. ഈ സാഹചര്യത്തില്‍ മറ്റു സമരങ്ങളില്‍ നിന്ന് മില്ലുടമകള്‍ പിന്മാറിയതായും മന്ത്രി അറിയിച്ചു. കേരള റൈസ് മില്ലേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കര്‍ണ്ണന്‍, സെക്രട്ടറി വര്‍ക്കി പീറ്റര്‍, വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍, സപ്ലൈകോ സിഎംഡി പി എം അലി അസ്ഗര്‍ പാഷ, ജനറല്‍ മാനേജര്‍ ടി പി സലിം കുമാര്‍ യോഗത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it