Kerala

പാലത്തായി ബാലികാപീഡനം: വനിതാ എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം അന്വേഷിക്കണം; മുഖ്യമന്ത്രിക്ക് വി എം സുധീരന്റെ കത്ത്

കേസ് അട്ടിമറിക്കുന്നതിന് പോലിസിലെ ഉന്നതര്‍ ഉള്‍പ്പെടെയുള്ളവര്‍ മനപ്പൂര്‍വം നടത്തിയ വീഴ്ചകളെക്കുറിച്ച് ആഭ്യന്തരവകുപ്പ് സെക്രട്ടറിതലത്തിലുള്ള അന്വേഷണം നടത്തി ഉത്തരവാദികളായവരെ ഉചിതമായ ശിക്ഷാനടപടിക്ക് വിധേയരാക്കണമെന്ന് സുധീരന്‍ കത്തില്‍ ആവശ്യപ്പെടുന്നു.

പാലത്തായി ബാലികാപീഡനം: വനിതാ എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം അന്വേഷിക്കണം; മുഖ്യമന്ത്രിക്ക് വി എം സുധീരന്റെ കത്ത്
X

തിരുവനന്തപുരം: പാനൂര്‍ പാലത്തായിയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിനെക്കുറിച്ച് അന്വേഷിക്കുന്നതിന് എഡിജിപി റാങ്കിലുള്ള വനിതാ പോലിസ് ഓഫിസറുടെ മേല്‍നോട്ടത്തില്‍ കാര്യക്ഷമതയുള്ളവരും സത്യസന്ധരുമായ പോലിസ് ഉദ്യോഗസ്ഥരുടെ സ്പെഷ്യല്‍ടീമിനെ നിയോഗിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വി എം സുധീരന്‍ കത്ത് നല്‍കി. ആരോഗ്യ-സാമൂഹ്യനീതി വനിതാ-ശിശുക്ഷേമ മന്ത്രി കെ കെ ശൈലജയ്ക്കും നിയമമന്ത്രി എ കെ ബാലനും അദ്ദേഹം കത്തിന്റെ പകര്‍പ്പ് കൈമാറിയിട്ടുണ്ട്.

കേസന്വേഷണത്തില്‍ വീഴ്ചവരുത്തിയവരും മേല്‍നോട്ടത്തില്‍ പാളിച്ചവരുത്തിയവരുമായ ഉന്നത പോലിസ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ള അന്വേഷണസംഘത്തെ പൂര്‍ണമായി മാറ്റണം. കേസ് അട്ടിമറിക്കുന്നതിന് പോലിസിലെ ഉന്നതര്‍ ഉള്‍പ്പെടെയുള്ളവര്‍ മനപ്പൂര്‍വം നടത്തിയ വീഴ്ചകളെക്കുറിച്ച് ആഭ്യന്തരവകുപ്പ് സെക്രട്ടറിതലത്തിലുള്ള അന്വേഷണം നടത്തി ഉത്തരവാദികളായവരെ ഉചിതമായ ശിക്ഷാനടപടിക്ക് വിധേയരാക്കണമെന്ന് സുധീരന്‍ കത്തില്‍ ആവശ്യപ്പെടുന്നു.

പാനൂര്‍ പാലത്തായിയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ തുടരന്വേഷണം നടത്താന്‍ തലശ്ശേരി അഡീഷനല്‍ ജില്ലാ കോടതി ഉത്തരവിട്ടിരിക്കുകയാണ്. അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍വന്ന അപാകതയുടെ അടിസ്ഥാനത്തിലാണിത്. ഇരയ്ക്കും കുടുംബത്തിനും നീതിനല്‍കിയേ മതിയാവൂ. കുറ്റവാളിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്തുകയും വേണം. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇനിയെങ്കിലും ഉപേക്ഷയുണ്ടാവരുതെന്ന് സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it